Top

വിദേശത്തേക്കെന്ന് ഫിറോസ്, കേസുകള്‍ ഒറ്റയ്ക്ക് നടത്താനാവില്ലെന്ന് ആഷിഖ്; ഒറ്റപ്പാലം കൊലപാതകത്തിന് പിന്നില്‍

16 Feb 2022 5:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദേശത്തേക്കെന്ന് ഫിറോസ്, കേസുകള്‍ ഒറ്റയ്ക്ക് നടത്താനാവില്ലെന്ന് ആഷിഖ്; ഒറ്റപ്പാലം കൊലപാതകത്തിന് പിന്നില്‍
X

ഒറ്റപ്പാലത്ത് ആഷിഖ് കൊലപാതകത്തിന് കാരണം പ്രതി ഫിറോസ് വിദേശത്തേക്ക് പോവുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പൊലീസ്. സുഹൃത്തുക്കളായിരുന്ന ഇരുവരും നിരവധി കഞ്ചാവ്, മോഷണ കേസുകളില്‍ പ്രതിയായിരുന്നു. ഫിറോസ് വിദേശത്തേക്ക് പോയാല്‍ കേസുകള്‍ ഒറ്റയ്ക്ക് നടത്താനാവില്ലെന്ന് ആഷിഖ് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം.

തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നു. തന്നെ ആക്രമിക്കാന്‍ ആഷിഖ് ഉപയോഗിച്ച കത്തി പിടിച്ചു വാങ്ങി ആഷിഖിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. രണ്ട് മാസം മുമ്പ് നടന്ന ഈ കൊലപാതകത്തിന്റെ വിവരം ചൊവ്വാഴ്ച ഫിറോസിന്റെ മൊഴിയിലൂടെയാണ് പുറത്തായത്. 2015 ലെ മോഷണക്കേസുമായി ബന്ധപ്പെട്ട് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ ഫിറോസിനെ പൊലീസ് പിടികൂടിയതോടെയാണ് ഞെട്ടിക്കുന്ന വിവരം വെളിപ്പെട്ടത്. ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയായിരുന്നു കൊല്ലപ്പെട്ട ലക്കിടി സ്വദേശി ആഷിഖ്. ഇയാളെ താന്‍ കൊന്ന് കുഴിച്ചു മൂടിയെന്ന് ഫിറോസ് പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ ആഷിഖിനെ കൊലപ്പെടുത്തി മൃതദേഹം പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ടെന്നും പ്രതി പറഞ്ഞിരുന്നു. ഇതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടര മണിക്കൂറിനുള്ളില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. 2021 ഡിസംബര്‍ 17 മുതല്‍ ആഷിഖിനെ കാണാനില്ലായിരുന്നു. മോഷണക്കേസില്‍ ഉള്‍പ്പെട്ടതോടെ ആഷിഖ് വീട് വിട്ടിറങ്ങിയിരുന്നു. യുവാവിനെ കാണാതായതില്‍ ആരും പരാതി നല്‍കിയതുമില്ല.

Story highlight: Ottapaalam ashiq murder case updates

Next Story