Top

ലൊക്കേഷന്‍ കൃത്യമല്ലെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ കൈക്കലാക്കും; ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറിയുടെ മറവില്‍ ലഹരി വില്‍പന നടത്തിയ യുവാവ് പിടിയില്‍

ഒരു ഗ്രാം എംഡിഎംഎ ഇയാളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു

11 March 2022 1:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലൊക്കേഷന്‍ കൃത്യമല്ലെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ കൈക്കലാക്കും; ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറിയുടെ മറവില്‍ ലഹരി വില്‍പന നടത്തിയ യുവാവ് പിടിയില്‍
X

കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറിയുടെ മറവില്‍ ലഹരി മരുന്ന് വില്‍പന നടത്തിയ യുവാവ് എക്‌സൈസ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി തുമ്പമട ആറ്റിന്‍പുറം വീട്ടില്‍ നിതിനെയാണ് പിടികൂടിയത്. ഒരു ഗ്രാം എംഡിഎംഎ ഇയാളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു. കൊച്ചി കലൂര്‍ സ്റ്റേഡിയം റൗണ്ട് റോഡില്‍ ലഹരിമരുന്ന് കൈമാറാന്‍ എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്.

ഇയാളുടെ കയ്യില്‍ നിന്നും ലഹരിമരുന്ന് വാങ്ങാറുണ്ടായിരുന്ന വിദ്യാര്‍ത്ഥിനിയുടെ സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് എത്തിയത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയ്ക്ക് ആപ്പില്‍ നല്‍കിയ ലൊക്കേഷന്‍ കൃത്യമല്ലെന്നും തന്റെ വാട്‌സാപ്പിലേയ്ക്ക് ലൊക്കേഷന്‍ അയക്കാനും ഇയാളും ആവശ്യപ്പെടും. ഇങ്ങനെ നമ്പര്‍ കൈക്കലാക്കുന്ന ഇയാള്‍ അവരുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് മയക്കുമരുന്ന് വില്‍പ്പന നടത്തുക.

ഇതരസംസ്ഥാനങ്ങളില്‍ പഠനത്തിനും മറ്റുമായി പോകുന്നവരില്‍ നിന്നാണ് ഇയാള്‍ എംഡിഎംഎ എത്തിക്കാറുണ്ടായിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. പാര്‍ട്ടി ഗ്രേഡ് എന്ന് വിളിക്കുന്ന ലഹരി മരുന്നാണ് ഇയാളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത്. നിശാപാര്‍ട്ടികളില്‍ ഉപയോഗിച്ചുവരുന്ന ലഹരിമരുന്നാണ് ഇതെന്ന് എക്‌സൈസ് പറയുന്നു. ഇതിന് 16 മുതല്‍ 24 മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയില്‍ നിലനിര്‍ത്താന്‍ സാധിക്കും.

പഠിക്കാന്‍ ഏകാഗ്രത കിട്ടുമെന്നും ബുദ്ധിവര്‍ദ്ധിക്കുമെന്നുമെല്ലാം പറഞ്ഞാണ് ലഹരിമരുന്ന് കൈമാറുന്നതെന്നും ഗ്രാമിന് 3,000 രൂപവരെയാണ് ഈടാക്കിയിരുന്നതെന്നും എക്‌സൈസ് പറയുന്നു.

STORY HIGHLIGHTS: Man arrested for selling drugs under the guise of online food delivery

Next Story

Popular Stories