Top

സ്വത്തിന് വേണ്ടി അമ്മ കൊലപ്പെടുത്തിയ മകള്‍; ഷീന ബോറ കൊലപാതകത്തിന്റെ നാള്‍വഴികള്‍

16 Dec 2021 12:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വത്തിന് വേണ്ടി അമ്മ കൊലപ്പെടുത്തിയ മകള്‍; ഷീന ബോറ കൊലപാതകത്തിന്റെ നാള്‍വഴികള്‍
X

മകള്‍ ജീവനോടെയുണ്ടെന്ന ഇന്ദ്രാണി മുഖർജിയുടെ പുതിയ വെളിപ്പെടുത്തലോടെ വീണ്ടും സജീവ ചർച്ചിയിലേക്ക് വരികയാണ് ഷീന ബോറ കൊലക്കേസ്. സിബിഐ അന്വേഷണം അവസാനിപ്പിച്ച കേസില്‍ ഇന്ദ്രാണി മുഖർജി പുനരന്വേഷണവും ആവശ്യപ്പെട്ടതോടെ നിർണ്ണായക വഴിത്തിരിവിലേക്കാണ് കേസെത്തുന്നത്. സ്വത്തിന് വേണ്ടി പ്രമുഖ മീഡിയ എക്സിക്യൂട്ടീവുകളായ അമ്മയും രണ്ടാനച്ഛനും ഡ്രെെവറുടെ സഹായത്തോടെ 2012-ല്‍ ഷീന ബോറയെ കൊലപ്പെടുത്തി എന്നാണ് 2015-ല്‍ സമർപ്പിക്കപ്പെട്ട സിബിഐ കുറ്റപത്രം. 2021 ഓഗസ്റ്റില്‍ സിബിഐ ക്ലോസ് ചെയ്ത കേസ്, ഷീന ബോറ എന്ന 24 കാരിയുടെ തിരോധാനത്തിന്റെയും കൊലപാതകത്തിന്റയും ഞെട്ടിക്കുന്ന കഥയാണ്.

ഷീന ബോറ കൊലപാതകത്തിന്റെ നാള്‍ വഴികള്‍:

ഇന്ദ്രാണി മുഖർജിയുടെ ആദ്യ വിവാഹത്തിലെ മകളായിരുന്നു ഷീന ബോറ. സിദ്ധാർത്ഥ് ദാസാണ് ഷീനയുടെയും സഹോദരന്‍ മിഖായേലിന്റെയും പിതാവ്. കോളേജ് കാലത്തെ ഈ ബന്ധം വളരെ രഹസ്യമായിവെച്ചിരുന്നതിനാല്‍ തന്നെ സഹോദരിയായി ആയിരുന്നു ഷീനയെ ഇന്ദ്രാണി പലർക്കും പരിചയപ്പെടുത്തിയിരുന്നത്.

2012 ഏപ്രിൽ 24: ഷീന ബോറ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് അവധിയില്‍ പോകുകയും, പിന്നീട് രാജിവച്ചതായി കണക്കാക്കപ്പെടുകയും ചെയ്തു. തുടർന്ന് ഷീനയെ കാണാതായെങ്കിലും കുടുംബാംഗങ്ങളോ ബന്ധുക്കളോ പൊലീസില്‍ പരാതിപ്പെട്ടില്ല. ഷീനയെ കുറിച്ച് അന്വേഷിച്ച ബന്ധുക്കളോട് ഷീന അമേരിക്കയിലേക്ക് പോയെന്നാണ് ഇക്കാലയളവില്‍ ഇന്ദ്രാണി മുഖർജി പറഞ്ഞിരുന്നത്.

2012 മെയ് 23: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ നിന്ന് അഴുകിയ നിലയില്‍ ഒരു മൃതദേഹം പൊലീസ് കണ്ടെത്തി.

2015 ഓഗസ്റ്റ് 25: ഏകദേശം മൂന്ന് വർഷത്തിന് ശേഷം ഇന്ദ്രാണി മുഖർജിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും കൊൽക്കത്തയിൽ അറസ്റ്റിലായി.

അനധികൃത ആയുധങ്ങള്‍ കെെവശംവെച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാംവർ റായിയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഇരുവരുടെയും അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ ഷീന ബോറയുടെ തിരോധാനത്തെക്കുറിച്ച് ഇയാൾ പൊലീസിന് മൊഴി നല്‍കുകയായിരുന്നു. ഷീനയെ കൊലപ്പെടുത്തിയതായും മൃതദേഹം താനാണ് ഉപേക്ഷിച്ചതെന്നും റായ് സമ്മതിച്ചു. ഒരുമിച്ചുള്ള ചോദ്യം ചെയ്യലില്‍ ഇന്ദ്രാണി മുഖർജിയും കുറ്റം സമ്മതിച്ചു.

ഷീന ബോറയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മഹാരാഷ്ട്രയിലെ ഒരു മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു ഡ്രെെവറുടെ മൊഴി.

