'ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു, മുളക് പൊടി വിതറി രക്ഷപ്പെട്ടു'; കണ്ടത്തുവയല്‍ ഇരട്ടക്കൊല വിധി വരുമ്പോള്‍
19 Feb 2022 10:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പൊലീസ് സമീപകാലത്ത് അന്വേഷിച്ച ഏറ്റവും ശ്രമകരമായ കൊലപാതക കേസായിരുന്നു വയനാട് ജില്ലയിലെ കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം. 2018 ജൂലായ് ആറിനായിരുന്നു നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രത്യക്ഷത്തില്‍ പൊലീസിന് യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് കൃത്യത്തിന് ശേഷം പ്രതി സ്ഥലം വിട്ടത്.
പൊലീസ് നായ മണം പിടിച്ചു വരാതിരിക്കാന്‍ പരിസരത്ത് മുളക് പൊടി വിതറി. 700 ഓളെ പേരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി പൊലീസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയി. രാത്രി കണ്ടത്തുവയലിന് സമീപത്ത് കൂടെ കടന്നുപോയ ലോറികളും മറ്റു വാഹനങ്ങളും പരിശോധിച്ചു. കുറ്റ്യാടി ചുരമുറങ്ങിയ ചരക്കുവാഹനങ്ങളെല്ലാം കര്‍ശന നിരീക്ഷണത്തിലാക്കി. എന്നിട്ടും ഒരു തുമ്പും ലഭിച്ചില്ല. പ്രൊഫഷണല്‍ രീതിയിലുള്ള മോഷണത്തിനിടെയാണ് കൊല നടന്നതെന്ന് പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നു.
ചെറിയ മോഷ്ടാക്കള്‍, ഇതര ജില്ലാ മോഷ്ടാക്കള്‍, കൂട്ടമായി എത്തുന്ന മോഷണം സംഘ എന്നിവരെയെല്ലാം പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. 'റിപ്പര്‍ മോഡല്‍' മോഷണം നടത്തുന്നവരായിരുന്നു പ്രധാനമായും ലിസ്റ്റില്‍. അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിച്ചത്. അന്വേഷണം രണ്ടുമാസം പിന്നിട്ടപ്പോഴേക്കും പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ അന്വേണസംഘത്തിന് ലഭിച്ചു. ഒടുവില്‍ സെപ്റ്റംബറില്‍ കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ തേടി പൊലീസെത്തി.
മോഷ്ടിക്കാനുള്ള എല്ലാ തന്ത്രങ്ങളുമായിട്ടാണ് പ്രതി കണ്ടത്തുവയലിലെത്തുന്നത്. ഫാത്തിമയുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയില്‍ ഭർത്താവ് ഉമ്മര്‍ ഉണര്‍ന്നു. കൈയ്യിലുണ്ടായിരുന്ന കമ്പവടി കൊണ്ട് ഉമ്മറിനെ പ്രതി ആഞ്ഞടിച്ചു, ഇരുവരുടെയും ബോധം മറഞ്ഞുവെന്ന് ഉറപ്പാക്കിയ ശേഷം മോഷണം പൂര്‍ത്തിയാക്കി. പരിസരത്ത് നിന്ന് യാതൊരു തെളിവും ലഭിക്കാതിരിക്കാന്‍ മുളക് പൊടി വിതറി. കൊലയാളി വിശ്വനാഥനാണെന്ന് ആദ്യം മുതലെ പൊലീസ് സംശയിച്ചിരുന്നെങ്കിലും തെളിവു ശേഖരിക്കാന്‍ സാധിച്ചില്ല. സംശയമുള്ളവരുടെ ചുരുക്കപ്പട്ടികയില്‍ പ്രധാനിയായി വിശ്വനാഥന് നിലനിന്നതോടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലായതിന് ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചിട്ടില്ല.
ഇന്ന് പ്രതി വിശ്വനാഥൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പഴുതടച്ച് അന്വേഷിച്ച പൊലീസിന് അഭിമാനിക്കാവുന്ന വിധിയാണിത്. കൽപ്പറ്റ സെഷൻ കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിൽ ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കും. ഒരിക്കലും പിടിക്കപ്പെടില്ലെന്ന വിശ്വനാഥന്റെ അമിത ആത്മവിശ്വാസമാണ് പൊലീസിന് തുണയായത്. പരമാവധി ശിക്ഷ ഉറപ്പിക്കാനാവും പ്രോസിക്യൂഷന് ശ്രമിക്കുക.
STORY HIGHLIGHTS: Kandthuvayal Double Murder History