Top

അദ്ധ്യാപകൻ്റെ പീഡനം; സെന്‍റ്​ ജെമ്മാസ്​ സ്കൂൾ അധികൃതർക്കെതിരെയും അന്വേഷണം

എയ്ഡഡ് സ്കൂൾ അധ്യാപകനായിരുന്ന ശശികുമാർ കഴിഞ്ഞ മാർച്ചിൽ വിരമിച്ചതിനോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പൂർവ വിദ്യാർഥിനികളിലൊരാൾ പങ്കുവെച്ച കുറിപ്പിനെത്തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്

15 May 2022 8:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അദ്ധ്യാപകൻ്റെ പീഡനം; സെന്‍റ്​ ജെമ്മാസ്​ സ്കൂൾ അധികൃതർക്കെതിരെയും അന്വേഷണം
X

മലപ്പുറം: സിപിഐഎം പ്രദേശിക നേതാവും ന​ഗരസഭ അം​ഗവുമായ മുൻ അധ്യാപകൻ വി ശശികുമാറിനെതിരെയുള്ള പീഡന പരാതിയിൽ സെന്‍റ് ​ജെമ്മാസ്​ സ്കൂൾ അധികൃതർക്കെതിരെയും അന്വേഷണം വ്യാപിപ്പിക്കും. പൊലീസും വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് അന്വേഷണം ആരംഭിച്ചത്.

മലപ്പുറം നഗരസഭ 11ാം വാർഡ് സിപിഎം കൗൺസിലറും റിട്ടയർ അധ്യാപകനുമായ കെ വി ശശികുമാറിനെതിരേ പീഡന കാലത്ത് തന്നെ പരാതി നൽകിയെങ്കിലും സെന്റ് ജെമ്മാസ് സ്കൂൾ അധികൃതർ അത് മറച്ചുവയ്ക്കുകയായിരുന്നെന്ന് പൂർവ വിദ്യാർഥിനികൾ ആരോപിച്ചിരുന്നു. സ്കൂൾ കോർപറേറ്റ് മാനേജ്മെന്‍റിന് നൽകിയ പരാതികളടക്കം അവഗണിക്കുകയായിരുന്നു. പോക്സോ കുറ്റകൃത്യത്തിന് സ്കൂൾ മാനേജ്മെന്റും പ്രതിയാകുമെന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

സ്കൂൾ, കോളേജ്​ എന്നിവിടങ്ങളിലെ റാഗിങ്​ സംബന്ധിച്ച പരാതികളിൽ പോലും നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ അധ്യാപകനെതിരായ പീഡന പരാതി പൊലീസിന്​ കൈമാറാതിരുന്നത് ​ഗുരുതരമായ കുറ്റമാണ്. നടപടികൾ പൂർത്തിയാക്കി സ്കൂൾ അധികൃതരിൽ നിന്നുൾപ്പെ​ടെ മൊഴിയെടുക്കാനാണ്​ പൊലീസിന്‍റെ തീരുമാനം. തുടർന്ന്​ ശശികുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ​ചെയ്യുകയും ​തെളിവെടുപ്പ്​ നടത്തുകയും ചെയ്യും. മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ്​ സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണം ​ആരംഭിച്ചത്​​. പൊതുവിദ്യാഭ്യാസ വകുപ്പ്​ ഡയറക്ടർ ജീവൻ ബാബുവിനോടാണ്​ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്​. സ്കൂൾ മേധാവിയിൽനിന്നും അധ്യാപകരിൽനിന്നും മാനേജ്​മെന്‍റ്​ പ്രതിനിധികളിൽനിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ​ശേഖരിക്കും.

എയ്ഡഡ് സ്കൂൾ അധ്യാപകനായിരുന്ന ശശികുമാർ കഴിഞ്ഞ മാർച്ചിൽ വിരമിച്ചതിനോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പൂർവ വിദ്യാർഥിനികളിലൊരാൾ പങ്കുവെച്ച കുറിപ്പിനെത്തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇരയായ ഒട്ടേറെപേർ ഈ പോസ്റ്റിന് കീഴിൽ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് ഇയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൂർവ വിദ്യാർഥിനികൾ രംഗത്തെത്തുകയായിരുന്നു. ഇവരുടെ നേതൃത്വത്തിൽ വിദ്യാർഥിനികൾ നൽകിയ പരാതിയിലാണ് മലപ്പുറം വനിത പോലീസ് കേസെടുത്തത്. ഇതേതുടർന്ന് ശശികുമാറിനെ സസ്പെൻഡ് ചെയ്തതായും എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കിയതായും സിപിഎം ജില്ല സെക്രട്ടറി അറിയിച്ചിട്ടുണ്ട്. പാർട്ടി നിർദേശപ്രകാരം ചൊവ്വാഴ്ച കൗൺസിലർ സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് ശശികുമാർ മലപ്പുറം നഗരസഭ സെക്രട്ടറിക്ക് തപാൽ വഴി അയച്ചുകൊടുത്തിരുന്നുവെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.

STORY HIGHLIGHTS: Kerala Teacher Sexually Abuses Primary School Children: Investigation Against St Gemma's School Authorities

Next Story