Top

'അദ്ഭുതം തോന്നിയ ചികിത്സ, കൊടുംക്രൂരത ചെയ്തിട്ടും ഒറ്റമൂലിക്കൂട്ട് നൽകിയില്ല'; ഒടുവിൽ ശരീരം വെട്ടിനുറുക്കി ചാലിയാറിൽ തള്ളി

ഷാബാ ഷരീഫിന് കാണാതായി ദിവസങ്ങൾക്കുള്ളിൽ തന്നെ ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു.

11 May 2022 1:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അദ്ഭുതം തോന്നിയ ചികിത്സ, കൊടുംക്രൂരത ചെയ്തിട്ടും ഒറ്റമൂലിക്കൂട്ട് നൽകിയില്ല; ഒടുവിൽ ശരീരം വെട്ടിനുറുക്കി ചാലിയാറിൽ തള്ളി
X

നാട്ടുവൈദ്യം കേരളത്തിൽ വലിയ പ്രാധാന്യത്തോടെ കാണുന്ന നിരവധി പേരുണ്ട്. മൂലക്കുരു, കിഡ്നിയിലെ കല്ലുകൾ, ശരീര വേദന, നടുവേദന തുടങ്ങിയ അസുഖങ്ങൾക്കുള്ള നാട്ടുവൈദ്യ ചികിത്സ ഫലപ്രദമാണെന്നും ചില വാദങ്ങളുണ്ട്. പാരമ്പര്യമായി കൈമാറി വരുന്ന ഈ ചികിത്സാ രീതി മിക്കപ്പോഴും ഒരാളിൽ കേന്ദ്രീകൃതമായിരിക്കും. വൈദ്യൻ പിൻ​ഗാമിയെ തീരുമാനിക്കുന്ന ഘട്ടത്തിലോ മരണ കിടക്കയിലോ ചിലപ്പോൾ ഒറ്റമൂലിയുടെ രഹസ്യക്കൂട്ട് ചിലപ്പോൾ കൈമാറും, എന്നാൽ വൈദ്യനൊപ്പം ഒറ്റമൂലികളും ഇല്ലാതാവുന്ന സംഭവങ്ങളുമുണ്ട്.

ഒറ്റമൂലി സ്വന്തമാക്കി ലക്ഷങ്ങൾ സമ്പാദിക്കാൻ പദ്ധതി ഒടുവിൽ കൊലപാതകം

മൂലക്കുരുവിന് അദ്ഭുത പൂർണമായ ഫലം തരുന്ന നാട്ടുവൈദ്യ ചികിത്സയെക്കുറിച്ച് 2019ലാണ് ഷൈബിൻ അഷ്‌റഫ് എന്ന വ്യവസായി അറിയുന്നത്. മൈസൂരിലെ നാട്ടുവൈദ്യനായ ഷാബാ ഷരീഫ് എന്ന വൈദ്യനാണ് ചികിത്സ നടത്തുന്നതെന്ന് ഇയാൾ മനസിലാക്കി. വൈദ്യനെ തട്ടിക്കൊണ്ടുപോയി ഒറ്റമൂലി ഫോർമൂല സ്വന്തമാക്കാൻ ഷൈബിൻ മാനേജരായ ശിഹാബുദ്ദീൻ, ബത്തേരി കയ്പഞ്ചേരി സ്വദേശി നൗഷാദ്, നിഷാദ് എന്നിവർക്കൊപ്പം പദ്ധതിയൊരുക്കി.

2019 ആ​ഗസ്റ്റിൽ ഷാബാ ഷെരീഫിനെ പ്രതികൾ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നു. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിൽ എത്തിക്കുകയായിരുന്നു. ഷൈബിൻ തന്റെ വീട്ടിലൊരുക്കിയ രഹസ്യമുറിയിൽ ഷാബായെ തടവിലാക്കി. ടോയ്ലെറ്റ് സൗകര്യവും കിടക്കയും എ.സിയും ഉൾപ്പെടെയുള്ള സൗകര്യങ്ങളോടു കൂടിയാണ് മുറിയൊരുക്കിയത്. 24 മണിക്കൂറും വൈദ്യനെ നിരീക്ഷിക്കാൻ സിസിടിവി സൗകര്യവും വീട്ടിലൊരുക്കിയിരുന്നു.

