'മദ്യപിച്ച് ബഹളമുണ്ടാക്കി' ; തൃശൂരില്‍ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടി
മുത്തുള്ളിയാല് തോപ്പിന് സമീപം കുഴിച്ചിട്ട നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു
24 March 2022 9:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവ് സഹോദരനെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഇയാള്‍ മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചു മൂടി. മുത്തുള്ളി സ്വദേശി കെജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന് കെജെ സാബുവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. ബാബു മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് സാബു മൊഴി നല്കി.
വ്യാഴാഴ്ച രാവിലെ പശുവിനെ കെട്ടാനായി സ്ഥലത്തെത്തിയ പ്രദേശവാസി മണ്ണ് ഇളകി കിടക്കുന്നതായി കാണുകയും തുടര്‍ന്ന് ഒരു കൈ പുറത്തേക്ക് കിടക്കുന്നതായും കണ്ടെത്തി. ഇയാള്‍ പ്രദേശവാസികളായ മറ്റുള്ളവരെ വിവരമറിയിച്ച ശേഷം അവരോടൊപ്പം മടങ്ങിയെത്തിയപ്പോള്‍ നേരത്തേ മാറിക്കിടന്നിരുന്ന മണ്ണ് തിരികെ മൂടിയിട്ടതായും കണ്ടു. സംശയം തോന്നിയ നാട്ടുകാര്‍ മണ്ണ് മാറ്റി നോക്കിയപ്പോള്‍ മണ്ണിനടിയില്‍ ഹോളോ ബ്രിക്സ് കട്ടകള്‍ നിരത്തിയതായി കണ്ടെത്തി. കട്ടകള്‍ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. ഈ കയ്യില്‍ ബാബു എന്ന് പച്ചകുത്തിയതായും കണ്ടു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍പ്പ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കൊല ചെയ്തശേഷം മൃതദേഹം കുഴിച്ചിട്ടതാണെന്നാണ് സൂചനയെത്തുടര്‍ന്ന് ജില്ലാ റൂറല്‍ പൊലീസ് മേധാവി ഐശ്വര്യ ഡോങ്റേയുടെ നേതൃത്വത്തില്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാബുവിനെ സഹോദരന് സാബു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
STORY HIGHLIGHTS: In Thrissur, a young man killed his brother and buried him