'വെടിയുണ്ട രഞ്ജു കുര്യന്റെ നെഞ്ചു പിളര്‍ത്തി പുറത്തേക്ക് പോയി'; കാഞ്ഞിരപ്പള്ളി വെടിവെയ്പ്പില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
8 March 2022 10:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വത്തു തര്‍ക്കത്തിന്റെ പേരിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട രഞ്ജു കുര്യന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. രഞ്ജു കുര്യന്റെ നെഞ്ചിന് നടുവിലാണ് വെടിയേറ്റിട്ടുള്ളത് എന്നാണ് വിവരം. നെഞ്ചു പിളര്‍ത്തി വെടിയുണ്ട പുറത്തേക്ക് പോയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
സ്വത്തു തര്‍ക്കത്തിന്റെ പേരിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേരാണ് കാഞ്ഞിരപ്പള്ളിയില്‍ കൊല്ലപ്പെട്ടത്. സഹോദരങ്ങളായ രഞ്ജു കുര്യന് ജോര്‍ജ്ജ് കുര്യനും തമ്മിലുള്ള സ്വത്ത് തര്‍ക്കം പരിഹരിക്കുന്നതിന് ഇടെയായിരുന്നു അക്രമണം ഉണ്ടായത്. ജോര്‍ജ്ജ് കുര്യന്റെ വെടിവെയ്പ്പില്‍ ആദ്യം രഞ്ജു കുര്യനും പിന്നാലെ മധ്യസ്ഥത വഹിക്കാനെത്തിയ മാതൃസഹോദരന്‍ മാത്യൂ സ്കറിയയും കൊല്ലപ്പെടുകയായിരുന്നു.
ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം തൊട്ടടുത്ത് നിന്നാണ് രഞ്ജുവിന് വെടിയേറ്റത് എന്നാണ് വ്യക്തമാക്കുന്നത്. ഇടനെഞ്ചിലേക്ക് ഉതിര്‍ത്ത വെടിയുണ്ട നെഞ്ചുപിളര്‍ന്ന് വാരിയെല്ലിനു സമീപത്തുകൂടി പുറത്തേക്ക് പോയെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പിന്നാലെ പൊലീസ് നിഗമനം എന്നാണ് വിവരം. നാല് വെടിയുണ്ടകള്‍ ജോര്‍ജ്ജ് കുര്യന്റെ റിവോള്‍വറില്‍ നിന്ന് പുറത്തേക്ക് പോയതായാണ് കണ്ടെത്തിയത്. ഇതില്‍ ഒന്നു മാത്രമാണ് രഞ്ജുവിന്റെ ശരീരത്തില്‍ പതിച്ചിരിക്കുന്നതെന്നാണ് പൊലീസിന് കണ്ടെത്താനായത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോസ്റ്റ് മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. രഞ്ജുവിന്റെ മാതൃസഹോദരന്‍ മാത്യൂ സ്കറിയയുടെ ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും ഉടന്‍ ഉണ്ടാവുമെന്നാണ് വിവരം.
അതേസമയം, തര്‍ക്കത്തിനിടെ സഹോദരന് തന്നെ ആക്രമിച്ചുവെന്നും സ്വയരക്ഷക്കയാണ് സഹോദരനും മാതൃ സഹോദരനും നേരെ വെടിയുതിര്‍ത്തതെന്നുമാണ് പ്രതി ജോര്‍ജ്ജ് കുര്യന്റെ മൊഴി. സ്വത്തിന്റെ പേരില്‍ കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ വച്ച് രഞ്ജുവും മാത്യൂവും തന്നെ ആക്രമിച്ചെന്നാണ് ജോര്‍ജ്ജ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മുറിയില്‍ വച്ച് ഉന്തും തള്ളുമുണ്ടായി. ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിനായാണ് ഇരുവര്‍ക്കും നേരെ വെടിയുതിര്ത്തെതന്നും ജോര്‍ജ്ജ് പറയുന്നു.
തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ അരങ്ങേറിയത്. കുടുംബ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെയ്പ്പിലും കൊലപാതകത്തിലും കലാശിച്ചത്. കൊച്ചിയില്‍ ഫ്ലാറ്റ് നിര്‍മ്മാതാവായ ജോര്‍ജ്, കുടുംബ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വിറ്റിരുന്നു. ഇതറിഞ്ഞ രഞ്ജു തിങ്കളാഴ്ച ഉച്ചയോടെ ഊട്ടിയില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ എത്തി. കാര്യങ്ങള്‍ സംസാരിക്കുന്നതിടെ വാക്ക് തര്‍ക്കമായി. തുടര്‍ന്നാണ് കൈയില്‍ കരുതിയ റിവോള്‍വര്‍ ഉപയോഗിച്ച് രഞ്ജുവിനും മാത്യൂ സക്കറിയക്കും എതിരെ വെടിയുതിര്‍ത്തത്.
Content Highlight: Inquest report on the Kanjirapally shooting Case
- TAGS:
- Kanjirapally
- Crime
- MAN KILLED