Top

ഹരിദാസന്റെ വീടിന് സമീപത്ത് വാളുകളും ഇരുമ്പുദണ്ഡും; ആക്രമിക്കാൻ വിവിധ സംഘങ്ങളെത്തിയെന്ന് സൂചന

ഹരിദാസന്റെ ഇടത് കാൽ മുട്ടിന് താഴെ വച്ച് മറിച്ച് മാറ്റി, മുറിവുകളുടെ എണ്ണം കണക്കാക്കാനാവാത്ത വിധം ശരീരം വികൃതമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു

21 Feb 2022 10:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിദാസന്റെ വീടിന് സമീപത്ത് വാളുകളും ഇരുമ്പുദണ്ഡും; ആക്രമിക്കാൻ വിവിധ സംഘങ്ങളെത്തിയെന്ന് സൂചന
X

തലശേരി ന്യൂമാഹിക്കടുത്ത് കൊലപ്പെട്ട സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ വീടിന് സമീപത്ത് നിന്ന് ആയുധങ്ങൾ ലഭിച്ചതായി സൂചന. ഇന്ന് പുലർച്ചെ ഹരിദാസനെ കൊലപ്പെടുത്താനെത്തിയ സംഘത്തിന്റേതാണ് ആയുധങ്ങളെന്നാണ് വിവരം. വാളുകൾ, ഇരുമ്പു​ദണ്ഡുകൾ തുടങ്ങിയവയാണ് കണ്ടെടുത്തിരിക്കുന്നത്. ഫോറൻസിക് സം​ഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. അതിക്രൂരമായിട്ടാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു.

ഹരിദാസന്റെ ഇടത് കാൽ മുട്ടിന് താഴെ വച്ച് മറിച്ച് മാറ്റി, മുറിവുകളുടെ എണ്ണം കണക്കാക്കാനാവാത്ത വിധം ശരീരം വികൃതമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ ഇരുപതിലധികം വെട്ടുകളേറ്റതിന്റെ മുറിവുകളുണ്ട്. മുറിവുകളിൽ അധികവും അരയ്ക്ക് താഴെയാണ്. ഇടത് കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴ് പേർ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പ്രതികരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ് എന്നും ആറ് സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത് എന്നും കമ്മീഷണർ വ്യക്തമാക്കി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കഴിഞ്ഞ ദിവസം വിവാദ പ്രസംഗം നടത്തിയ ബിജെപി കൗൺസിലറെയും കസ്റ്റഡിയിൽ എടുക്കുമെന്നും കമ്മീഷണർ പ്രതികരിച്ചു. ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് അതിക്രൂര കൃത്യത്തിന് പിന്നിലെന്നാണ് സിപിഐഎം ആരോപണം. ഹരിദാസിനെ വകവരുത്തുമെന്ന തരത്തിൽ മുന്നറിയിപ്പ് പോലും ബിജെപി പരസ്യമായി നടത്തിയിരുന്നെന്നും സിപിഐഎം ചൂണ്ടിക്കാണിക്കുന്നു.

രക്ഷപ്പെടാൻ അനുവദിക്കാതെ വിവിധ സംഘങ്ങളായി നിലയുറപ്പിച്ചു

നിലവിൽ നാലം​ഗ സംഘമാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന നി​ഗമനത്തിലാണ് പൊലീസ്. ഹരിദാസ് യാതൊരു കാരണവശാലും രക്ഷപ്പെടരുതെന്ന ലക്ഷ്യത്തോടെ വലിയ ആസൂത്രണം അക്രമികൾ നടത്തിയിരുന്നുവെന്നും സൂചനകളുണ്ട്. ജീവ ഭയം കൊണ്ട് ഹരിദാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചാൽ പിന്തുടരാൻ വിവിധ പ്ര​ദേശങ്ങളിൽ അക്രമികൾ നിലയുറപ്പിച്ചതായിട്ടാണ് വിവരം. ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.

സിപിഐഎമ്മിന്റെ സജീവ പ്രവർത്തകനാണ് കൊല്ലപ്പെട്ട പുന്നോൽ സ്വദേശി ഹരിദാസ്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. മത്സ്യത്തൊഴിലാളിയായ ഹരിദാസ് രണ്ട് മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്തെക്കുറിച്ച് അക്രമിസംഘത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഹരിദാസിനെ സ്കെച്ച് ചെയ്യാന്‍ എതിർ പാളയത്തില്‍ പരിചയക്കാരുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ സിപിഐഎം- ആർഎസ്എസ് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ ബാക്കിപത്രമാണ് കൊലയെന്നാണ് ആക്ഷേപം.

STORY HIGHLIGHTS: Cpim activist haridas murder investigation

Next Story