Top

അങ്കമാലിയില്‍ ചോദിച്ചാ മതി സ്പിസി ആരാണെന്ന്? അവസാനിച്ചത് പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തില്‍

13 March 2022 12:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അങ്കമാലിയില്‍ ചോദിച്ചാ മതി സ്പിസി ആരാണെന്ന്? അവസാനിച്ചത് പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തില്‍
X

ഹോട്ടല്‍ മുറിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊല്ലാന്‍ ഒരാള്‍ക്ക് സാധിക്കുമോയെന്ന് ഒരുനിമിഷമെങ്കില്‍ ചിന്തിക്കാത്തവരുണ്ടാകില്ല. അതിക്രൂരമായ കൊലപാതകം നോക്കിനില്‍ക്കേണ്ടി വന്നിട്ടും പൊലീസിനോട് മാധ്യമങ്ങളോടും യാതൊരു മടിയുമില്ലാതെ കയര്‍ക്കുന്നവരുടെ മനോഭാവം എന്തായിരിക്കും. പറഞ്ഞുവരുന്നത് അങ്കമാലി സ്വദേശിനിയായ സിപ്‌സി എന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ത്രീയെക്കുറിച്ചാണ്. മകന്റെ ഒന്നര വയസുകാരിയായ മകളെ ബക്കറ്റില്‍ മുക്കികൊല്ലുന്നത് നോക്കിനില്‍ക്കേണ്ടി വന്ന സിപ്‌സി, കൃത്യം നടന്ന 24 മണിക്കൂറിനുള്ളില്‍ സ്വഭാവിക ജീവിതത്തിലേക്ക് മടങ്ങിയെന്ന മനോഭാവത്തിലാണ് ജീവിക്കുന്നത്.

പൊലീസിനോടും മാധ്യമങ്ങളോടും കയര്‍ത്തു സംസാരിക്കുന്നതില്‍ തുടങ്ങി സിപ്‌സിയുടെ മനോഭാവമെല്ലാം സംശയാസ്പദമാണ്. അങ്കമാലി പരിധിയില്‍ സിപ്‌സി ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുകളുടെ വില്‍പ്പന ഉപയോഗം തുടങ്ങി സിപ്‌സിക്കെതിരായ ആരോപണങ്ങള്‍ നിരവധിയാണ്. പരസ്യമായി ഗുണ്ടാ ആക്രമണ മാതൃകയില്‍ അങ്കമാലിയില്‍ വെച്ച് തല്ലു കൂടിയതും ഒരു സ്ത്രീയെ പൊതുമധ്യത്തില്‍ വെച്ച് ശാരീരകമായി കൈകാര്യം ചെയ്തതും ഉള്‍പ്പെടെ സിപ്‌സിക്കും കൂട്ടരം ചെയ്തു കൂട്ടിയ കാര്യങ്ങള്‍ നിരവധിയാണ്.

ഒന്നര വയസുള്ള പിഞ്ചു കുഞ്ഞിനെ സിപ്‌സിയുടെ കാമുകന്‍ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് പുറത്തുവരുന്നതു വരെ സിപ്‌സി കുറ്റക്കാരിയല്ലെന്ന് പറയുകയും സാധ്യമല്ല. നിലവില്‍ കുട്ടിക്ക് സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ സിപ്‌സിയും മകനും അറസ്റ്റിലാണ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ സിപ്‌സി ക്രിമിനല്‍ ജീവിതം തുടരില്ലെന്നും ഉറപ്പിക്കാന്‍ വയ്യ.

അമ്മ കുഞ്ഞിന് വേണ്ടി നിയമപോരാട്ടം നടത്തുന്നതിനിടെ കൊല

കലൂരിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മരണപ്പെട്ട കുഞ്ഞിന്റെയും ഒപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുള്ള കുട്ടിയുടെയും സംരക്ഷണം സംബന്ധിച്ച കേസ് ചൈൽഡ് ആൻഡ് വെൽഫെയർ കമ്മിറ്റിയുടെ പരിഗണനയിലിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കുഞ്ഞിന്റെ മാതാവ് ഡിക്സി മൂന്നു മാസം മുൻപാണു വിദേശത്തേക്ക് പോയത്. ഇതിനിടെ ചൈൽഡ് ലൈൻ വഴി സിഡബ്ല്യുസിക്കു പരാതി ലഭിച്ചതോടെയാണ് കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തർക്കം ഉയരുന്നത്.

