Top

മോഷ്ടിക്കാന്‍ കുത്തിത്തുറന്നിട്ട് പണം കിട്ടിയില്ല; ദേഷ്യത്തില്‍ പോസ്റ്റ് ഓഫീസിന് തീയിട്ടു; പ്രതി പിടിയില്‍

17 Feb 2022 6:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഷ്ടിക്കാന്‍ കുത്തിത്തുറന്നിട്ട് പണം കിട്ടിയില്ല; ദേഷ്യത്തില്‍ പോസ്റ്റ് ഓഫീസിന് തീയിട്ടു; പ്രതി പിടിയില്‍
X

തൃശൂര്‍ പെരിങ്ങോട്ട്കരയില്‍ പോസ്റ്റ് ഓഫീസ് കത്തിച്ച കേസില്‍ പ്രതി പിടിയില്‍. തൃപ്രയാര്‍ സ്വദേശി സുഹൈല്‍ ആണ് പിടിയിലായത്. മോഷ്ടിക്കാനായിരുന്നു ഇയാള്‍ പോസ്റ്റ് ഓഫീസില്‍ കയറിയത്. എന്നാല്‍ ഇവിടെ നിന്നും പണമൊന്നും കിട്ടിയില്ല. ഇതോടെ ദേഷ്യം വന്ന് പോസ്റ്റ് ഓഫീസിന് തീയിടുകയായിരുന്നെന്നാണ് സുഹൈല്‍ പൊലീസിന് നല്‍കിയ മൊഴി. ഓഫീസിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കത്തിനശിച്ചു.

പെരിങ്ങോട്ടുകര സബ് പോസ്റ്റ് ഓഫീസാണ് തീയിട്ട് നശിപ്പിച്ചത്. ഓഫീസിനുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും കത്തിനശിച്ചു. പ്രതിയെ പോസ്റ്റ് ഓഫീസില്‍ എത്തിച്ച് തെളിവെടുത്തു. പോസ്റ്റ് ഓഫീസിന്റെ വാതില്‍ കുത്തിത്തുറന്നാണ് ഇയാള്‍ അകത്തു കയറിയത്. എന്നാല്‍ ഉള്ളില്‍ കയറിയപ്പോള്‍ അകത്തെ സേഫ് ലോക്കര്‍ തുറക്കാന്‍ പറ്റിയില്ല. ഇതോടെ ദേഷ്യം വന്ന് ഓഫീസില്‍ തന്നെ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് ഓഫീസിന് തീയിടുകയായിരുന്നു.

നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് സുഹൈല്‍. ഓട്ടോ സുഹൈല്‍ എന്ന ഇരട്ടപ്പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. ഓട്ടോകള്‍ മോഷ്ടിച്ചായിരുന്നു ഇയാളുടെ തുടക്കമെന്നതിനാലാണ് ഈ പേര് വന്നത്. സുഹൈല്‍ മറ്റൊരു കേസില്‍ ജയിലിലായിരുന്ന സമയത്ത് സുഹൈലിന്റെ ഭാര്യ മണിയോര്‍ഡര്‍ അയക്കാന്‍ സ്ഥിരമായി വന്നിരുന്നത് പെരിങ്ങോട്ടുകര സബ് പോസ്റ്റ് ഓഫീസിലായിരുന്നു. ഇതാണ് മോഷണത്തിന് ഈ പോസ്റ്റ് ഓഫീസ് തെരഞ്ഞെടുക്കാന്‍ കാരണമായത്.

story highlight: post office theft accused arrested

Next Story