കൊച്ചിയിൽ മേക്കപ് ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി
ചക്കരപ്പറമ്പിലെ ബ്രൈഡൽ മേക്കപ് സ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിച്ചതായാണ് യുവതികളുടെ പരാതി
11 March 2022 11:58 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: പ്രശസ്ത മേക്കപ് ആർട്ടിസ്റ്റിനെതിരെ യുവതികൾ നൽകിയ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതികളുടെ പരാതി. എറണാകുളം ചളിക്കവട്ടത്തെ ബ്രൈഡൽ മേക്കപ് സ്റ്റുഡിയോ ഉടമയായ കാക്കനാട് സ്വദേശി അനീസ് അൻസാരെക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കേരളത്തിന് പുറത്ത് താമസിക്കുന്ന മൂന്ന് യുവതികളാണ് സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജുവിന് ഇ-മെയിൽ വഴി പരാതി നൽകിയത്. ഇയാൾക്ക് കേരളത്തിൽ വിവിധയിടങ്ങളിൽ ബ്രൈഡൽ മേക്കപ് സ്റ്റുഡിയോ ശാഖകളുണ്ട്. പ്രമുഖർ ഉൾപ്പെടെയുള്ളവർ ഇയാളുടെ സ്റ്റുഡിയോയിൽ മേക്കപ് ചെയ്യുവാനായി എത്താറുണ്ട്.
ഒരാഴ്ചമുമ്പ് യുവതികൾ ഇയാൾക്കെതിരെ 'മീടു' പോസ്റ്റ് ഇട്ടിരുന്നു. ചക്കരപ്പറമ്പിലെ ബ്രൈഡൽ മേക്കപ് സ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിച്ചതായാണ് യുവതികളുടെ പരാതിയിൽ പറയുന്നത്. 'മീടു' പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടനെ സ്വമേധയാ അന്വേഷണം തുടങ്ങിയെന്ന് സിറ്റി പൊലീസ് കമീഷണർ പറഞ്ഞു. പോസ്റ്റ് വന്ന ദിവസം ഇയാൾ ദുബായിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഇയാളുടെ മൊബൈൽഫോണും സിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു.
Story highlights: Sexual harassment complaint against makeup artist in Kochi