Top

'ചുരുളഴിക്കാൻ പൊലീസ്, മുന്നിലുള്ളത് ഡിജിറ്റൽ തെളിവ് മാത്രം'; ഷൈബിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

17 May 2022 5:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചുരുളഴിക്കാൻ പൊലീസ്, മുന്നിലുള്ളത് ഡിജിറ്റൽ തെളിവ് മാത്രം; ഷൈബിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
X

നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെയും കൂട്ടുപ്രതികളെയും പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം മൃതേദഹം തിരിച്ചെടുക്കാനാവാത്ത വിധം പുഴയിലൊഴുക്കിയതിനാല്‍ ‍ഡിജിറ്റൽ തെളിവുകളെ ആശ്രയിച്ചാണ് അന്വേഷണം മുന്നോട്ടു പോവുന്നത്. ഷൈബിന്റെ കോടികളുടെ സ്വത്തുക്കളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നേരത്തെ ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച പുളിമുട്ടിയുടെ ഭാഗം കണ്ടെത്തി. കൂട്ടുപ്രതി നൗഷാദുമായി മുക്കട്ട പഴയ പോസ്റ്റ് ഓഫീസിനു പിന്നിലുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിൽ നടത്തിയ തെളിവെടുപ്പിനിടെയാണ് ഛേദിച്ച പുളിമുട്ടിയുടെ ഭാഗം കണ്ടത്തിയത്. മീൻ കച്ചവടത്തിനെന്ന വ്യാജേനയാണ് ഇരുവരും മരക്കച്ചവടക്കാരനായ വല്ലപ്പുഴ സ്വദേശി ഉമ്മറിൽനിന്നും പുളിമുട്ടി വാങ്ങിയത്.

തിരൂർ സ്വദേശികളാണെന്നും മഞ്ചേരി പ്രദേശത്ത് ഗുഡ്സ് ഓട്ടോയിൽ മീൻകച്ചവടം തുടങ്ങാൻ പുളിമുട്ടി ആവശ്യമുണ്ടെന്നും ധരിപ്പിച്ചാണ്‌ പ്രതികൾ 1500 രൂപയ്‌ക്ക്‌ ഉമ്മറിൽനിന്ന് പുളിമുട്ടി വാങ്ങുന്നത്. 1.5 അടി വണ്ണവും ഒരുമീറ്റർ ഉയരവുമാണ് പുളിമുട്ടിക്കുള്ളത്. മുക്കട്ട പഴയ പോസ്‌റ്റ്‌ ഓഫീസിനു പിറകിലെ പറമ്പിൽനിന്ന്‌ വിലയ്‌ക്കെടുത്ത പുളിയിൽനിന്ന്‌ ഒരു ഭാഗമാണ്‌ ഉമ്മർ പ്രതികൾക്ക് വിറ്റത്‌. നിലമ്പൂരിലെ മദാരി മില്ലിലും വി കെ സി മില്ലിലും പോയശേഷം പുളിമുട്ടി ലഭിക്കാത്തതാണ് പ്രതികൾ ഉമ്മറിനെ സമീപിക്കാനിടയായത്. മരംമുറിച്ച് വിറ്റ സ്ഥലത്ത് എത്തി അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചു. സ്ഥലമുടമയുടെയും ഉമ്മറിന്റെയും മൊഴിയെടുത്തു.

ഷൈബിന്റെ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്ന മറ്റൊരു നിർണായക നീക്കം. പത്ത് വർഷം മുമ്പ് ഓട്ടോറിക്ഷ ഓടിച്ചു നടന്നിരുന്ന ഷൈബിന് ഇന്ന് 350 കോടിയോളം ആസ്തിയാണുള്ളത്.നിലവിൽ വയനാട് സുൽത്താൻ ബത്തേരിയിൽ 30 കോടി ചെലവിൽ ആഡംബര വീടിന്റെ പണി പൂർത്തിയാകുന്നുണ്ട്. അതിഥി മന്ദിരങ്ങളും, വാച്ച് ടവറും, താമരക്കുളവും ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെ അറേബ്യൻ മാതൃകയിലാണ് വീട് നിർമ്മിക്കുന്നത്. എട്ട് വർഷം മുമ്പാണ് വീടിന്റെ നിർമാണം ഷൈബിൻ ആരംഭിച്ചത്. എന്നാൽ ഇതേ കാലയളവിൽ ഇയാൾ ലഹരി മരുന്ന് കടത്തു കേസിൽ ദുബൈയിൽ ജയിൽവാസം അനുഭവിച്ചിരുന്നു. വൃക്ക രോഗം ബാധിച്ചതോടെ വീട് പണി താൽക്കാലികമായി നിർത്തി വച്ചിരുന്നു.

മുക്കട്ടയിലും രണ്ട് കോടിയുടെ വീടും ഷൈബിൻ വാങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഹെക്ടർ കണക്കിന് ഭൂമിയും നാല് ആഡംബര കാറുകളും ഇയാൾക്കുണ്ട്. അബുദാബിയിൽ അറബിയുമായി സഹകരിച്ച് ഡീസൽ വ്യാപാരവും, ഹൂതി വിമതർക്ക് ഇന്ധനം എത്തിച്ചു നൽകുന്ന പ്രവർത്തനങ്ങളും ഇയാൾ നടത്തിയിരുന്നു.

'സ്റ്റാർ വൺ ഗ്രൂപ്പ്' എന്ന പേരിലാണ് ഷൈബിൻ അഷ്‌റഫിന്റെ വ്യവസായ ശ്യംഖല പ്രവർത്തിക്കുന്നത്. 2014,15 കാലഘട്ടത്തിൽ റഹ്മത്ത് നഗർ, പുത്തൻകുന്ന്, കൽപഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് നിരവധി യുവാക്കളെ ജോലിക്കായി വിദേശത്തേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ നാട്ടിൽ തിരിച്ചെത്തിയ പലരും ഷൈബിന്റെ ക്വട്ടേഷൻ സംഘത്തിൽ പ്രവർത്തിക്കുണ്ടെന്ന് നാട്ടുകാർ പറയുന്നു.

ഷൈബിൻ അഷ്‌റഫ് സ്‌പോൺസർ ചെയ്ത വടംവലി ടീമിനെതിരെ മത്സരിച്ചു ജയിച്ച ടീമിനെ ഈ ക്വട്ടേഷൻ സംഘം ആക്രമിച്ചിരുന്നു. മർദനമേറ്റവരിൽ ഒരു യുവാവ് മരണപ്പെട്ടു. മരിക്കുന്നതിന് മുമ്പ് യുവാവ് ക്വട്ടേഷൻ സംഘത്തിനുമതിരെ ഷൈബിനുമെതിരെ പൊലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ ഈ കേസിൽ അന്വേഷണം അനിശ്ചിതത്വത്തിലാണ്. കൂടുതൽ കൊലപാതകങ്ങൾക്ക് ഷൈബിൻ ആസൂത്രണം ചെയ്തതിന്റെ തെളിവുകളും ഇയാളുടെ ലാപ് ടോപ്പിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. അബുദാബിയിലുള്ള ഹാരീസ് എന്നയാളെയും ഒരു സ്ത്രീയെയുമാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. ഇവയൊക്കെ സമ​ഗ്രമായി അന്വേഷിക്കാനാണ് പൊലീസിന്റെ പദ്ധതി.

STORY HIGHLIGHTS: Shybin Ashraf murder accused will be handed over to police custody

Next Story