Top

അമ്മ കുഞ്ഞിന് വേണ്ടി നിയമപോരാട്ടം നടത്തുന്നതിനിടെ കൊല; അച്ഛന്റെ വീട്ടുകാര്‍ സംരക്ഷണം നേടിയത് പൊള്ളലേറ്റെന്ന വാദത്തിലൂടെ

മരണപ്പെട്ട കുഞ്ഞിന്റെയും ഒപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുള്ള കുട്ടിയുടെയും സംരക്ഷണം സംബന്ധിച്ച കേസ് ചൈൽഡ് ആൻഡ് വെൽഫെയർ കമ്മിറ്റിയുടെ പരിഗണനയിലിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്

9 March 2022 2:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമ്മ കുഞ്ഞിന് വേണ്ടി നിയമപോരാട്ടം നടത്തുന്നതിനിടെ കൊല; അച്ഛന്റെ വീട്ടുകാര്‍ സംരക്ഷണം നേടിയത് പൊള്ളലേറ്റെന്ന വാദത്തിലൂടെ
X

കൊച്ചി: കലൂരിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മരണപ്പെട്ട കുഞ്ഞിന്റെയും ഒപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുള്ള കുട്ടിയുടെയും സംരക്ഷണം സംബന്ധിച്ച കേസ് ചൈൽഡ് ആൻഡ് വെൽഫെയർ കമ്മിറ്റിയുടെ പരിഗണനയിലിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കുഞ്ഞിന്റെ മാതാവ് ഡിക്സി മൂന്നു മാസം മുൻപാണു വിദേശത്തേക്ക് പോയത്. ഇതിനിടെ ചൈൽഡ് ലൈൻ വഴി സിഡബ്ല്യുസിക്കു പരാതി ലഭിച്ചതോടെയാണ് കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തർക്കം ഉയരുന്നത്.

അമ്മയുടെ വീട്ടിൽവച്ചു കുട്ടികൾക്ക് പൊള്ളലേറ്റെന്നും അതിനാൽ കുട്ടികളുടെ സംരക്ഷണാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് അച്ഛന്റെ വീട്ടുകാർ രംഗത്തെത്തി. ഇതോടെ കുട്ടികളുടെ സംരക്ഷണം അച്ഛനു ലഭിച്ചു. എന്നാൽ ഇത് സംബന്ധിച്ച് ഇരു വീട്ടുകാരും തമ്മിൽ തർക്കം രൂക്ഷമായതോടെ കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി തന്നെ ഏറ്റെടുക്കാമെന്നും ആലോചനയുണ്ടായി. എന്നാൽ കുഞ്ഞിന്റെ അമ്മയെ ബന്ധപ്പെട്ടപ്പോൾ അവർ ഉടനെ നാട്ടിലെത്തുമെന്നും സംരക്ഷണം സംബന്ധിച്ച തർക്കം പരിഹരിക്കാം എന്നും അറിയിച്ചു. ഇതിനിടെ കുഞ്ഞ് അച്ഛന്റെ വീട്ടുകാരുടെ സംരക്ഷണത്തിൽ ഇരിക്കവെയാണ് കൊല്ലപ്പെട്ടത്.

മകന്റെ കുട്ടികളുമായി പിതാവിന്റെ അമ്മ ദീപ്തി ഷാജി എറണാകുളത്ത് എത്തി. കൊച്ചിയിലെ സുഹൃത്തുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവർ കൊച്ചിയിൽ എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ഈ സുഹൃത്തിന്റെ സുഹൃത്തുമായി തർക്കം ഉണ്ടായെന്നും ഇവർക്കു മർദനം ഏൽക്കുന്ന സാഹചര്യവുമുണ്ടായിയെന്നുമാണ് അറിയുന്നത്.

സംഭവ ദിവസം കുട്ടി മരിക്കുമ്പോൾ മുത്തശ്ശി ഹോട്ടൽ മുറിയിലുണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന ഇവരോട് കുഞ്ഞു പാലു കുടിച്ചപ്പോൾ നെറുകയിൽ പോയി അബോധാവസ്ഥയിലായി എന്നായിരുന്നു സുഹൃത്ത് ജോൺ ബിനോയ് അറിയിച്ചത്. രാത്രി ഒന്നരയോടെ ഹോട്ടലിൽ എത്തിയ ഇവർ ജീവനക്കാരോടു കുഞ്ഞിന് എന്തോ പറ്റി എന്നു പറഞ്ഞാണ് മുറിയിലേയ്ക്ക് പോയത്. തിരികെ തോളിൽ അബോധാവസ്ഥയിലുളള കുഞ്ഞുമായാണ് പുറത്തേക്കിറങ്ങിയത്.

പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോളും ഇതേ കാരണം തന്നെ ആവർത്തിച്ചു. കുഞ്ഞിന്റെ മരണം സ്വാഭാവികമാണ് എന്നായിരുന്നു ആശുപത്രി അധികൃതരും കരുതിയത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ കുഞ്ഞിന്റെ പിതാവാണ് പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടത്. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലാണ് വെള്ളം അകത്തു ചെന്നതാണ് മരണകാരണം എന്നു ബോധ്യപ്പെട്ടത്. ഇതോടെ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

കേസിൽ അറസ്റ്റിലായ ജോൺ ബിനോയ് ഡിക്രൂസ് പള്ളുരുത്തി ഇഎസ്ഐ ആശുപത്രി റോഡിന് സമീപം താമസിക്കുന്ന ആളാണ്. ജോണിനെ ദത്തെടുത്തു വളർത്തുകയായിരുന്നു എന്നാണ് സമീപവാസികൾ നൽകുന്ന വിവരം. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പ്രദേശവാസികൾ പറയുന്നു.

Story highlights: One and a half year old child killed in Kochi

Next Story