Top

'കൂർമ്മ ബുദ്ധിയുള്ള കുറ്റവാളി, പിടിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തി കൃത്യം നടത്തും'; നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ ചില്ലറക്കാരനല്ല

കുടിക്കാനുള്ള വെള്ളം കൊണ്ട് പോകുക. കടയിൽ നിന്ന് ചായ കുടിക്കാനോ മറ്റു കാര്യങ്ങൾക്കോ പോകാൻ സാധിക്കില്ല. വയനാട്ടിലെ ആളുകൾ കൃത്യമായി മനസ്സിലാക്കണം.

13 May 2022 7:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൂർമ്മ ബുദ്ധിയുള്ള കുറ്റവാളി, പിടിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തി കൃത്യം നടത്തും; നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ ചില്ലറക്കാരനല്ല
X

മലപ്പുറം: മൈസൂർ സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരൻ ഷൈബിൻ കൂർമ്മബുദ്ധിയുള്ള കുറ്റവാളിയെന്ന് പൊലീസ്. കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്ന ഷൈബിന്റെ രീതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് പൊലീസിന്റെ വിലയിരുത്തൽ. നാട്ടുവൈദ്യനെ കൊലപ്പെടുത്തുന്നതിന് പ്രത്യുപകാരമായി നൽകാമെന്നേറ്റ ലക്ഷങ്ങൾ ഷൈബിൻ നൽകാതിരുന്നതോടെയാണ് കൊടുംക്രൂരത പുറത്തുവരുന്നത്.

കേസിലെ കൂട്ടുപ്രതികൾ ഷൈബിൻ കൊലപ്പെടുത്തുമെന്ന ഭയം കാരണമാണ് കൊലപാതക വിവരങ്ങൾ പൊലീസിനെ കൈമാറുന്നത്. ഇതോടെ കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൗശലത്തോടെ നടപ്പിലാക്കിയ കൊടുംക്രൂരത പുറത്തറിഞ്ഞു. കൊലപാതകത്തിൽ പങ്കാളികളായതിനാൽ കൃത്യത്തെക്കുറിച്ച് കൂട്ടാളികൾ പുറംലോകത്തെ അറിയിക്കില്ലെന്ന ഷൈബിന്റെ കണക്കൂ കൂട്ടൽ പിഴച്ചതാണ് കാര്യങ്ങൾ ഇതുവരെയെത്തിച്ചത്. എന്നാൽ വൈദ്യന്റെ മൃതേദഹം കണ്ടെത്തുകയെന്ന ശ്രമകരമായ ജോലി പൊലീസിന് മുന്നിലുണ്ട്. മൃതേദ​ഹം കണ്ടെത്താനായില്ലെങ്കിൽ പൂർണമായും ഡിജിറ്റൽ തെളിവുകളെ ആശ്രയിച്ചായിരിക്കും അന്വേഷണം.

ഷൈബിൻ കൂട്ടാളികൾക്കൊപ്പം മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നിരുന്നു. ആക്രമണം സംബന്ധിച്ച ഒരു തുമ്പും പൊലീസിന് ലഭിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായി ഓഡിയോ ക്ലിപ്പിൽ വിശദീകരിക്കുന്നുണ്ട്. സിസിടിവികളിൽ നിന്ന് മാറിനിൽക്കുന്നത് ഉൾപ്പെടെയുള്ള സമ​ഗ്രമായ പദ്ധതികളാണ് ഷൈബിൻ ആസൂത്രണം ചെയ്യുന്നതെന്ന് ഓഡിയോയിൽ വ്യക്തമാണ്.

"യൂണികോൺ കൊണ്ട് പോയി രണ്ട് ഫോൺ വാങ്ങണം. ഒരെണ്ണം ട്രാക്കർ ഫോൺ,അതിന്റെ ബാറ്ററി കൂടിയ ഫോൺ വേണം. മുക്കത്ത് നിന്ന് തന്നെ വാങ്ങണമെന്നില്ല, കുന്ദമംഗലത്ത് നിന്ന് വാങ്ങിയാൽ മതി. അല്ലെങ്കിൽ കോഴിക്കോട് നിന്ന് വാങ്ങിയാലും മതി.

"വയനാട്ടിൽ നിന്ന് വരുന്ന നാല് പേർക്ക് നിൽക്കാനുള്ള ബസ് സ്റ്റോപ്പ്. ആളൊഴിഞ്ഞ ഒരു ബസ്റ്റോപ്പ്. അടുത്ത് പലചരക്ക് കടയുണ്ട്. അതിൽ ക്യാമറയുണ്ട്. കുടിക്കാനുള്ള വെള്ളം കൊണ്ട് പോകുക. കടയിൽ നിന്ന് ചായ കുടിക്കാനോ മറ്റു കാര്യങ്ങൾക്കോ പോകാൻ സാധിക്കില്ല. വയനാട്ടിലെ ആളുകൾ കൃത്യമായി മനസ്സിലാക്കണം. അതിനാണ് ഇത്രയും വളഞ്ഞ വഴിയെടുക്കുന്നത്. ടോയ്ലറ്റോ കാര്യങ്ങളോ വരികയാണെങ്കിൽ റിഷാദിന് വേണ്ടി കാത്തിരിക്കണം.

"ആക്രമണം കഴിഞ്ഞ് വരുമ്പോ ഇന്നോവ, വാഴ ജങ്ഷനിലേക്ക് ഇറങ്ങരുത്. അതിന് പകരം വാഴ ജംങ്ഷൻ പോകുന്ന ചെറിയ വഴിയിൽ വണ്ടി നിർത്തി ഇടത്തോട്ടുള്ള പറമ്പിൽ ഇറങ്ങി ക്രോസ് ചെയ്ത് റിട്സ് പാർക്ക് ചെയ്യുന്നിടത്ത് എത്തണം. അപ്പോ ക്യാമറയിൽ പതിയില്ല" എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സൂത്രധാരൻ ഓഡിയോയിൽ പറയുന്നത്.

STORY HIGHLIGHTS: mysore healer murder accused planned another mission

Next Story