Top

'ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലം'; മരണപ്പെട്ട സഞ്ജിത് വധശ്രമക്കേസിലുള്‍പ്പടെ പ്രതിയെന്നും പൊലീസ്

രാവിലെ ഒമ്പത് മണിയോടെയായിരുന്നു കാറിലെത്തിയ നാലംഗ സംഘം സഞ്ജിത്തിനെ നടുറോഡില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്

15 Nov 2021 7:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലം; മരണപ്പെട്ട സഞ്ജിത് വധശ്രമക്കേസിലുള്‍പ്പടെ പ്രതിയെന്നും പൊലീസ്
X

പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട എലപ്പുള്ളി സ്വദേശി സഞ്ജിത്തിന്റെ (27) പേരില്‍ വധശ്രമത്തിന് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു കാറിലെത്തിയ നാലംഗ സംഘം ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിനെ നടുറോഡില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.


ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന സഞ്ജിത്തിനെ തടഞ്ഞ് നിര്‍ത്തി സംഘം ആക്രമിക്കുകയായിരുന്നു. ഭാര്യയും നാട്ടുകാരും നോക്കി നില്‍ക്കയായിരുന്നു ആക്രമണം. പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

യാതൊരു പ്രകോപനവും കൂടാതെയാണ് ആർഎസ്എസ് പ്രവർത്തകന് നേരെ ആക്രമണം നടത്തിയതെന്നും കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എസ്ഡിപിഐ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ആസുത്രിതമായ കൊലപാതകങ്ങളാണ് എസ്ഡിപിഐ നടത്തുന്നത്. ഈ തരത്തില്‍ പ്രകോപനമില്ലാതെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാനും കൊലപ്പെടുത്താനുമാണ് എസ്ഡിപിഐ സംഘം വരുന്നതെങ്കില്‍ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നും കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

തൃശൂരിലെ ചാവക്കാട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ എസ്ഡിപിഐയുടെ പേര് പറയാന്‍ പോലും പൊലീസ് തയ്യാറായില്ല, അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അടിക്കടിയുള്ള കൊലപാതകത്തിന് കാരണം പൊലീസിന്റേയും സര്‍ക്കാരിന്റേയും വീഴ്ച്ചയാണെന്നും എസ്ഡിപിഐയെ സിപിഐഎമ്മും സര്‍ക്കാരും സംരക്ഷിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Next Story

Popular Stories