പ്ലസ്ടു വിദ്യാർത്ഥിനികള്‍ തമ്മില്‍ വാക്കുതര്‍ക്കം; ചോദിക്കാനെത്തിയ ആണ്‍ സുഹൃത്തുക്കള്‍ അയല്‍വാസിയെ കുത്തി
കാപ്പുംന്തല സ്വദേശിയായ പെണ്‍കുട്ടിയേയും കുറിച്ചി സ്വദേശികളായ രണ്ട് ആണ്‍ സുഹുത്തുക്കളെയും കടുത്തുരുത്തി പൊലീസ് പിടികൂടി.
8 Nov 2021 9:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കടുത്തുരുത്തിയില്‍ പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം ചോദ്യം ചെയ്യുന്നതിനിടെ ആണ്‍ സുഹൃത്തുക്കള്‍ അയല്‍വാസിയെ കുത്തി. കടുത്തുരുത്തി മങ്ങാട്ടിലാണ് സംഭവം. ബഹളം കേട്ട് എത്തിയ അയല്‍വാസിയും സിപിഐഎം പ്രവര്‍ത്തകനുമായ പരിഷത്ത് ഭവനില്‍ അശോകന് (54) ആണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ അശോകനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. ഫോണിലൂടെയുണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ പെണ്‍കുട്ടിയും, നാല് ആണ്‍ സുഹൃത്തുക്കളും ചേർന്ന് മങ്ങാട്ട് എത്തുകയായിരുന്നു. തുടര്‍ന്ന് ബഹളം കേട്ട് വിവരം തിരക്കാന്‍ എത്തിയ അശോകനെ നാലംഗ സംഘത്തിലൊരാള്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ബഹളത്തിനിടയില്‍ പടക്കം എറിഞ്ഞതായും നാട്ടുകാര്‍ പറഞ്ഞു.
ആക്രമത്തില്‍ കാപ്പുംന്തല സ്വദേശിയായ പെണ്‍കുട്ടിയേയും കുറിച്ചി സ്വദേശികളായ രണ്ട് ആണ്‍ സുഹുത്തുക്കളെയും കടുത്തുരുത്തി പൊലീസ് പിടികൂടി. മറ്റു രണ്ടുപേര്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൈലാസപുരം ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് എടുത്ത് രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.