Top

കത്തിക്കാനായിരുന്ന പദ്ധതി, കുഞ്ഞിനെ ബക്കറ്റിലാക്കി മേഘ കൊന്നു; ഡിഎൻഎ പരിശോധന, ഒന്നുമറിയാതെ വീട്ടുകാർ

രാത്രിയോടെയാണ് പ്രസവം നടന്നത്. കുഞ്ഞിനെ അപ്പോൾ തന്നെ വെള്ളം നിറഞ്ഞ ബക്കറ്റിലിട്ടു

23 Dec 2021 6:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കത്തിക്കാനായിരുന്ന പദ്ധതി, കുഞ്ഞിനെ ബക്കറ്റിലാക്കി മേഘ കൊന്നു; ഡിഎൻഎ പരിശോധന, ഒന്നുമറിയാതെ വീട്ടുകാർ
X

തൃശ്ശൂർ: നവജാത ശിശുവിനെ കനാലിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശ്ശൂർ വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22), വരടിയം ചിറ്റാട്ടുകര വീട്ടിൽ മാനുവൽ (25), ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരാണ് കേസിലെ പ്രതികൾ. മേഘയാണ് കേസിലെ ഒന്നാം പ്രതി, തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നുവെന്നതാണ് മാനുവൽ, അമൽ എന്നിവർക്കെതിരെ ചാർത്തപ്പെട്ടിരിക്കുന്ന കുറ്റം.

വീട്ടുകാരറിയാതെ പ്രണയം, ​ഗർഭധാരണം

എം.കോം. ബിരുദധാരിയും തൃശ്ശൂരിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ജോലിക്കാരിയുമായ മേഘയുമായി അയൽവാസിയായ മാനുവൽ രണ്ട് വർഷത്തിലധികമായി പ്രണയത്തിലാണ്. പെയിന്റിങ് തൊഴിലാളിയാണ് മാനുവൽ. മേഘ ​ഗർഭിണിയായതോ പ്രസവിച്ചതോ വീട്ടുകാർ അറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. വീടിന്റെ മുകളിലെത്തെ മുറിയിൽ മേഘ ഒറ്റയ്ക്കാണ്. അതിനാൽ പ്രസവിച്ചത് വീട്ടുകാർ അറിയാനും സാധ്യത കുറവാണ്. പ്രസവത്തിന്റെ ശേഷമുണ്ടായ അവശിഷ്ടങ്ങൾ കക്കൂസിൽ ഒഴുക്കി കളഞ്ഞെന്നാണ് പൊലീസിന് ലഭിച്ച വിവരം.

മാനുവലുമായി ഉണ്ടായ പ്രണയത്തെക്കുറിച്ച് വീട്ടുകാർക്ക് സൂചന പോലും ഉണ്ടായിരുന്നില്ല. രാത്രിയോടെയാണ് പ്രസവം നടന്നത്. കുഞ്ഞിനെ അപ്പോൾ തന്നെ വെള്ളം നിറഞ്ഞ ബക്കറ്റിലിട്ടു. രാത്രി മുഴുവൻ സൂക്ഷിച്ചു. അതേസമയം കുഞ്ഞ് കരഞ്ഞിരുന്നില്ലേയെന്നത് അടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. കുട്ടിയുടെ ഡിഎൻഎ പരിശോധനയും നടത്തും. രാവിലെ പതിനൊന്ന് മണിയോടെ മാനുവൽ മേഘയെ കാണാനെത്തി. കുഞ്ഞിന്റെ ശരീരം ചാക്കിലാക്കി മേഘ കൈമാറി. പിന്നീട് സുഹൃത്ത് അമലിന്റെ സഹായത്തോടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹം കത്തിക്കാൻ പദ്ധതിയൊരുക്കി

കുഞ്ഞിന്റെ മൃതദേഹം ഡീസലൊഴിച്ച് കത്തിക്കാനായിരുന്നു മാനുവൽ പദ്ധതിയിട്ടിരുന്നത്. ഇതിനായി പെട്രോൾ പമ്പിലെത്തി ഡീസലും വാങ്ങിച്ചു. എന്നാൽ ഇത് പ്രതീക്ഷിച്ചത് പോലെ നടക്കില്ലെന്ന് വ്യക്തമായ മാനുവലും അമലും മൃതദേഹം കുഴിച്ചിടാൻ തീരുമാനിച്ചു. പേരാമം​ഗലത്ത് പാടത്തെത്തിച്ച് കുഞ്ഞിനെ കുഴിച്ചിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മൃതേദഹം കനാലിൽ ഉപേക്ഷിക്കാൻ ഇരുവരും തീരുമാനിച്ചത്. മൃതദേഹം കൊണ്ടുപോയത് ബൈക്കിലായതിനാൽ ഇരുവരുടെയും മുഖം സിസിടിവികളിൽ വ്യക്തമായിരുന്നു.

പൂങ്കുന്നം എം.എൽ.എ. റോഡിനു സമീപം കുറ്റൂർ കനാലിൽ രണ്ടുപേർ ഒരു ചാക്ക് വലിച്ചെറിഞ്ഞതായി ഒരു കടക്കാരൻ പൊലീസിന് മൊഴി നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ലഭിച്ച ഈ മൊഴിയാണ് വഴിത്തിരിവായത്. പിന്നീട് സമീപ പ്രദേശങ്ങളിലെ സിസിടിവികൾ പരിശോധിച്ച പൊലിസിന് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചു. പിന്നീട് ബൈക്കിന്റെ നമ്പർ പ്ലേറ്റ് അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിൽ ഇരുവരും കുടുങ്ങി.

അസിസ്റ്റന്റ് കമ്മിഷണർ വി.കെ. രാജു, സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എം.കെ. ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. വിരലടയാള വിദഗ്ധർ, സയന്റിഫിക് ഓഫീസർ, ഡോഗ് സ്‌ക്വാഡ്, പോലീസ് ഫോട്ടോഗ്രാഫർ, ഷാഡോ പോലീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

തൃശ്ശൂർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ കെ.ആർ. രമിൻ, സബ് ഇൻസ്‌പെക്ടർ കെ.ജി. ജയനാരായണൻ, ഷാഡോ പോലീസ് സബ് ഇൻസ്‌പെക്ടർമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാഗേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പഴനിസ്വാമി, ജീവൻ ടി.വി., എം.എസ്. ലിഗേഷ്, വിപിൻദാസ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്ത അന്വേഷണസംഘാംഗങ്ങൾ.

Next Story

Popular Stories