'യാചകരെയും വീടില്ലാത്തവരെയും ആനന്ദത്തിന് വേണ്ടി കൊല്ലുക'; ഹൈദരാബാദിലെ സൈക്കോ കില്ലറുടെ ജീവിതം സിനിമയേക്കാള്‍ ഭയാനകം
2019ല്‍ ഒരു കൊലപാതക കേസില്‍ അറസ്റ്റിലായ ഖദീര്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഈ രണ്ട് കൊലപാതകങ്ങളും നടക്കുന്നത്.
7 Nov 2021 9:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഹൈദരാബാദ്: രണ്ടാഴ്ച്ചക്കിടെ മൂന്ന് പേര് കൊല്ലപ്പെട്ടതോടെയാണ് ഹൈദരാബാദ് നഗരത്തില്‍ സീരിയല്‍ കില്ലറുടെ സാന്നിദ്ധ്യമുണ്ടെന്ന് പൊലീസ് സംശയിക്കുന്നത്. സിനിമയെ വെല്ലുന്ന കൊലപാതകങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ ഞെട്ടിച്ചെങ്കിലും ജനങ്ങളെ പരിഭ്രാന്തരാക്കാതെ പൊലീസ് ആദ്യഘട്ടത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി. മൂന്ന് കൊലപാതകങ്ങളുടെ രീതികളും തെരഞ്ഞെടുപ്പും ഒരേ രീതിയിലായതിനാല്‍ പൊലീസ് കുറ്റവാളി ഒരാളാണെന്ന് ആദ്യഘട്ടത്തില്‍ തന്നെ ഉറപ്പിച്ചിരുന്നു. നഗരത്തിലെ കുറ്റവാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പ്രധാനമായും നീങ്ങിയത്.
നവംബര്‍ ഒന്നാം തിയതി നമ്പള്ളിയില്‍ രണ്ട് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. നമ്പള്ളി റെയില്‍ വേ സ്റ്റേഷന് നടപ്പാതയുടെ സമീപത്ത് ഒരാളുടെയും ഒരു ടിഫിന്‍ സെന്ററിന്റെ പിന്നിലായി മറ്റൊരാളുടെ മൃതദേഹവുമാണ് കണ്ടെത്തുന്നത്. ഭിക്ഷക്കാരാണ് കൊല്ലപ്പെട്ടവരെന്നാണ് ആദ്യം പൊലീസിന് ലഭിച്ച സൂചന. ഇരുവരും രാത്രികാലങ്ങളില്‍ നടപ്പാതകളില്‍ കിടന്നുറങ്ങുന്നവരാണെന്ന് പിന്നീട് വ്യക്തമായി. രണ്ട് കൊലപാതകങ്ങളും ശൈലി ഒന്നു തന്നെയായിരുന്നുവെന്നത് പൊലീസിന് കുറ്റവാളിയെക്കുറിച്ച് സൂചന നല്കി. രണ്ടു പേരുടെയും തലയ്ക്ക് അടിച്ചാണ് കൊല, ഇരുവരും രക്തം വാര്‍ന്നു മരിച്ചുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
അന്വേഷണത്തിനിടയില്‍ പൊലീസിന് ബൊറബാണ്ട സ്വദേശി മുഹമ്മദ് ഖദീറിനെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചു. 2019ല്‍ ഒരു കൊലപാതക കേസില്‍ അറസ്റ്റിലായ ഖദീര്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഈ രണ്ട് കൊലപാതകങ്ങളും നടക്കുന്നത്. 2019ല്‍ ഖദീറിന്റെ ക്രൂരതയ്ക്ക് ഇരയായത് ഒരു ഭിക്ഷക്കാരനായിരുന്നു. കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു. നമ്പള്ളിയില്‍ കൊല്ലപ്പെട്ടവര്‍ക്കും യാചകരുടെ സ്വഭാവമുണ്ട്. പ്രതിയെ ചോദ്യം ചെയ്തതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.
വെറും 150 രൂപയുടെ മദ്യം ചോദിച്ചതിനാണ് നമ്പള്ളിയിലെ ആദ്യ കൊലപാതകമെന്ന് ഖദീര്‍ പറഞ്ഞു. രണ്ടാമത്തെ കൊല കിടക്കാന്‍ സ്ഥലം നിഷേധിച്ചതിന്. അതിക്രൂരമായി തലയ്ക്ക് കല്ലുകള്‍ കൊണ്ടിടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പ്രതി കൂസലില്ലാതെ പറഞ്ഞു. ഇതിനിടിയില്‍ നമ്പള്ളി മുര്‍ഗി മാര്‍ക്കറ്റില്‍ വെച്ച് മറ്റൊരു യാചകനെ കൊന്നുവെന്നും ഖദീറിന്റെ വെളിപ്പെടുത്തല്‍.
2019ലെ കൊലപാതകത്തിന് സമാന രീതിയിലാണ് മൂന്ന് കൊലപാതകങ്ങളും നടന്നത്. പ്രതി സൈക്കോ സീരിയല്‍ കില്ലറാണെന്ന് ഹൈദരാബാദ് കമ്മീഷണര്‍ അഞ്ജാനി കുമാര്‍ ചൂണ്ടിക്കാണിച്ചു. പ്രതിക്കെതിരേ പി.ഡി. ആക്ട് ചുമത്തുമെന്നും ജുഡീഷ്യല്‍ റിമാന്‍ഡിലിരിക്കെ തന്നെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വാങ്ങിനല്‍കാന്‍ ശ്രമിക്കുമെന്നും ജോയന്റ് കമ്മീഷണര്‍ എ.ആര്.ശ്രീനിവാസയും വ്യക്തമാക്കുന്നു.