ദിവസവും സുഹൃത്തുക്കൾക്കൊപ്പമെത്തി വൈദ്യനെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. എന്നാൽ ഒറ്റമൂലിയുടെ ഫോർമൂല വെളിപ്പെടുത്താൻ ഷാബാ തയ്യാറായില്ല. ഇതോടെ ചങ്ങലയ്ക്കിട്ടുള്ള പീഡനത്തിന്റെ തോത് വർദ്ധിപ്പിച്ചു. ഓരോ ദിവസം ചെല്ലുന്തോറും സംഘത്തിന് ക്ഷമ നശിച്ചിരുന്നു. ഇതിനിടെ വൈദ്യനെ തട്ടിക്കൊണ്ടു പോകാൻ സഹായിച്ചവർക്ക് വലിയ തുക നൽകാമെന്ന് ഷൈബിൻ വാക്കു നൽകിയിരുന്നു. നാട്ടുവൈദ്യത്തിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചാൽ സുഹൃത്തുക്കൾക്ക് പണം നൽകാമെന്ന പാലിക്കാനാവുമെന്നായിരുന്നു പ്രവാസി വ്യവസായി കൂടിയായ ഷൈബിന്റെ കണക്കൂ കൂട്ടൽ. 2020 ഒക്ടോബർ മാസത്തിൽ ഷൈബിന്റെ കണക്കൂകൂട്ടലുകൾ തെറ്റി. കൊടിയ പീഡനത്തിനിടയിൽ ഷാബാ മരിച്ചു വീണു.

മൈസൂർ പൊലീസ് ഇരുട്ടിൽ തപ്പിയ കാണാതാവൽ

ഷാബാ ഷരീഫിന് കാണാതായി ദിവസങ്ങൾക്കുള്ളിൽ തന്നെ ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. വൈദ്യനെ തേടി നാടു മുഴുക്കെ അലഞ്ഞ പൊലീസിന് ഒരു തുമ്പു പോലും ലഭിച്ചില്ല. നാട്ടു വൈദ്യനായതിനാൽ ഇയാൾ ചികിത്സിച്ച രോ​ഗികളെയും പൊലീസ് അക്കാലഘട്ടത്തിൽ ചോദ്യം ചെയ്തിരുന്നു. നാടുവിട്ടു പോയതാവാമെന്ന നിലയിൽ കേസ് ഇഴഞ്ഞു നീങ്ങി.

തട്ടിക്കൊണ്ടു പോകൽ സംഘം ഷാബായെ തേടിയെത്തിയത് ബൈക്കിലാണ്. ബൈക്കിൽ ഷാബായെ ഹോട്ടൽ മുറിയിലുള്ള രോ​ഗിയുടെ അടുത്തേക്ക് കൊണ്ടുപോകുന്നത് ആരും കണ്ടിരുന്നില്ല, സിസിടിവിയോ മറ്റു തെളിവുകളോ അന്വേഷിക്കാത്തതിൽ പ്രധാന കാരണമായത് ദൃക്സാക്ഷികളിലെന്ന കാര്യമാണ്. തങ്ങളിലേക്ക് പൊലീസ് എത്താതിരിക്കാൻ എല്ലാവിധ തയ്യാറെടുപ്പുകളും പ്രതികൾ നടത്തിയിരുന്നു. ഇത് പൂർണമായും വിജയിക്കുകയും ചെയ്തു.

