Top

'നി​ഗൂഢതകളുടെ നന്ദൻകോട് കൂട്ടക്കൊല'; ചിരിച്ച മുഖവുമായി മാധ്യമങ്ങളെ കണ്ട കേദൽ ജിൻസൻ ഇപ്പോൾ എവിടെയാണ്

അസാമാന്യ ബുദ്ധി സാമർത്ഥ്യമുള്ള വ്യക്തിയായിരുന്നു കേദൽ. ഫിലിപൈൻസിലും, ഓസ്ട്രേലിയയിലും പഠനം. എന്നാൽ എ‍ഞ്ചിനിയറിം​ഗ് പാതിവഴിക്ക് ഉപേക്ഷിച്ച് അയാൾ നാട്ടിലേക്ക് തിരികെയെത്തി

10 May 2022 2:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നി​ഗൂഢതകളുടെ നന്ദൻകോട് കൂട്ടക്കൊല; ചിരിച്ച മുഖവുമായി മാധ്യമങ്ങളെ കണ്ട കേദൽ ജിൻസൻ ഇപ്പോൾ എവിടെയാണ്
X

2017 ഏപ്രിൽ 9 രാത്രി, തിരുവനന്തപുരം നന്ദൻകോട് ബേൽസ് കോംപൗണ്ടിലെ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന് സമീപത്തുള്ള വീട്ടിൽ തീയും പുകയും ഉയരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. പ്രൊഫസർ രാജാ തങ്കം , ഡോക്ടർ ജീൻ പത്മ ദമ്പതികളും കുടുംബവുമാണ് വീട്ടിൽ താമസം. പൊതുവെ നാട്ടുകാരുമായി സൗഹൃദം സൂക്ഷിച്ചിരുന്നു രാജാ തങ്കത്തിന്റെ വീട്ടിലേക്ക് കുതിച്ചെത്താൻ ആർക്കും മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. വീട്ടിലേക്ക് എത്തിയവരെ കാത്തിരുന്നത് പുഴുവരിച്ച് കത്തിച്ച നിലയിലുള്ള നാല് മൃതദേഹങ്ങളായിരുന്നു. മനുഷ്യ ശരീരത്തിന്റെ മാതൃകയിലുള്ള മറ്റെന്തോ ശരീരങ്ങൾക്ക് സമീപത്തുണ്ട്.

രാജാ തങ്കം, ജീൻ പത്മ, മകൾ കരോളിൻ, ബന്ധു ലളിത എന്നിവരാണ്‌ മരിച്ചതെന്ന് സ്ഥിരീകരിക്കാൻ പൊലീസിന് അധിക സമയം ആവശ്യമായി വന്നില്ല.

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. ദ്രുത​ഗതിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി. സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും രാജാ തങ്കത്തിന്റെ മകൻ കേദൽ ജിൻസനെ കണ്ടെത്താനായിരുന്നില്ല. സമീപ ദിവസങ്ങളിൽ പ്രദേശവാസികളായവരിൽ ചിലർ കേദലിനെ കാണുകയും ചെയ്തിട്ടുണ്ട്. വീട് വൃത്തിയാക്കാൻ വരുന്ന സ്ത്രീയോട് വീട്ടിലുള്ള മറ്റുള്ളവർ ഒരിടം വരെ പോയിരിക്കുകയാണെന്ന് കേദൽ പറ‍ഞ്ഞിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇതോടെ സംശയദൃഷ്ടി കേദലിലേക്ക് നീണ്ടു. സംസ്ഥാനം മുഴുക്കെ പൊലീസ് വലവിരിച്ചു.

