Top

തൃശൂരില്‍ ജ്യേഷ്ഠനെ അനിയന്‍ കൊലപ്പെടുത്തിയ സംഭവം; കുഴിച്ചുമൂടാന്‍ സഹായിച്ച മാതാവ് അറസ്റ്റില്‍

കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ മൂന്നായി

4 April 2022 3:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശൂരില്‍ ജ്യേഷ്ഠനെ അനിയന്‍ കൊലപ്പെടുത്തിയ സംഭവം; കുഴിച്ചുമൂടാന്‍ സഹായിച്ച മാതാവ് അറസ്റ്റില്‍
X

തൃശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ബാബുവിന്റെ മാതാവ് പത്മാവതിയാണ് അറസ്റ്റിലായത്. യുവാവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ഒന്നാംപ്രതിയും മകനുമായ സാബുവിനെ സഹായിച്ചതിനാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ മൂന്നായി. നേരത്തെ സാബുവിന്റെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 19ന് രാത്രിയോടെ ചേര്‍പ്പ് മുത്തുള്ളി സ്വദേശി കെ ജെ ബാബുവിനെ സഹോദരന്‍ സാബുവാണ് കൊല്ലപ്പെടുത്തിയത്. മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരന്‍ സാബുവിന്റെ മൊഴി. എന്നാല്‍ കഴുത്ത് ഞെരിച്ചപ്പോള്‍ അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതി സഹോദരന്‍ സാബു കുഴിച്ച് മൂടിയതാകാമെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ റിപ്പോര്‍ട്ടില്‍ ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം ഉണ്ടെന്ന് വ്യക്തമായി. ഇതോടെ അബോധാവസ്ഥയിലായ സഹോദരനെ മരിച്ചെന്ന് കരുതി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ബാബു മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പശുവിനെ കെട്ടാനായി സ്ഥലത്തെത്തിയ പ്രദേശവാസിയാണ് മണ്ണ് ഇളകി കിടക്കുന്നതായി കണ്ടത്. സംശയം തോന്നിയ പ്രദേശവാസി നാട്ടുകാരെ കൂട്ടി മണ്ണ് മാറ്റി നോക്കിയപ്പോള്‍ മണ്ണിനടിയില്‍ ഹോളോ ബ്രിക്സ് കട്ടകള്‍ നിരത്തിയതായി കണ്ടെത്തി. കട്ടകള്‍ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. കയ്യില്‍ ബാബു എന്ന് പച്ചകുത്തിയതായും കണ്ടു. ജില്ലാ റൂറല്‍ പൊലീസ് മേധാവി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തില്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരന്‍ സാബു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

ബാബുവിനെ ജീവനോടെയാണ് കുഴിച്ചിട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തിയിരുന്നു. നേരത്തെ ബാബുവിനെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചാണെന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ബാബുവിനെ കുഴിച്ചിടുമ്പോള്‍ ജീവനുണ്ടായിരുന്നു. കൃത്യത്തില്‍ അമ്മ പത്മാവതിക്കും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

STORY HIGHLIGHTS: Mother arrested in connection with the murder of Babu in Thrissur

Next Story