Top

ഉണ്ണിയെയും ശ്യാമിനെയും ഒഴിവാക്കി മുങ്ങി; 'അതിബുദ്ധി' വിജയിച്ചില്ല, കൂസലില്ലാതെ ഒട്ടകം രാജേഷ്

പൊലീസുകാരൻ മരിച്ചതോടെ അന്വേഷണസംഘത്തിന് അഭിമാന പ്രശ്നമായി ഒട്ടകം രാജേഷിന്റെ അറസ്റ്റ്. കോടതിയിൽ നേരിട്ട് ഹാജരാകാനായിരുന്നു പദ്ധതി

20 Dec 2021 10:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉണ്ണിയെയും ശ്യാമിനെയും ഒഴിവാക്കി മുങ്ങി; അതിബുദ്ധി വിജയിച്ചില്ല, കൂസലില്ലാതെ ഒട്ടകം രാജേഷ്
X

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യ ആസൂത്രകൻ ഒട്ടകം എന്നറിയപ്പെടുന്ന രാജേഷിനെ കുടുക്കിയത് അതിബുദ്ധിയെന്ന് സൂചന. സുധീഷിനെ കൊലപ്പെടുത്താൻ ഒപ്പമുണ്ടായിരുന്ന ഉണ്ണി, ശ്യാംകുമാർ എന്നിവരെ ഒഴിവാക്കി ഒളിവ് ജീവിതം കൂടുതൽ സുരക്ഷിതമാക്കാൻ ഒട്ടകം രാജേഷ് നടത്തിയ ശ്രമത്തിന് പിന്നാലെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. തമിഴ്നാട്ടിലെ പളനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരികെ വരുമ്പോഴാണ് കൊല്ലം ബസ് സ്റ്റാൻഡിൽ വച്ച് രാജേഷിന് പൊലീസ് പിടികൂടുന്നത്.

ദീർഘനാൾ ഒളിവിൽ കഴിയുക സാധ്യമല്ലെന്ന് മനസിലായതോടെയാണ് രാജേഷ് തന്നെയാണ് കേസിലെ മറ്റു പ്രതികളായ ഉണ്ണി, ശ്യാംകുമാർ എന്നിവരെ പൊലീസ് ഒറ്റിക്കൊടുത്തതെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇരുവരും കീഴടങ്ങിയാൽ കാര്യങ്ങൾ കൂടുതൽ ശാന്തമാകുമെന്നും ഇതിന് ശേഷം പതിയെ കോടതിയിൽ ഹാജരാകാമെന്നും രാജേഷ് കണക്കു കൂട്ടിയിരുന്നു. ഒട്ടകത്തെ കണ്ടെത്താനുള്ള തിരച്ചിലിനിടെ വള്ളം മറിഞ്ഞ് സിവിൽ പൊലീസ് ഓഫിസർ ബാലു മരിച്ചതോടെ അന്വേഷണസംഘം ശ്രമങ്ങൾ ഊർജിതമാക്കി.

ബാലുവിന്റെ മരണ വാർത്ത അറിഞ്ഞതോടെയാണ് രാജേഷ് കോടതിയിൽ നേരിട്ട് കീഴടങ്ങാനുള്ള നീക്കങ്ങൾ തുടങ്ങിയതെന്നാണ് സൂചന. പൊലീസിന്റെ കണ്ണിൽപ്പെടാതെ കോടതിയിൽ കീഴടങ്ങാൻ തമിഴ്നാട്ടിലെ പളനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച രാജേഷ് കൊല്ലത്ത് വെച്ച് പിടിയിലാതെന്നാണ് പൊലീസ് നൽകുന്ന സൂചന.

നിലവിൽ സുധീഷ് കൊലപാതക കേസിൽ പന്ത്രണ്ട് പേരാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അരും കൊലയ്ക്ക് പിന്നിൽ വ്യത്യസ്ത സംഭവങ്ങളിലെ പ്രതികാരമെന്ന് സൂചന. സുധീഷിന്റെ ഭാര്യാ സഹോദരനും കേസിലെ മൂന്നാം പ്രതിയുമായ ശ്യാംകുമാറിനെ അറസ്റ്റ് ചെയ്തതോടെ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ശ്യാംകുമാറും കൊല്ലപ്പെട്ട സുധീഷുമായി കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. അടുത്തിടെ ശ്യാംകുമാറിനെ സുധീഷ് മർദ്ദിക്കുകയും ചെയ്തിരുന്നു.

കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണി എന്ന ആഴൂർ ഉണ്ണിക്കാണ് സുധീഷിനോട് കൂടുതൽ പകയുണ്ടായിരുന്നത്. ഉണ്ണിയുടെ അമ്മയ്ക്ക് നേരെ നാടൻ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഉണ്ണി നേരത്തെ തന്നെ സുധീഷിനെ കൊലപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഒട്ടകം രാജേഷിനൊപ്പം കൊലയാളി സംഘമൊരുക്കുന്നത് സംബന്ധിച്ച നിർണായ പങ്കുവഹിച്ചതും ഉണ്ണി തന്നെയാണ്.

Next Story