ഒരാഴ്ച്ചയ്ക്ക് ശേഷം തമ്പാന്നൂരിൽ വെച്ച് കേദൽ പിടിയിലാവുന്നു. കൊലപാതകം നടത്തിയ ശേഷം ചെന്നൈയിലേക്ക് ഒളിവിൽ പോയ കേദൽ എന്തിന് തിരിച്ചുവന്നുവെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേരളം ഒട്ടാകെ കാത്തിരുന്ന ചോദ്യമായിരുന്നു ആദ്യം പൊലീസും ആ കൊടും കുറ്റവാളിയോട് ചോദിച്ചത്. എന്തിന് സ്വന്തം അമ്മയെയും അച്ഛനെയും സഹോദരിയെയും കണ്ണുപോലും കാണാത്ത വയോധികയായ ബന്ധുവിനെയും അതിക്രൂരമായി കൊലപ്പെടുത്തി. ആദ്യം കേദൽ മൗനം പാലിച്ചു. മാധ്യമങ്ങൾക്ക് മുന്നിലെത്തുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ നേരിട്ടു.

ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന 'സൈക്കോ' മുഖമായി ഇതോടെ കേദൽ മാധ്യമങ്ങളിൽ നിറഞ്ഞു.

കൊലപാതക കാരണം സംബന്ധിച്ച ചോദ്യത്തിന് അധികം വൈകാതെ കേദൽ ഉത്തരം നൽകി. 'ആസ്ട്രൽ പ്രൊജക്‌ഷൻ'. കേരളാ പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാവും ഈ വാക്ക് കേൾക്കുന്നത്. മനശാസ്ത്രജ്ഞരുടെ സഹായം തേടിയ പൊലീസിന് മുന്നിലേക്കെത്തിയത് കേരള മനസാക്ഷി ഒട്ടാകെ പിടിച്ച് കുലുക്കിയ ഞെട്ടിക്കുന്ന വിവരങ്ങളാണ്. 'ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കുക. അതുവഴി സ്വർ​ഗത്തിൽ അവർ വിഹരിക്കുന്നത് തനിക്ക് കാണാനാവും'. സാത്താനിസം പ്രാക്ടീസ് ചെയ്യുന്നവർ പോലും മടിക്കുന്ന കൊടും ക്രൂരത ചെയ്ത രീതിയും കേദൽ പൊലീസിനോട് ഓരോന്നായി വിവരിച്ചു.

താൻ വികസിപ്പിച്ച ​പുതിയ ​ഗെയിം കാണിക്കാനെന്ന വ്യാജേനെ അമ്മയെ മുകളിലേക്ക് വിളിച്ച് വെട്ടി കൊലപ്പെടുത്തി ബാത് റൂമിൽ മൃതദേഹം സൂക്ഷിച്ചു. കൊലയ്ക്ക് മുന്‍പ് ആയുധമായി മഴു മുറിക്കുള്ളില്‍ സജ്ജീകരിച്ചിരുന്നു. സമാന രീതിയിൽ അച്ഛനും സഹോദരിയും കൊലപ്പെടുത്തി. പിന്നീട് വയോധികയും അന്ധയുമായ ബന്ധുവിനെയും കൊലപ്പെടുത്തി. ഒരു രാത്രിയിൽ നാലുപേരും കൊല്ലപ്പെട്ടു. മൂന്ന് ദിവസത്തോളം മൃതദേഹത്തിനൊപ്പം കഴിഞ്ഞു. ഈ ദിവസങ്ങളിൽ ഹോട്ടലിലെത്തി അഞ്ച് പേർക്കുള്ള ഭക്ഷണം വാങ്ങി. വീട്ടിൽ എല്ലാവരുമുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഇരുട്ടു മുറിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിന് ശേഷം മൃതദേഹത്തിൽ നിന്ന് ദുർ​ഗന്ധം വമിക്കാൻ തുടങ്ങി. ഇതോടെയാണ് കത്തിക്കാനുള്ള തീരുമാനത്തിലെത്തുന്നത്.

