Top

'ക്രൈംബ്രാഞ്ചിന് ക്ലാസെടുക്കുന്ന ജോലി, ഫ്ലാറ്റിൽ പാട്ടും ബഹളവും'; നീതു പ്രദേശവാസികളോട് പറഞ്ഞതെല്ലാം നുണ

രാത്രി മുഴുവൻ നീതുവിന്റെ ഫ്ലാറ്റിൽ നിന്ന് ഉച്ചത്തിൽ പാട്ടു വച്ചു ഡാൻസും ബഹളവുമായിരുന്നെന്നും ഇതോടെ സുരക്ഷാ ജീവനക്കാർക്ക് പരാതി നൽകിയെന്നും സമീപവാസികൾ പറയുന്നു

8 Jan 2022 1:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രൈംബ്രാഞ്ചിന് ക്ലാസെടുക്കുന്ന ജോലി, ഫ്ലാറ്റിൽ പാട്ടും ബഹളവും; നീതു പ്രദേശവാസികളോട് പറഞ്ഞതെല്ലാം നുണ
X

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത കേസിലെ പ്രതി നീതു വ്യക്തി വിവരങ്ങളും തൊഴിൽ വിവരങ്ങളും പ്രദേശത്തുള്ളവരോട് മറച്ചുവെച്ചാണ് കളമശേരിയിൽ കഴിഞ്ഞിരുന്നതെന്ന് വിവരം. ക്രൈബ്രാഞ്ചിലെ പൊലീസുകാർക്ക് ക്ലാസെടുക്കുന്ന ജോലിയാണ് തനിക്കെന്നാണ് പ്രദേശവാസികളോട് പറഞ്ഞിരുന്നത്. ഭർത്താവിന് ജോലി ഷിപ്പിലാണെന്നും, വിദേശ രാജ്യങ്ങളിലായിരുന്നതിനാൽ വല്ലപ്പോഴും മാത്രമെ നാട്ടിലെത്തുകയുള്ളുവെന്നുമാണ് വാടക വീട്ടിന്റെ ഉടമസ്ഥരോട് പറഞ്ഞിരുന്നത്.

കളമശേരി മൂലേപ്പാടത്തെ വീട്ടിലേക്ക് മാറുന്നതിന് മുൻപ് താമസിച്ചിരുന്ന ഫ്ലാറ്റിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. രാത്രി മുഴുവൻ നീതുവിന്റെ ഫ്ലാറ്റിൽ നിന്ന് ഉച്ചത്തിൽ പാട്ടു വച്ചു ഡാൻസും ബഹളവുമായിരുന്നെന്നും ഇതോടെ സുരക്ഷാ ജീവനക്കാർക്ക് പരാതി നൽകിയെന്നും സമീപവാസികൾ പറയുന്നു. ജീവനക്കാർ വിഷയം ചോദ്യം ചെയ്തതോടെ വാക്കുതർക്കത്തിലേക്ക് കാര്യങ്ങളെത്തി. ഇതോടെയാണ് ഫ്ളാറ്റ് വിട്ട് കളമശേരി മൂലേപ്പാടത്തേക്ക് മാറുന്നത്.

ഭർത്താവ് വിദേശത്താണെന്നാണ് മുലേപ്പാടത്തുള്ളവരോടും പറഞ്ഞിരുന്നു. പാട്ടും ബഹളവും ഉണ്ടായിരുന്നെങ്കിലും വീട്ടുടമസ്ഥർ കാര്യമാക്കിയില്ല. ജോലിയുടെ സമ്മർദ്ദം കുറയ്ക്കാനാണെന്ന് കരുതിയാണ് ഇതിൽ ഇടപെടാതിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഭർത്താവ് സ്ഥലത്തില്ലാത്ത സമയങ്ങളിലെല്ലാം ഇബ്രാഹീം ബാദുഷ വാടക വീട്ടിലുണ്ടായിരുന്നു. ഇൻഫോ പാർക്കിലെ ഐടി സ്ഥാപനവുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലാണ് നീതുവിനു ജോലിയെന്നായിരുന്നു മുലേപ്പാടത്തുള്ളവരോട് പറഞ്ഞിരുന്നത്.

ബാദുഷ നഷ്ടപ്പെടാതിരിക്കാൻ കുറ്റകൃത്യം

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ തട്ടിയെടുത്ത കേസിലെ പ്രതിയായ നീതു രാജിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയും നേരത്തെ അറസ്റ്റിലായിരുന്നു. വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്തെന്ന നീതുവിന്റെ പരാതിയിലാണ് നടപടി. ഗാർഹിക പീഡനം, ബാല പീഢനം തുടങ്ങിയ വകുപ്പുകളും ഇബ്രാഹിമിനെതിരെ ചുമത്തും. 30 ലക്ഷവും സ്വർണവും തട്ടിയെടുത്തു, ഏഴുവയസുകാരൻ മകനെ മർദിച്ചു തുടങ്ങിയവയാണ് ഇബ്രാഹിമിനെതിരെ നൽകിയ പരാതിയിൽ നീതു പറയുന്നത്. അതേസമയം, കുട്ടിയെ തട്ടിയെടുത്ത സംഭവത്തിൽ ഇബ്രാഹിമിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.

തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ ജീവനക്കാരിയായിരുന്നു. ടിക് ടോക്ക് വഴി പരിചയപ്പെട്ട ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നിലനിർത്താൻ വേണ്ടിയായിരുന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത്. ഇബ്രാഹിമായുള്ള ബന്ധത്തിൽ ഗർഭിണിയായെങ്കിലും ഇത് അലസിയിരുന്നു. എന്നാൽ ഇക്കാര്യം മറച്ചുവെച്ചു. തുടർന്ന് കുട്ടിയെ കാണിക്കുന്നതിനായിരുന്നു തട്ടിക്കൊണ്ടുപോകൽ. ഇതിനായി ജനുവരി നാലിന് നീതു കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. ശിശുവിനെ മോഷ്ടിച്ച ശേഷം ഫോട്ടോ എടുത്ത് ഇബ്രാഹിമിന് അയച്ചു നൽകുകയും ചെയ്തിരുന്നു.

കുട്ടിയെ വളർത്താൻ തന്നെയായിരുന്നു നീതുവിന്റെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐപിസി 419 ആൾമാറാട്ടം, 363 തട്ടിക്കൊണ്ട് പോകൽ, 368 ഒളിപ്പിച്ചു വെക്കുൽ, 370 കടത്തിക്കൊണ്ടു പോകൽ തുടങ്ങിയ വകുപ്പുകളാണ് നീതുവിനുമേൽ ചുമത്തിയിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത ശേഷം പ്രതിയായ നീതു ഹോട്ടലിൽ മടങ്ങിയെത്തിയ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തിന് ശേഷം വൈകിട്ട് 3.23ന് ഫ്‌ളോറൽ പാർക്ക് ഹോട്ടലിലേക്ക് നീതു മടങ്ങിയെത്തുന്ന സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ഹോട്ടലിൽ നിന്നും കൊച്ചിയിലേക്ക് പോകാനാണ് നീതു പദ്ധതിയിട്ടിരുന്നത്. കുട്ടിയെ തട്ടിയെടുത്ത ശേഷം ഹോട്ടലിൽ എത്തിയപ്പോൾ നീതു നഴ്‌സിന്റെ കോട്ട് ധരിച്ചിരുന്നില്ലെന്നും ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

Next Story