ദുരൂഹത അവസാനിക്കുമോ?; റിഫയുടെ മൃതദേഹം നാളെ പുറത്തെടുക്കും
വിദേശത്ത് നടന്ന മരണത്തിന്റെ അന്വേഷണം ഇവിടെ നടത്തുന്നു എന്ന പ്രത്യേകത കേസിനുണ്ട്
6 May 2022 1:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം നാളെ പുറത്തെടുത്ത് പരിശോധിക്കും. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സര്ജന്മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. മരണത്തില്‍ ദുരൂഹത നീക്കാന്‍ മൃതദേഹം റീപോസ്റ്റ്മോര്‍ട്ടം നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്റഫ് ആര്ഡിഒയ്ക്ക മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പരിഗണിച്ച ആര്‍ഡിഒ റീപോസ്റ്റമോര്ട്ടത്തിന് അനുമതി നല്‍കിയിരുന്നു. റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. റിഫയുടെ വീടിന് സമീപത്തെ പള്ളി ഖബര്‍സ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചത്.
വിദേശത്ത് നടന്ന മരണത്തിന്റെ അന്വേഷണം ഇവിടെ നടത്തുന്നു എന്ന പ്രത്യേകത കേസിനുണ്ട്. ഭര്‍ത്താവ് മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കാവും ചോദ്യം ചെയ്യലും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കും പൊലീസ് നീങ്ങുക.
മരണത്തില്‍ ദുരൂഹതയാരോപിച്ച് റിഫയുടെ കുടുംബം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ശാരീരികവും മാനസികവുമായ പീഡനം റിഫയുടെ മരണത്തിന് കാരണമായെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
മാര്‍ച്ച് 1-ാം തിയ്യതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. മരണത്തിന് രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്.
STORY HIGHLIGHTS: Rifa Mehnu Death case re-postmortem tommarrow