'പീഡനദൃശ്യങ്ങള്‍ മറ്റു നാലുപേരുടെ കൈകളില്‍; പകര്‍പ്പെടുത്ത് ലണ്ടനിലേക്ക് കടത്തി'; ദിലീപിനെതിരേ അതിഗുരുതര ആരോപണം
പീഡന ദൃശ്യങ്ങള്‍ ലണ്ടനിലെ നാലുപേരുടെ പക്കലുണ്ടെന്നും ഫോര്‍ട്ട് കൊച്ചിയിലുള്ള ദിലീപിന്റെ ഒരു സുഹൃത്ത് മുഖേനയാണ് ഈ ദൃശ്യങ്ങള്‍ പകര്‍പ്പെടുത്തു ലണ്ടനിലേക്ക് കടത്തിയതെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.
9 Jan 2022 8:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇരയുടെ സ്വകാര്യത മുന്‍നിര്‍ത്തി അതീവരഹസ്യമായി കോടതി പോലും പരിഗണിച്ച നടിയുടെ വീഡിയോ ദൃശ്യങ്ങള്‍ ദിലീപ് പകര്‍പ്പെടുത്തു കൈമാറിയെന്ന ഗുരുതര ആരോപണവുമായി സംവിധായകന് ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന സംഭവത്തില്‍ താരത്തിനെതിരേ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തീരുമാനിച്ചതിനു പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിയോടെ പ്രതികരിക്കുകയായിരുന്നു ബാലചന്ദ്രകുമാര്‍.
ഇന്നലെ ലണ്ടനില്‍ നിന്ന് ആലുവ സ്വദേശിയായ ഷരീഫ് എന്നയാള്‍ തന്നെ വിളിച്ചുവെന്നും പീഡന ദൃശ്യങ്ങള്‍ ലണ്ടനിലെ നാലുപേരുടെ പക്കലുണ്ടെന്നും ഫോര്‍ട്ട് കൊച്ചിയിലുള്ള ദിലീപിന്റെ ഒരു സുഹൃത്ത് മുഖേനയാണ് ഈ ദൃശ്യങ്ങള്‍ പകര്‍പ്പെടുത്തു ലണ്ടനിലേക്ക് കടത്തിയതെന്നും അയാള്‍ പറഞ്ഞതായും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.
ഈ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പകര്‍പ്പെടുത്തു വിദേശത്തേക്ക് അയച്ചതിനേക്കുറിച്ച് ദിലീപിന് വ്യക്തമായ വിവരമുണ്ടെന്നും അയാള്‍ അവകാശപ്പെട്ടതായി ബാലചന്ദ്രകുമാര്‍ പറഞ്ഞു. തനിക്കു ലഭിച്ച ഈ ഫോണ്‍ കോളിനെക്കുറിച്ച് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ലഭിച്ച കോളിന്റെ വിശദാംശങ്ങളും ശബ്ദ സാമ്പിളികളും കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസ് അട്ടിമറിക്കാന്‍ പലവഴികളും ദിലീപ് നടത്തിയിരുന്നെന്നും പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ആവതു ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് ഒന്നരക്കോടി രൂപയോളം ചിലവാക്കിയിട്ടായാലും ഇവരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ശ്രമിച്ചതെന്നും ബാലചന്ദ്രകുമാര്‍ ആവര്‍ത്തിച്ച് ആരോപിച്ചു.
റിപ്പോര്‍ട്ടര്‍ ടി.വി പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്നാണ് ഈ ആരോപണത്തില്‍ ഇപ്പോള്‍ ദിലീപിനും സുഹൃത്തുക്കള്‍ക്കുമെതിരേ എഫ്.ഐ.ആര്. ഇടാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൊച്ചിയില്‍ നടിയെ പീഡിപ്പിച്ചത് നടന് ദിലീപിന് വേണ്ടിയായിരുന്നു എന്ന് കേസിലെ പ്രധാന പ്രതി സുനില്‍ കുമാര്‍ തന്നോട് പറഞ്ഞിരുന്നതായി നേരത്തെ സുനിലിന്റെ അമ്മ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ മാസങ്ങള്‍ നീണ്ട ഗൂഡാലോചനയുണ്ടെന്നാണ് വെളിപ്പെടുത്തലിലെ പ്രധാന പരാമര്‍ശം.
2015 മുതല്‍ ഗുഢാലോചന നടന്നു, ഗുഡാലോചനയില്‍ ദിലീപിന് ഒപ്പം പലരും പങ്കാളികളായി. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്തെന്നും അമ്മ പറയുന്നു. ജീവന് ഭീഷണി ഉണ്ടെന്ന് സുനി പറഞ്ഞിരുന്നു. ഒളിവില്‍ കഴിയുമ്പോള്‍ കൊലപെടുത്താന്‍ ശ്രമം നടന്നു. ജയിലില്‍ അപായപ്പെടുത്തും എന്ന് ഭയമുണ്ട്. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും അമ്മ നേരത്തെ പറഞ്ഞിരുന്നു.