'കള്ളനെ കണ്ടം വഴി ഓടിച്ച് ആയിഷ'; മുളക് പൊടി വിതറിയപ്പോള്‍ പൂഴിക്കടന്‍, കോഴിക്കോട് സ്പെഷ്യല്‍ ഡിഫന്‍സ്
11 Oct 2021 5:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൃത്യമായ ആസൂത്രണത്തോടെ വീടുകളിലെത്തി മോഷ്ടിക്കുന്നവരെ പൊലീസിന് പോലും കീഴ്പ്പെടുത്തുക ശ്രമകരമായ ജോലിയാണ്. എന്നാല്‍ കോഴിക്കോട് സ്വദേശിനി ആയിഷയ്ക്ക് മുന്നില്‍ പ്രൊഫഷണല്‍ മോഷ്ടാവ് പോലും കണ്ടം വഴി ഓടി. രസകരമാണ് സംഭവമെന്ന് തോന്നുമെങ്കിലും ആയിഷയ്ക്ക് ജീവന്മരണ പോരാട്ടമായിരുന്നു ഇത്.
നഗരത്തിലെ ഗണ്ണിസ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി.എ ഹൗസ് വളപ്പിലുള്ള ആയിഷയുടെ വീട്ടില്‍ ഞായറാഴ്ച്ചയാണ് മോഷ്ടാവെത്തുന്നത്. ആയിഷയുടെ മാതാപിതാക്കള്‍ ഉറങ്ങുന്ന മൂറി ആദ്യമെ തന്നെ പൂട്ടിയ കള്ളന് പഴുതടച്ച മോഷണത്തിനായിരുന്നു ശ്രമിച്ചത്. പുറത്ത് തകര്‍ത്ത് പെയ്യുന്ന മഴയും ഇയാള്‍ക്ക് പിന്തുണ നല്കി. ഉറക്കെ കരഞ്ഞാല്‍ പോലും ആരും കേള്‍ക്കാത്ത അന്തരീക്ഷത്തില്‍ മോഷണം എളുപ്പമാണെന്ന് അയാളും ധരിച്ചു.
വീട്ടിലെ എല്ലായിടങ്ങളിലും അരിച്ചുപെറുക്കിയ കള്ളന് ഒന്നും ലഭിച്ചില്ല, ഒടുവില്‍ ആയിഷ ഉറങ്ങുന്ന മുറിയിലെത്തി. ആളനക്കം ശ്രദ്ധയില്‍പ്പെട്ട ആയിഷ കണ്ണുതുറന്നപ്പോള്‍ മുന്നിലൊരാള്. ബഹളം വെച്ചു, ശബ്ദം മഴയില്‍ മുങ്ങിയോതോടെ അപകടം മണത്തു. ഇതിനിടെ ആയിഷയെ കള്ളന് കീഴ്പ്പെടുത്തി. മുഖം അമര്‍ത്തി പിടിച്ചു, കൊല്ലുമെന്ന് ഭീഷണി. ധൈര്യം കൈവിടാതെ പണം വേണോയെന്ന് കള്ളനോട് ചോദ്യം. ലോട്ടറി അടിച്ച സന്തോഷത്തില്‍ കള്ളന് പിടിവിട്ടു.
പിടിവിട്ട സെക്കന്‍ഡില്‍ ആയിഷ കള്ളനെ തിരിച്ചാക്രമിച്ചു. മുറിക്ക് വെളിയിലേക്ക് തള്ളി, പുറത്താക്കി. മുളക് പൊടി എറിഞ്ഞ കള്ളനില്‍ നിന്ന് സാഹസികമായി ഒഴിഞ്ഞുമാറി. ബഹളം കേട്ട് അപ്പേഴേക്കും മാതാപിതാക്കളും കുഞ്ഞും ഉണര്‍ന്നു. കാര്യങ്ങള്‍ പിടിവിട്ടെന്ന് മനസിലായ കള്ളന് ജീവനും കൊണ്ടു ഓടിപ്പോയി. പിന്നീട് പൊലീസെത്തി അന്വേഷിച്ചെങ്കിലും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ആയിഷയുടെ മനോധൈര്യമാണ് മോഷ്ടാവിന് വിനയായത്. അതേസമയം മോഷ്ടാവ് ഒരു ബ്രേസ്ലറ്റ് കൈക്കാലാക്കിയാണ് കടന്നു കളഞ്ഞത്. അന്വേഷണം പുരോഗമിക്കുകയാണ്.