ശ്രീനിവാസന് വധം: പല തവണ കടയ്ക്ക് മുന്നിലൂടെ കടന്നുപോയി; കൊലയ്ക്ക് തൊട്ടുമുമ്പുള്ള പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത്
മൂന്നു ബൈക്കുകളിലായാണ് സംഘം ശ്രീനിവാസനെ ഏറെ നേരം നിരീക്ഷണം നടത്തിയത്
20 April 2022 11:06 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകാന്‍ സാധ്യത. പ്രതികളെ ഇതിനോടകം തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കൃത്യം നടത്തുന്നതിന് തൊട്ട് മുന്‍പ് കൊലയാളി സംഘം മാര്‍ക്കറ്റ് റോഡിലെത്തിയതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. മൂന്നു ബൈക്കുകളിലായാണ് സംഘം ശ്രീനിവാസനെ ഏറെ നേരം നിരീക്ഷണം നടത്തിയത്.
കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള ആറ് പ്രതികളില്‍ നാല് പേരെക്കുറിച്ചുള്ള കൃത്യമായ സൂചനകള്‍ അന്വേഷണ സംഘത്തിന് നേരത്തേ ലഭിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് എഡിജിപി വിജയ് സാഖറെ പറയുന്നത്. കേസില്‍ നിരവധി പേരെ ഇതിനോടകം പൊലീസ് കസ്റ്റഡിയിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതികള്‍ ഉപയോഗിച്ച ഇരുചക്രവാഹനങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചത്. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ കൊലപാതകത്തിന് തൊട്ട് മുന്‍പ് പ്രതികള്‍ മാര്‍ക്കറ്റ് റോഡിലൂടെ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. മൂന്ന് ബൈക്കുകളില്‍ അക്രമിസംഘം എത്തുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. കൃത്യം നടക്കുന്നതിന് തൊട്ടു മുന്‍പ് 12.46ന് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
കൊലപാതകം നടന്ന ദിവസം രാവിലെ 10.30 മുതല്‍ പ്രതികള്‍ മാര്‍ക്കറ്റ് റോഡിലൂടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് തൊട്ട് മുന്‍പ് പലതവണ കടയ്ക്ക് മുന്നിലൂടെ സംഘം കടന്നുപോയി സാഹചര്യം നിരീക്ഷിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. അക്രമസംഭവങ്ങളുടെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നീട്ടി. 24 വരെയാണ് ജില്ലയില്‍ നിരോധനാജ്ഞ. പ്രതികളെ ഉടന്‍ പിടികൂടാന്‍ പ്രത്യേക സംഘത്തെ എഡിജിപി വിജയ് സാഖറെ നിയോഗിച്ചിട്ടുണ്ട്.
STORY HIGHLIGHTS: CCTV Footages of accused in Sreenivasan Murder goes in front of shop before murder as surveillance