സുധീഷിനെ ഗുണ്ടാ സംഘത്തിന് ഒറ്റിയത് ഭാര്യാ സഹോദരന്; കൊല ആസൂത്രണം ചെയ്തത് 'ഒട്ടകം രാജേഷ്'
ആറ്റിങ്ങല്‍ മങ്കാട്ടുമൂലയില്‍ നടന്ന രണ്ട് അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണ് കല്ലൂരിലെ കൊലപാതകം
13 Dec 2021 11:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പോത്തന്‍കോട് കൊല്ലപ്പെട്ട സുധീഷിനെ ഗുണ്ടാ സംഘത്തിന് ഒറ്റിക്കൊടുത്തത് ഭാര്യാ സഹോദരന്. മുന്‍കാല അക്രമങ്ങളിലെ വൈരാഗ്യവും ലഹരി ഇടപാടിലുണ്ടായ തര്‍ക്കവുമാണ് കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
ഒളിവില്‍ കഴിഞ്ഞിരുന്ന സുധീഷിനെ ഭാര്യാ സഹോദരന് ശ്യാമാണ് കൊലയാളി സംഘത്തിന് ഒറ്റിക്കൊടുത്തത്. നേരത്തെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ ശ്യാമിനെ സുധീഷ് മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു ശ്യാം. കേസിലെ മുഖ്യപ്രതിയായ ആറ്റിങ്ങല്‍ സ്വദേശി ഉണ്ണിയുടെ അമ്മയ്ക്ക് നേരെ സുധീഷ് ബോംബ് എറിഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യം കൊലപാതകം ആസൂത്രണം ചെയ്യാന്‍ കാരണമായെന്ന് പൊലീസ് പറയുന്നു.
ആറ്റിങ്ങല്‍ മങ്കാട്ടുമൂലയില്‍ നടന്ന രണ്ട് അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണ് കല്ലൂരിലെ കൊലപാതകം. പ്രാഥമിക പ്രതിപ്പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. സുധീഷ് ഉണ്ണി, ഒട്ടകം രാജേഷ്, ശ്യാം എന്നിവരാണ് ആദ്യ മൂന്ന് പ്രതികള്‍. അക്രമികളെ സംഘടിപ്പിച്ചതും കൊല ആസൂത്രണം ചെയ്തതും കുപ്രസിദ്ധ ഗുണ്ടയായ ഒട്ടകം രാജേഷാണ്. കൊലയുടെ കാരണവും പ്രതികളെയും പൊലീസ് മനസിലാക്കിയെങ്കിലും ഇതുവരെ മൂന്ന് പേര് മാത്രമാണ് പിടിയിലായത്.
ശാസ്താവട്ടം സ്വദേശികളായ സന്ദീഷ്, നിധീഷ്, കണിയാപുരം സ്വദേശി രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. തിരുവനന്തപുരം റൂറല്‍ മേഖലയിലെ പൊലീസ് ഒന്നാകെ രണ്ട് ദിവസമായി തെരച്ചില്‍ നടത്തുകയാണ്.. എന്നിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന് നാണക്കേടായിരിക്കുകയാണ്.