അച്ഛനെയും അമ്മയെയും തുടരെ വെട്ടി; ചോരയില്‍ വഴുതി വീണു; മൃതദേഹത്തിനടുത്തിരുന്ന് ആപ്പിള്‍ കഴിച്ച് സനല്‍; അരും കൊല
12 Jan 2022 6:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട് പുതുപ്പരിയാരത്ത് ഓട്ടൂര്‍ക്കാവില്‍ നടന്നത് അരും കൊല. ദേവി, ചന്ദ്രന് എന്നീ വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത് താന്‍ തന്നെയെന്ന് മകന് സനല്‍ പൊലീസിനോട് സമ്മതിച്ചു. തീര്‍ത്തും ഞെട്ടിക്കുന്ന തരത്തിലായിരുന്നു തെളിവെടുപ്പിനിടെയിലെ സനലിന്റെ പെരുമാറ്റം. യാതൊരു വിഷമവുമില്ലാതെ എങ്ങനെയാണ് അച്ഛനെയും അമ്മയെയും കൊന്നതെന്ന് ഇയാള്‍ പൊലീസിനോട് വിശദീകരിച്ചു.
അമ്മയെയാണ് ആദ്യം വെട്ടിയതെന്ന് സനല്‍ പറഞ്ഞു. 33 വെട്ടുകളാണ് അമ്മയുടെ ശരീരത്തിലുള്ളത്. കൊലനടന്ന ദിവസം രാവിലെ അമ്മ വെള്ളം ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സനലിനെ പ്രകോപിച്ചത്. തര്‍ക്കം കടുത്തപ്പോള്‍ അടുക്കളയില്‍ നിന്നും അരിവാളും കൊടുവാളുമെടുത്ത് സനല്‍ അമ്മയെ വെട്ടി. ഭാര്യയെ വെട്ടുന്നത് കണ്ട് നിലവിളിച്ച നടുവിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛന് ചന്ദ്രനെയും സനല്‍ വെട്ടി. ചന്ദ്രന്റെ ശരീരത്തില്‍ 26 വെട്ടുകളാണുള്ളത്. മരണം ഉറപ്പു വരുത്താന്‍ അമ്മയുടെ ദേഹത്ത് കൈയ്യില്‍ കരുതിയിരുന്ന വിഷക്കുപ്പി തുറന്ന് സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവെക്കാന്‍ ശ്രമിച്ചു. ഇതിനിടെ ചോരയില്‍ വഴുതി വീണ്് സിറിഞ്ച് ഒടിഞ്ഞുവെന്ന് സനല്‍ പൊലീസിനോട് പറഞ്ഞു. ഇരുവരും ജീവനു വേണ്ടി പിടയുമ്പോള്‍ ഇവരുടെ മുറിവുകളില്‍ സനല്‍ കീടനാശിനിയും വിഷവുമൊഴിച്ചു. കൊലയ്ക്ക് ശേഷം അച്ഛന് കിടന്ന ശുചിമുറിയിലേക്ക് ഇയാള്‍ രക്തം ഒഴുക്കി ക്കളഞ്ഞു. ഇതിനു ശേഷം അമ്മയുടെ മൃതദേഹത്തനടുത്തിരുന്ന് ആപ്പിള്‍ കഴിച്ചു.
പിന്നീട് ചോരപുരണ്ട ഷര്‍ട്ട് പിന്നിലെ വിറകു പുരയില്‍ വിറകിനടിയില്‍ ഒളിപ്പിച്ച് കുളിച്ച് വൃത്തിയായ ശേഷം പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു. ബംഗ്ലൂരുവിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. അച്ഛനും അമ്മയും മരിച്ചെന്നും ഉടനെത്തണമെന്നുമായിരുന്നു പൊലീസ് സനലിനോട് പറഞ്ഞത്. തന്നെ ആരും സംശയിക്കുന്നില്ലെന്ന് കരുതിയ സനല്‍ തിരിച്ചെത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു.
കൊല നടന്ന സമയത്ത് സനല്‍ ധരിച്ചിരുന്ന ചോര പുരണ്ട ഷര്‍ട്ട് കണ്ടെത്തി. നോര്‍മല്‍ ഈസ് ബോറിംങ് എന്നായിരുന്നു ഇതിനു മുകളിലെഴുതിയത്. വിഷക്കുപ്പി കുളിമുറിയുടെ സണ്‍ഷേഡില്‍ നിന്നാണ് കണ്ടെത്തിയത്. മുംബൈയില്‍ ജ്വല്ലറിയില്‍ ജോലി ചെയ്തിരുന്നയാളാണ് സനല്‍. കൊവിഡിനിടെ ജോലി നഷ്ടമായി. അതോടെ ഏറെ നാളായി മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. മാരക ലഹരി വസ്തുക്കള്‍ സനല്‍ ഉപയോഗിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കൊല നടന്ന പുതുപ്പരിയാരം ഓട്ടൂര്ക്കാവിനടുത്താണ് കഴിഞ്ഞ ദിവസം പുലി ഇറങ്ങിയ ഉമ്മിനി എന്ന സ്ഥലം. ഇവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശമുള്ളതിനാല്‍ ആരും പുറത്തിറങ്ങിയിരുന്നില്ല. ഇതിനാല്‍ ആരും ശബ്ദമൊന്നും കേട്ടില്ല. രാവിലെ എറണാകുളത്തുള്ള മകള്‍ സൗമിനി ചന്ദ്രനെയും ദേവിയെയും ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചു. ബന്ധുവും പഞ്ചായത്ത് മെമ്പറുമായ രമേഷ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.