Top

'പണയത്തിലായ സ്വർണത്തിന്റെ പേരിൽ ഭാര്യയുടെ അവഹേളനം'; മകളെ പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തിൽ പ്രതിയുടെ മൊഴി

17 Oct 2021 5:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പണയത്തിലായ സ്വർണത്തിന്റെ പേരിൽ ഭാര്യയുടെ അവഹേളനം; മകളെ പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തിൽ പ്രതിയുടെ മൊഴി
X

ഭാര്യയെയും മകളെയും പുഴയിൽ തള്ളിയിട്ട് ഒന്നരവയസ്സുകാരി മകൾ കൊല്ലപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പിതാവ് ഷിജു പൊലീസ് പിടിയിലായത്. തലശ്ശേരി കോടതി ജീവനക്കാരനാണ് ഷിജു. ഒന്നരവയസ്സുകാരിയായ മകൾ അൻവിതയെയും അമ്മ സോനയെയും പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. സോനയെ നാട്ടുകാർ രക്ഷിച്ചെങ്കിലും മകൾ മരിച്ചു. ഇരുവരെയും പുഴയിൽ തള്ളിയിട്ട ശേഷം ഓടി മറയുകയായിരുന്നു ഷിജു. ഒളിവിലായ ഷിജുവിനെ ഇന്നലെ കതിരൂർ പൊലീസാണ് പിടികൂടിയത്.

കൊവിഡ് കാരണം പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രക്കുളത്തിൽ ഷിജു ചാടിയത് ശ്രദ്ധയിൽപ്പെട്ടവർ വിവരം പൊലീസിെന അറിയിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. സാമ്പത്തിക പ്രശ്നം വന്നപ്പോൾ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ ഭാര്യ നിരന്തരം അവഹേളിച്ചിരുന്നെന്നാണ് ഷിജു പൊലീസിനു നൽകിയിരിക്കുന്ന മൊഴി.

കൊല്ലപ്പെട്ട അൻവിതയുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പൊന്ന്യം നാലാം മൈലിനടുത്ത സോനയുടെ തറവാട്ട് വീട്ടിലെത്തിച്ച് സംസ്കരിച്ചു.

കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് സംഭവം നടന്നത്. പാത്തിപ്പാലം വള്ള്യായി റോഡിലെ ജല അതോറിറ്റിക്ക് സമീപത്തെ ചാത്തന്‍മൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും കണ്ടെത്തിയത്. അമ്മയുടെ നിലവിളി കേട്ട് നാട്ടുകാരും ഫയർ ഫോഴ്‌സും രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നരവയസ്സുള്ള കുട്ടിയുടെ മൃതദേഹം പുഴയുടെ സമീപത്തു നിന്നും കണ്ടെടുത്തു.

Next Story

Popular Stories