പിതാവും ഉപേക്ഷിച്ചതോടെ ഭിക്ഷാടകയായി; പൊലീസുകാരനുള്‍പ്പടെ 400 പേര് പീഡിപ്പിച്ചെന്ന് പതിനാറുകാരി
15 Nov 2021 3:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് മാസത്തിനിടെ 400 പേര് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ഒരു പൊലീസുകാരനടക്കം നിരവധി പേര് തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് 16-കാരി പൊലീസിന് നല്കിയ പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും മൂന്ന് പേരെ അറസ്റ്റുചെയ്തതായും ബീഡ് പൊലീസ് സൂപ്രണ്ട് രാജാ രാമസാമി അറിയിച്ചു.
അമ്മ മരണപ്പെട്ട പെണ്‍കുട്ടിയെ എട്ട് മാസം മുന്‍പ് പിതാവ് വിവാഹം ചെയ്ത് അയക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ മാതാപിതാക്കളില്‍ നിന്നും നിരന്തര പീഡനത്തിന് പെണ്‍കുട്ടി ഇരയായി. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയോട് ഭര്‍തൃഗൃഹത്തിലേക്ക് മടങ്ങണമെന്ന് പിതാവ് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വഴങ്ങാതെ വന്നതോടെ വീട്ടില്‍ നിന്നും പുറത്താക്കി. പിന്നീട് ബീഡ് ജില്ലയിലെ അംബാജോഗൈയിലെ ഒരു ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷാടനം നടത്തിയായിരുന്നു പെണ്‍കുട്ടി ജീവിച്ചിരുന്നത്.
ഈ സമയത്ത് 400-ഓളം പേര് തന്നെ പീഡനത്തിനിരയാക്കിയതായാണ് പെണ്‍കുട്ടി പറയുന്നത്. ഇതു സംബന്ധിച്ച് പരാതിപെടാന്‍ അംബജോഗൈയിലെ പൊലീസ് സ്റ്റേഷനില്‍ പലതവണ കയറിയിറങ്ങി. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണ് ചെയ്തതെന്നും പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മൊഴി നല്കി.
നിലവില്‍ രണ്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി ശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണത്തിലാണ് ഉള്ളത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പിതാവ് അടക്കമുള്ളവര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമം, ബലാത്സംഗം, ശാരീരിക പീഡനം, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ബീഡ് പൊലീസ് സൂപ്രണ്ട് രാജാ രാമസാമി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.