Reporter Exclusive: ദിലീപിന്റെ മൊബൈലിലെത്തിയത് പകര്‍പ്പെടുക്കാന്‍ അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകള്‍
കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിലേക്ക് കോടതിയില്‍ നിന്നും രഹസ്യ രേഖകള്‍ എത്തിയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെട്ടു
25 March 2022 10:22 AM GMT
ആർ രോഷിപാൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണസംഘത്തിന് ഞെട്ടിക്കുന്ന തെളിവുകള്‍. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നെന്ന വിവരം റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. വാട്‌സാപ്പ് വഴിയാണ് ദിലീപിന് രേഖകള്‍ ലഭിച്ചത്. ദിലീപിന്റെ ഫോണില്‍ നിന്നും മാറ്റപ്പെട്ട കോടതി രേഖകള്‍ ഫോറന്‍സിക് സംഘം വീണ്ടെടുത്തു. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിലേക്ക് കോടതിയില്‍ നിന്നും രഹസ്യ രേഖകള്‍ എത്തിയെന്ന വിവരം പൊലീസ് തന്നെ സ്ഥിരീകരിച്ചത് വന്‍ വഴിത്തിരിവുകള്‍ക്ക് ഇടയാക്കിയേക്കും.
നേരത്തെ ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകളും നശിപ്പിച്ചുവെന്ന് സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. കോടതിയില്‍ നിന്നും കൈമാറിയ രഹസ്യ രേഖകളാണ് ദിലീപിന്റെ Q3 മൊബൈല്‍ ഫോണില്‍ നിന്നും നശിപ്പിച്ചതെന്നും സായ് ശങ്കര്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. വാട്‌സ് ആപ്പ് വഴി രേഖകള്‍ ദിലീപിന്റെ ഫോണില്‍ എത്തിയതെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നെങ്കിലും ആരാണ് കോടതി രേഖകള്‍ ദിലീപിന് കൈമാറിയതെന്ന് സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നില്ല.
അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും സായ് ശങ്കര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജഡ്ജിയോ സ്റ്റാഫോ ആയിരിക്കില്ലേ രേഖകള്‍ അയച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന് സ്വാഭാവികമെന്ന മറുപടിയാണ് സായ് ശങ്കര്‍ നല്‍കിയത്. ഇതിന് പിന്നാലെ രേഖകള്‍ വീണ്ടെടുക്കാന്‍ സായ്യുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഐമാക് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.
ദിലീപിന്റെ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെയാണ് കണ്ടെത്തിയത്. ഈ ദിവസങ്ങളില്‍ സായ് ശങ്കര്‍ പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലിലും മുറിയെടുത്തിരുന്നു. ഇവിടെ നിന്ന് ഗ്രാന്‍ഡ് ഹയാത്തിലെത്തിയാണ് തെളിവുകള്‍ നശിപ്പിച്ചത്. പൊലീസിനെ കബളിപ്പിക്കാന്‍ വേണ്ടിയാണ് അവന്യൂ സെന്റര്‍ ഹോട്ടലിലും സായ് ശങ്കര്‍ മുറിയെടുത്തതെന്നാണ് നിഗമനം.
ഈ മൂന്ന് ദിവസവും ഈ രണ്ട് ഹോട്ടലുകളിലായി മാറി മാറിയാണ് സായ് ശങ്കര്‍ താമസിച്ചത്. തെളിവ് നശിപ്പിക്കാന്‍ വേണ്ടി മാത്രമായി ഇയാള്‍ ഹയാത്തില്‍ എത്തുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിനിടെ ദിലിപിന്റെ അഭിഭാഷകന്റെ ഓഫീസിലും സായ് ശങ്കര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഡല്‍ഹി സ്വദേശിയായ അഖില്‍ എന്നയാളുടെ സഹായത്തോടെയാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.
പരിശോധനകള്‍ക്കായി മുംബൈയിലേക്ക് അയച്ച ഫോണുകള്‍ തിരിച്ചെത്തിയപ്പോള്‍ അതും സായ് ശങ്കറിന്റെ കൈവശം നല്‍കിയിരുന്നു. തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെട്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു ഇതെന്നാണ് സൂചന. ആ ഫോണില്‍ നശിപ്പിക്കപ്പെടാതിരുന്നതില്‍ ചിലത് കൊച്ചിയില്‍ വച്ച് സായ് ശങ്കര്‍ നശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി. ഇതോടെ വധഗൂഢാലോചന കേസിലെ തെളിവുകള്‍ നശിപ്പിച്ചതിനെ സായ് ശങ്കറെയും കേസില്‍ പ്രതിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
STORY HIGHLIGHTS: investigating team recovers confidential court data from dileeps phone