അമ്മയുടെ വീട്ടിൽവച്ചു കുട്ടികൾക്ക് പൊള്ളലേറ്റെന്നും അതിനാൽ കുട്ടികളുടെ സംരക്ഷണാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് അച്ഛന്റെ വീട്ടുകാർ രംഗത്തെത്തി. ഇതോടെ കുട്ടികളുടെ സംരക്ഷണം അച്ഛനു ലഭിച്ചു. എന്നാൽ ഇത് സംബന്ധിച്ച് ഇരു വീട്ടുകാരും തമ്മിൽ തർക്കം രൂക്ഷമായതോടെ കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി തന്നെ ഏറ്റെടുക്കാമെന്നും ആലോചനയുണ്ടായി. എന്നാൽ കുഞ്ഞിന്റെ അമ്മയെ ബന്ധപ്പെട്ടപ്പോൾ അവർ ഉടനെ നാട്ടിലെത്തുമെന്നും സംരക്ഷണം സംബന്ധിച്ച തർക്കം പരിഹരിക്കാം എന്നും അറിയിച്ചു. ഇതിനിടെ കുഞ്ഞ് അച്ഛന്റെ വീട്ടുകാരുടെ സംരക്ഷണത്തിൽ ഇരിക്കവെയാണ് കൊല്ലപ്പെട്ടത്.

മകന്റെ കുട്ടികളുമായി പിതാവിന്റെ അമ്മ ദീപ്തി ഷാജി എറണാകുളത്ത് എത്തി. കൊച്ചിയിലെ സുഹൃത്തുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവർ കൊച്ചിയിൽ എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ഈ സുഹൃത്തിന്റെ സുഹൃത്തുമായി തർക്കം ഉണ്ടായെന്നും ഇവർക്കു മർദനം ഏൽക്കുന്ന സാഹചര്യവുമുണ്ടായിയെന്നുമാണ് അറിയുന്നത്.

സംഭവ ദിവസം കുട്ടി മരിക്കുമ്പോൾ മുത്തശ്ശി ഹോട്ടൽ മുറിയിലുണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന ഇവരോട് കുഞ്ഞു പാലു കുടിച്ചപ്പോൾ നെറുകയിൽ പോയി അബോധാവസ്ഥയിലായി എന്നായിരുന്നു സുഹൃത്ത് ജോൺ ബിനോയ് അറിയിച്ചത്. രാത്രി ഒന്നരയോടെ ഹോട്ടലിൽ എത്തിയ ഇവർ ജീവനക്കാരോടു കുഞ്ഞിന് എന്തോ പറ്റി എന്നു പറഞ്ഞാണ് മുറിയിലേയ്ക്ക് പോയത്. തിരികെ തോളിൽ അബോധാവസ്ഥയിലുളള കുഞ്ഞുമായാണ് പുറത്തേക്കിറങ്ങിയത്.

പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോളും ഇതേ കാരണം തന്നെ ആവർത്തിച്ചു. കുഞ്ഞിന്റെ മരണം സ്വാഭാവികമാണ് എന്നായിരുന്നു ആശുപത്രി അധികൃതരും കരുതിയത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ കുഞ്ഞിന്റെ പിതാവാണ് പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടത്. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലാണ് വെള്ളം അകത്തു ചെന്നതാണ് മരണകാരണം എന്നു ബോധ്യപ്പെട്ടത്. ഇതോടെ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

കേസിൽ അറസ്റ്റിലായ ജോൺ ബിനോയ് ഡിക്രൂസ് പള്ളുരുത്തി ഇഎസ്ഐ ആശുപത്രി റോഡിന് സമീപം താമസിക്കുന്ന ആളാണ്. ജോണിനെ ദത്തെടുത്തു വളർത്തുകയായിരുന്നു എന്നാണ് സമീപവാസികൾ നൽകുന്ന വിവരം. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പ്രദേശവാസികൾ പറയുന്നു.

Story highlights: sipsy angamaly criminal background

Next Story