Top

കേശവദാസപുരം മനോരമയുടെ കൊലപാതകം; പ്രതി പബ്ജിക്ക് അടിമ, സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

ആദം അലി പെട്ടെന്നു പ്രകോപിതനാകുന്ന ആളാണെന്ന് ഒപ്പം ഉണ്ടായിരുന്ന മറ്റു തൊഴിലാളികള്‍

9 Aug 2022 1:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേശവദാസപുരം മനോരമയുടെ കൊലപാതകം; പ്രതി പബ്ജിക്ക് അടിമ, സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്
X

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപ്പെടുത്തിയതിന് ശേഷം കാലില്‍ കട്ടകെട്ടി മനോരമയുടെ മൃതദേഹം മതിലിനുമുകളിലൂടെ അടുത്ത വീട്ടുവളപ്പിലെ കിണറ്റിലേക്ക് ഇടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കേസിലെ പ്രധാന പ്രതിയായ ആദം അലിയെ ഇന്നലെ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടി. തിങ്കളാഴ്ച വൈകീട്ടാണ് ഇയാള്‍ തമ്പാനൂരില്‍ നിന്നും ട്രെയിനില്‍ ചെന്നൈയിലേക്ക് രക്ഷപ്പെട്ടത്.

സ്വര്‍ണം മോഷ്ടിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മാലയും വളകളുമടക്കം ആറുപവനോളം ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. അടുക്കളയില്‍വെച്ച് മനോരമയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ച് മതിലിനരികില്‍ എത്തിക്കുകയായിരുന്നു. ആറടിയോളം താഴ്ചയിലുള്ള തൊട്ടടുത്ത വീടിന്റെ സണ്‍ഷേഡില്‍ ഇറങ്ങിനിന്ന് മൃതദേഹം വളപ്പിലിട്ടു. പിന്നീട് വലിച്ചിഴച്ച് കിണറ്റിലിടുകയായിരുന്നു.

പ്രതി ആദം അലി പെട്ടെന്നു പ്രകോപിതനാകുന്ന ആളാണെന്ന് ഒപ്പം ഉണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ പൊലീസിന് മൊഴി നല്‍കി. മൊബൈല്‍ ഗെയിമായ പബ്ജിക്ക് ഇയാള്‍ അടിമയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. കളിയില്‍ തോറ്റതിന്റെ ദേഷ്യത്തില്‍ ഇയാള്‍ കഴിഞ്ഞ ദിവസം ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉള്ളൂരുള്ള സുഹൃത്തുക്കളോട് മൊബൈല്‍ഫോണും പുതിയ സിം കാര്‍ഡും ആവശ്യപ്പെട്ടിരുന്നു. കൂടെയുള്ള മറ്റ് പ്രതികള്‍ എത്താന്‍ വൈകിയതോടെയാണ് ഇയാള്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോവുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് നാലേകാലിന്റെ ഷാലിമാര്‍ എക്‌സ്പ്രസില്‍ രക്ഷപ്പെടാനായിരുന്നു പദ്ധതി.

കഴിഞ്ഞ മാസം അഞ്ചിനാണ് ആദം അലി കേശവദാസപുരത്തെ വീട്ടില്‍ ജോലിക്കെത്തിയത്. കൊല്ലപ്പെട്ട മനോരമയുടെ വീട്ടില്‍ നിന്നാണ് ഭക്ഷണവും മറ്റും പാകം ചെയ്യുന്നതിന് ഇവര്‍ വെള്ളം എടുത്തിരുന്നത്. ഇവിടെ എത്തുന്നതിന് മുമ്പ് പാലക്കാടും കൊല്ലവുമടക്കം പല ജില്ലകളില്‍ ജോലി ചെയ്തിരുന്നു. നാലുവര്‍ഷമായി ഇയാള്‍ കേരളത്തില്‍ ജോലി ചെയ്യുന്നുവെന്ന് പൊലീസ് കണ്ടെത്തി.

STORY HIGHLIGHTS: Murder of Kesavadasapuram Manorama; Accused addicted to PUBG, CCTV footage to police

Next Story