മൂലമറ്റം വെടിവെപ്പ്: പ്രതി ഉപയോഗിച്ച തോക്ക് 2014ല്‍ കൊല്ലനില്‍ നിന്നും വാങ്ങിയത്; ലൈസന്‍സില്ല
കൊല്ലന് മരിച്ചുപോയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം
28 March 2022 1:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൊടുപുഴ: മൂലമറ്റത്ത് ബസ് ജീവനക്കാരന് സനല്‍ ബാബുവിനെ കൊലപ്പെടുത്താന്‍ പ്രതി ഫിലിപ്പ് മാര്ട്ടിന് ഉപയോഗിച്ചത് നാടന്‍ തോക്കല്ലെന്ന് സൂചന. 2014ല്‍ ഒരു കൊല്ലനാണ് പ്രതിക്ക് ഈ തോക്ക് നല്‍കിയത്. നായാട്ടിനും പന്നിയെ തുരത്താനുമാണ് ഈ തോക്ക് ഇയാള്‍ സംഘടിപ്പിച്ചത്. കൊല്ലന് മരിച്ചുപോയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. തോക്കില്‍ നിന്നും രണ്ട് തിരകളും പ്രതിയുടെ വാഹനത്തില്‍ നിന്നും ഒരു തിരയും കണ്ടെടുത്തിരുന്നു. ലൈസന്‍സ് ഇല്ലാത്ത ഇരട്ടക്കുഴല്‍ തോക്കാണ് ഫിലിപ്പ് ഉപയോഗിച്ചതെന്ന് കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രിയോടെയായിരുന്നു തട്ടുകടയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയതിന് പിന്നാലെ ഫിലിപ്പ് മാര്ട്ടിന് രണ്ട് പേര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
മൂലമറ്റത്ത് അശോക കവലയിലെ തട്ടുകടയില്‍ എത്തിയ ഫിലിപ്പും കൂടെയുണ്ടായിരുന്ന ഒരാളും ഭക്ഷണം ആവശ്യപ്പെട്ടു. കൂടെ വന്നയാള്‍ ഭക്ഷണം കഴിച്ച് പണം നല്കിയ ശേഷം മടങ്ങിയെങ്കിലും ഫിലപ്പ് മാര്ട്ടിന് ബീഫ് ചോദിക്കുകയും ഇല്ലെന്ന് അറിയിച്ചപ്പോള്‍ ബഹളം വെയ്ക്കുകയായിരുന്നു. നാട്ടുകാരുമായി വാക്കേറ്റം ഉണ്ടാവുകയും ഇതില്‍ ഫിലിപ്പ് മാര്ട്ടിന് പരുക്കേറ്റിരുന്നു. ഇവിടെ നിന്നും വീട്ടിലേക്ക് പോയ പ്രതി തോക്കുമായി തിരിച്ചെത്തുകയായിരുന്നു. ആദ്യം തട്ടുകട ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്തു.
പിന്നീട് ഇവിടെ നിന്നും മുന്നോട്ട് പോയ പ്രതി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു പേര്‍ക്ക് നേരെ വെടിവെക്കുയായിരുന്നു. കൊല്ലപ്പെട്ട സനല്‍ ബാബുവിന്റെ (34) കഴുത്തിലും നെഞ്ചിലുമാണ് വെടിയേറ്റത്. പെല്ലറ്റുകള്‍ കഴുത്തിലൂടെയും നെഞ്ചിലൂടെയും തുളച്ചു കയറി. സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു. മുട്ടം സേറ്റഷന് പരിധിയില്‍ വെച്ചാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഈ അടുത്താണ് ഫിലിപ്പ് മാര്ട്ടിന് വിദേശത്തു നിന്നും തിരിച്ചെത്തിയത്.
STORY HIGHLIGHTS: Moolamattom shooting: Defendant's used gun purchased from blacksmith in 2014; No license