Top

തിരുവനന്തപുരത്ത് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു; അറസ്റ്റ്

ലഹരിക്കടിമയായ മകൻ തന്നെയും മകളെയും നിരന്തരം ഉപദ്രവിച്ചിരുന്നതായി നാദിറ പൊലീസിന് മൊഴി നൽകി.

4 Dec 2021 1:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരത്ത് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു; അറസ്റ്റ്
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ അറസ്റ്റ് ചെയ്തു. ഒരു വർഷം മുൻപ് നടന്ന കുറ്റകൃത്യമാണ് കൊലപാതകമാണെന്ന് തെളിഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ സിദ്ദീഖ് (20) കഴിഞ്ഞ വർഷമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യയാണെന്ന് നി​ഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണവും ഫോറൻസിക് പരിശോധനാ ഫലവും കൊലപാതകത്തിലേക്കുള്ള സൂചന നൽകി.

കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഫോറൻസിക് വിദ​ഗ്ദ്ധർ നൽകിയ വിശദ റിപ്പോർട്ടിൽ സിദ്ദീഖിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. പിന്നീട് സിദ്ദീഖിന്റെ അമ്മ നാദിറയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് കുറ്റകൃത്യം തെളിയുന്നത്. ലഹരിക്കടിമയായ മകൻ തന്നെയും മകളെയും നിരന്തരം ഉപദ്രവിച്ചിരുന്നതായി നാദിറ പൊലീസിന് മൊഴി നൽകി. കൃത്യം നടക്കുന്ന ദിവസം സഹോദരിയെ സിദ്ദീഖ് മർദ്ദിച്ചിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്നും നാദിറ പൊലീസിനോട് കുറ്റസമ്മതം നടത്തി.

നാദിറ വീട്ടുവേല ചെയ്തു ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് കുടുംബം പുലർത്തിയിരുന്നത്. കുടുംബത്തിന് ഇയാൾ നിരന്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നെങ്കിലും കൊലപാതകം മനപൂർവ്വം പദ്ധതിയൊരുക്കി നടപ്പിലാക്കിയതല്ലെന്ന നി​ഗമനത്തിലാണ് പൊലീസുമെന്നാണ് സൂചന. അതേസമയം കുറ്റകൃത്യം ഒളിച്ചുവെച്ചതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടന്നേക്കും. സാഹചര്യ തെളിവുകളോ ദൃക്സാക്ഷികളോ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിച്ചത്.



Next Story