2015 സെപ്തംബർ 18: പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് പരിശോധന നടത്തി. കൊലപാതകം നടന്ന സ്ഥലവും മൃതദേഹം ഉപേക്ഷിച്ച സ്ഥലവും പ്രതികള്‍ പൊലീസിന് മുന്നില്‍ വെളിപ്പെടുത്തി. ഷീന ബോറയ്ക്കും സഹോദരൻ മിഖായേലിനും ഇന്ദ്രാണി മുഖർജി അയച്ച ഇമെയിലും പൊലീസ് കണ്ടെത്തി.

2015 നവംബർ 19: ഷീന ബോറ കേസ് സിബിഐക്ക് കെെമാറുകയും കേസിൽ ഇന്ദ്രാണി മുഖർജി, സഞ്ജീവ് ഖന്ന, ശ്യാംവർ റായി എന്നിവരെ പ്രതികളാക്കി സിബിഐ ആദ്യ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

ഇന്ദ്രാണി മുഖർജിയുടെ ഭർത്താവും മാധ്യമ സ്ഥാപനത്തിന്റെ മേധാവിയുമായ പീറ്റർ മുഖർജിയുടെ മുൻ വിവാഹത്തിലെ മകനായ രാഹുൽ മുഖർജിയുമായി ഷീന ബോറക്കുണ്ടായിരുന്ന ബന്ധവും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രം.

2016 ഫെബ്രുവരി 16: പീറ്റർ മുഖർജിയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി രണ്ടാം കുറ്റപത്രം സമർപ്പിച്ചു.

2016 ഒക്ടോബർ 21: ഇന്ദ്രാണി മുഖർജിയെ പ്രധാന പ്രതിയാക്കി സിബിഐ മൂന്നാം കുറ്റപത്രം സമർപ്പിച്ചു. ഷീന ബോറയും രാഹുൽ മുഖർജിയും വിവാഹിതരായാൽ സ്വത്തെല്ലാം അവർക്ക് ലഭിക്കുമെന്നും ഇരുവരുടെയും മകളായ വിദ്ധിക്ക് ഒന്നും ലഭിക്കില്ലെന്നും ഇന്ദ്രാണി മുഖർജി സഞ്ജീവ് ഖന്നയുമായി കൂടിയാലോചിച്ചതായി സിബിഐ കുറ്റപത്രത്തില്‍. ഷീന ബോറയുടെ തിരോധാനം മറച്ചുവെക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്നായിരുന്നു പീറ്റർ മുഖർജിക്ക് എതിരായ കുറ്റം.

2017 ഫെബ്രുവരി 17: കേസില്‍ വിചാരണ ആരംഭിച്ചു. പീറ്റർ മുഖർജിക്കും ഇന്ദ്രാണി മുഖർജിക്കും എതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ടു.

2018 ഡിസംബർ 8: ഗൂഢാലോചനക്ക് പുറമെ കൊലപാതകത്തിലും പീറ്റർ മുഖർജിക്ക് പങ്കുള്ളതായി സിബിഐ കോടതിയില്‍.

2019 ഒക്ടോബർ 3: ഇന്ദ്രാണി മുഖർജിയും പീറ്റർ മുഖർജിയും വിവാഹമോചിതരായി.

2020 മാർച്ച് 20: പീറ്റർ മുഖർജിക്ക് ജാമ്യം ലഭിച്ചു. നാല് വർഷത്തെ ജയില്‍ വാസത്തിന് ശേഷം പീറ്റർ മുഖർജി ജയില്‍ മോചിതനായി.

2021 ജൂലൈ 24: പ്രത്യേക സിബിഐ കോടതി ഇന്ദ്രാണി മുഖർജിയുടെ ജാമ്യ ഹർജി തള്ളി. ഷീന ബോറ തിരോധാനത്തിലും കൊലപാതകത്തിലും ഇന്ദ്രാണി മുഖർജി പ്രധാന പങ്കുവഹിച്ചെന്ന് കാണിച്ചായിരുന്നു ജാമ്യം നിഷേധിച്ചത്.

2021 ഓഗസ്റ്റ് 17: സിബിഐ കേസ് അവസാനിപ്പിച്ചു. ഡ്രൈവർ ശൈംവർ റായ് പ്രധാന സാക്ഷിയായി.

2021 ഡിസംബർ 16: തന്റെ മകൾ ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്നും, ജമ്മു കശ്മീരിൽ വെച്ച് ഷീനയെ കണ്ടതായി ഒരു സ്ത്രീ തന്നെ അറിയിച്ചതായും ഇന്ദ്രാണി മുഖർജി അവകാശപ്പെട്ടു. അതേസമയം, കേസ് വീണ്ടും പുനരന്വേഷണത്തിന് എത്തിക്കുന്നതിലൂടെ ജാമ്യ സാധ്യത തുറക്കാനാണ് പുതിയ അവകാശവാദമെന്നും നിരീക്ഷണങ്ങളുണ്ട്.

Next Story