Top

'സൂര്യനെ കിട്ടിയില്ല, ഞാനൊരുത്തനെ തീർത്തിട്ടുണ്ട്'; ജോമോൻ 'സൈക്കോപ്പാത്ത്'

ലഹരി കടത്തും ക്വട്ടേഷനും ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ പങ്കാളിയാണെന്നാണ് വിവരം

17 Jan 2022 9:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൂര്യനെ കിട്ടിയില്ല, ഞാനൊരുത്തനെ തീർത്തിട്ടുണ്ട്; ജോമോൻ സൈക്കോപ്പാത്ത്
X

കോട്ടയം: സംസ്ഥാനത്തെ നടുക്കിയ ​ഗുണ്ടാകൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട പത്തൊമ്പതുകാരൻ ഷാൻ ബാബുവിനെ കൊലപ്പെടുത്തിയത് സൂര്യൻ എന്ന മറ്റൊരു ​ഗുണ്ടയെ കണ്ടെത്തുന്നതിനെന്ന് ജോമോൻ പൊലീസിനോട് വെളിപ്പെടുത്തി. സൂര്യനുമായി ഷാൻ ബന്ധമുണ്ടെന്ന് മനസിലാക്കിയ ജോമോൻ മറ്റു രണ്ടുപേരുമായി ഓട്ടോറിക്ഷയിലെത്തി. സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന ഷാനിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

സൂര്യന്റെ ഒളിത്താവളം കാണിച്ചുകൊടുക്കാൻ ഷാൻ തയ്യാറാവാതിരുന്നത് പ്രതിയെ കൂടുതൽ പ്രകോപിതനാക്കിയെന്നും സൂചനയുണ്ട്. മുൻപ് കാപ്പ ചുമത്തി നാടുകടത്തിയെ വ്യക്തിയാണ് പ്രതി. എന്നാൽ കോടതി മുഖാന്തരം അനുമതി വാങ്ങിയ ഇയാൾ വീണ്ടും ജില്ലയിൽ പ്രവേശിച്ചു. എല്ലാ ആഴ്ച്ചയും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടാൻ നിർദേശമുണ്ടായിരുന്നു. ഇത് പാലിക്കുകയും ചെയ്തു. ജില്ലയിൽ ​ഗുണ്ടാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന ജോമോന് കാപ്പ ചുമത്തപ്പെട്ടതോടെ കാര്യങ്ങൾ കൈവിട്ടു.

ലഹരി കടത്തും ക്വട്ടേഷനും ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ പങ്കാളിയാണെന്നാണ് വിവരം. ​ജോമോന്റെ സംഘത്തിലുണ്ടായിരുന്നവർ ഓരോന്നായി വേർപിരിഞ്ഞതോടെ ഇയാൾക്ക് മറ്റു സംഘങ്ങളുമായി പകയായി. ഇതാണ് സൂര്യനെ കൊലപ്പെടുത്താനുള്ള തീരുമാനത്തിന് പിന്നിൽ. ഏറെ നാൾ അന്വേഷിച്ചെങ്കിലും സൂര്യനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് ഷാനിനെ തേടിയിറങ്ങിയത്. കൊല നടത്തിയ ശേഷവും ഇയാൾ കൂസസില്ലാതെയാണ് പൊലീസിനെ സമീപിച്ചത്. നടന്നതെല്ലാം വിവരിക്കുകയും ചെയ്തു.

താനൊരാളെ തീർത്തതായി ജോമോൻ അലറി വിളിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രൂരകൃത്യങ്ങൾ നിർവ്വഹിക്കാൻ യാതൊരു മടിയുമില്ലാത്ത സൈക്കോപാത്തുകൾക്ക് സമാനമാണ് പ്രതിയുടെ സ്വഭാവമെന്നാണ് പൊലീസ് നൽകുന്ന സൂചന. പോത്തൻകോട് അരുംകൊലയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ​ഗുണ്ടാ ആക്രമണങ്ങൾ പതിവാകുന്നത് പൊലീസിന് തലവേ​ദന സൃഷ്ടിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Next Story