നാല് മൃതദേഹങ്ങൾ പെട്രോളൊഴിച്ച് കത്തിച്ച് നാട് വിട്ടു. തന്റെ ശരീരത്തിന്റെ ആകൃതിയിലുള്ള ഡമ്മിയുണ്ടാക്കി അതും കത്തിച്ചു. ചെന്നൈയിൽ ഒളിവിൽ കഴി‍ഞ്ഞു. ഏഴ് ദിവസത്തിന് ശേഷം നാട്ടിലേക്ക് തിരികെയെത്തി. സാത്താൻ സേവയെന്ന് പ്രാദേശിക ഭാഷയിൽ വിളിക്കുന്ന കർമ്മങ്ങൾ ചെയ്യുന്നതിനാണ് കൊലപാതകങ്ങളെന്ന് മനോരോ​ഗ വിദ​ഗ്ദരോട് കേദൽ പറഞ്ഞിരുന്നു. പക്ഷേ പതിയെ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. തന്നെ അവ​ഗണിച്ചതിനാൽ കൊടുംക്രൂരതയെന്നും വയോധിക ഒറ്റയ്ക്കാവാതിരിക്കാൻ കൊന്നുവെന്നും പറഞ്ഞു. പൊലീസ് വിശ്വസിച്ച മൊഴി ഇതായിരുന്നു.

അസാമാന്യ ബുദ്ധി സാമർത്ഥ്യമുള്ള വ്യക്തിയായിരുന്നു കേദൽ. ഫിലിപൈൻസിലും, ഓസ്ട്രേലിയയിലും പഠനം. എന്നാൽ എ‍ഞ്ചിനിയറിം​ഗ് പാതിവഴിക്ക് ഉപേക്ഷിച്ച് അയാൾ നാട്ടിലേക്ക് തിരികെയെത്തി. ​ഗെയിമുകൾക്കായി ഒരു സെർച്ച് എഞ്ചിൻ വികസിപ്പിച്ച കേദൽ ലക്ഷങ്ങൾ റോയൽറ്റി വാങ്ങിയിരുന്നുവെന്ന് സൂചനയുണ്ട്. പിതാവ് പ്രൊഫസർ, അമ്മ ഡോക്ടർ, പെങ്ങൾ ചൈനയിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ജോലിക്കായി കാത്തിരിക്കുന്നു. കൊടും ക്രൂരതയിലേക്ക് നയിച്ച കാരണങ്ങൾ പലതാണെന്നാണ് മനശാസ്ത്രം നൽകുന്ന മറുപടി. സ്കീസോഫ്രീനിയ എന്ന മാനസിക രോഗം പ്രതിക്ക് ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുന്നുണ്ട്.

എന്നാൽ കൊലപാതകം തരുന്ന ഒരുതരം ഭ്രമത്തില്‍ അഭിരമിച്ചാണ് കൃത്യം നടത്തിയതെന്നും ഡാർക് വെബിലൂടെ കേദൽ ഇത്തരം കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്നുള്ള തിയറികളും നിലവിലുണ്ട്.

ജയിലിൽ നിന്ന് മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് കേദലിന് മാറ്റുകയാണ് പൊലീസ് ആദ്യം ചെയ്തത്. സഹതടവുകാരുമായി നിരന്തരം പ്രശ്നങ്ങൾ ഉടലെടുത്തതിനെ തുടർന്നായിരുന്നു നടപടി. ഇടയ്ക്ക് ഭക്ഷണം ശ്വാസനാളത്തിൽ കടന്ന് അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടു. പിന്നാലെ ന്യൂമോണിയയും. എന്നാൽ അദ്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരികെയെത്തി. തിരുവനന്തപുരം ജില്ലയിലെ ഊളൻപാറ മാനസികാരോ​ഗ്യ കേന്ദ്രത്തിലെ ഒരു സെല്ലിലാണ് ഇപ്പോൾ കേദൽ. അഞ്ചാം പാതിര എന്ന മലയാള സിനിമ കേദലിന്റെ ജീവിതത്തെ റഫറൻസായി എടുത്ത ചിത്രങ്ങളിലൊന്നാണ്.

Story Highlights: Kedal jinson life nanthancode mass murder

Next Story