കശാപ്പു മൃ​ഗത്തെ വെട്ടിനുറുക്കുന്നത് പോലെ മൃതേദഹം കഷ്ണങ്ങളാക്കി

കൊലപാതക ശേഷം മൃതദേഹം എങ്ങനെ ഒളിപ്പിക്കുമെന്നതിനെ ചൊല്ലി പ്രതികൾക്ക് യാതൊരു ധാരണയുണ്ടായിരുന്നില്ല. ഇതിനായി മണിക്കൂറുകൾ നീണ്ട ​ഗൂഢാലോചന നടത്തി. ഒടുവിൽ ശരീരം ചെറിയ കഷ്ണങ്ങളായി മുറിച്ച് ചാലിയാറിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. സ്വന്തം വീട്ടിൽ ഭാര്യയുൾപ്പെടെയുള്ളവർ എങ്ങനെയാണ് ഇത് നടപ്പിലാക്കിയത് എന്നത് സംബന്ധിച്ച് പൊലീസിന് വ്യക്തതയില്ല. മൃതദേഹം വെട്ടിനുറുക്കാനുള്ള കത്തിയും മരക്കട്ടയുമെല്ലാം നിലമ്പൂരിൽനിന്ന് സംഘടിപ്പിച്ചു. ഒരു തടിമില്ലിൽനിന്നാണ് മരക്കട്ട സംഘടിപ്പിച്ചത്.

ഇറച്ചിമുറിക്കുന്ന വലിയ കത്തിയും വാങ്ങി. ശേഷം ഷൈബിന്റെ വീട്ടിലെ കുളിമുറിയിൽവെച്ച് മൃതദേഹം പല കഷണങ്ങളായി വെട്ടിനുറുക്കുകയായിരുന്നു. ആഢംബര കാറിൽ മൃതദേഹം ചാലിയാറിന്റെ വിവിധ ഭാ​ഗങ്ങളിലായി ഉപേക്ഷിച്ചു. തെളിവുകൾ പൂർണമായും നശിപ്പിച്ചായിരുന്നു പ്രതികളുടെ നീക്കം. എന്നാൽ പീഡനത്തിന്റെ ഘട്ടത്തിൽ ഷൈബിൻ അല്ലാത്ത കേസിലെ പ്രതികൾ വീഡിയോകൾ എടുത്തു സൂക്ഷിച്ചത് നിർണായകമായി.

പണം നൽകാതെ വഞ്ചിച്ചു; കൊലപാതകം പുറത്തുവന്നു

ലക്ഷങ്ങൾ വാ​ഗ്ദാനം ചെയ്താണ് ഷൈബിൻ പങ്കാളികളെ കൊലപാതകത്തിൽ പങ്കാളികളാക്കിയത്. എന്നാൽ ഒറ്റമൂലി ലഭിക്കാതിരുന്നതോടെ ഇവരുടെ ലക്ഷ്യങ്ങളെല്ലാം പാളി. പക്ഷേ പണം നൽകാതെ പിന്മാറില്ലെന്ന് ഷൈബിനോട് മറ്റു പ്രതികൾ നിലപാട് അറിയിച്ചതോടെ പ്രശ്നങ്ങൾ തുടങ്ങി. 2022 ഏപ്രിൽ 24-ന് രാത്രിയാണ് നിലമ്പൂർ മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ ഒരുസംഘം അതിക്രമിച്ച് കയറി കവർച്ച നടത്തി. പണം നൽകാതെ പറ്റിച്ച ഷൈബിനെ കവർച്ച ചെയ്തത് മറ്റു പ്രതികൾ തന്നെയായിരുന്നു.

സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് അഷ്‌റഫ് എന്നയാളെ ഷൈബിന്റെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നൗഷാദിന്റെ ജ്യേഷ്ഠനാണ് അഷ്‌റഫ്. കവർച്ചാക്കേസിൽ നൗഷാദും ബന്ധുവായ സൈറസും മറ്റു നാലുപേരും പ്രതികളായിരുന്നു. ഇതോടെയാണ് സെക്രട്ടേറിയേറ്റിൽ നൗഷാദ്, സലീം, സക്കീർ എന്നിവർ ആത്മഹത്യ ശ്രമവുമായി എത്തിയതും കൊലപാതകം തുറന്നു പറഞ്ഞതും.

STORY HIGHLIGHTS: NILAMBUR SHABHA SHERIFF MURDER CASE

Next Story