ഡല്‍ഹി സ്കൂളിന് മുന്നില്‍ കത്തി ആക്രമണം; പത്താം ക്ലാസുകാരെ കുത്തിയത് മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികള്‍
പരിക്കേറ്റ നാലുപേരില്‍ ഗുരുതരാവസ്ഥയിലുള്ള ഒരു വിദ്യാർത്ഥി ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്.
12 Dec 2021 6:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഡല്‍ഹിയില്‍ നാല് സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് കുത്തേറ്റു. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറിലെ സര്വോദയബാല സ്കൂളിന് മുന്നില്‍വെച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ ത്രിലോക്പുരിയിലെ ഗവ. ബോയ്സ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ ഗൗതം, റെയ്ഹാന്, ആയുഷ്, ഫൈസാന്‍ എന്നിവർക്ക് പരിക്കേറ്റു. പത്താം ക്ലാസ് പരീക്ഷക്കായി സര്‍വോദയ ബാലവിദ്യാലയ സ്കൂളിലെത്തിയപ്പോഴായിരുന്നു ആക്രമണം.
സമീപത്തുള്ള മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ആക്രണത്തിന് പിന്നിലെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇരു സ്കൂളിലെയും കുട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരുന്നെന്നും ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പരീക്ഷക്കുശേഷം സ്കൂളിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വിദ്യാർത്ഥികളെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി സ്കൂളിന് സമീപത്തെ പാര്‍ക്കിലേക്ക് കുട്ടികള്‍ ചിതറിയോടിയെങ്കിലും പിന്തുടർന്ന സംഘം ഇവരെ ആക്രമിക്കുകയും കുത്തിപരിക്കേല്പ്പിക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികളായ കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ നാലുപേരില്‍ ഗുരുതരാവസ്ഥയിലുള്ള ഒരു വിദ്യാർത്ഥി ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്. മറ്റ് കുട്ടികള്‍ ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി.
അതേസമയം, അക്രമികളെ കണ്ടെത്താനായി പാര്‍ക്കിലേയും സമീപത്തേയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായി പൊലീസ് അറിയിച്ചു.