Top

'16, 17 വയസുള്ള പെണ്‍കുട്ടികള്‍ കൊന്ന് കാലറുത്തെടുക്കുകയോ' ? ദുരൂഹത ഉണര്‍ത്തുന്ന അമ്പലവയല്‍ കൊലപാതകം

മൃതദേഹത്തിൽ നിന്ന് മുറിച്ചെടുത്ത കാൽ അമ്പലവയലിലെ മാലിന്യപ്ലാന്റിലെത്തിയത് എങ്ങനെയെന്നും പരിശോധിക്കുകയാണ്.

29 Dec 2021 8:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

16, 17 വയസുള്ള പെണ്‍കുട്ടികള്‍ കൊന്ന് കാലറുത്തെടുക്കുകയോ ? ദുരൂഹത ഉണര്‍ത്തുന്ന അമ്പലവയല്‍ കൊലപാതകം
X

അമ്പലവയൽ ആയിരം കൊല്ലിയിൽ വൃദ്ധന്റെ കൊലപാതകത്തിൽ ദുരൂഹത. കൊലപാതകത്തിന്റെ സ്വഭാവവും കുറ്റകൃത്യം മറച്ചുവെക്കാൻ പ്രതികൾ ശ്രമിച്ചതുമാണ് കൊലപാതകത്തിൽ ദുരൂഹത ഉണർത്തുന്നത്. കഴിഞ്ഞ ദിവസമാണ് ആയിരംകൊല്ലിയിൽ 68 വയസുകാരൻ മുഹമ്മദിന്റെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തുന്നത്. ചാക്കിലുണ്ടായിരുന്ന മൃതദേഹത്തിൽ മുഹ​മ്മദിന്റെ കാലുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ മൃതദേഹത്തിൽ നിന്ന് മുറിച്ചെടുത്ത കാൽ അമ്പലവയലിലെ മാലിന്യപ്ലാന്റിൽ നിന്ന് കണ്ടെത്തി. മൃതദേഹം വിവിധ കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കാൻ പ്രതികൾ ശ്രമിച്ചുവെന്നതിന് സൂചനയാണിത് നൽകുന്നത്.

ക്രൈം സിനിമകൾക്ക് സമാനമായ കുറ്റകൃത്യം നടപ്പിലാക്കാൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് എങ്ങനെ സാധിച്ചുവെന്നതിന് ഉത്തരം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. മുഹമ്മദിന്റെ ഭാര്യ ഉന്നയിച്ച ചില ആരോപണങ്ങൾ മറ്റൊരു രീതിയിൽ പ്രസക്തമാവുന്നത് അവിടെയാണ്, കീഴടങ്ങിയവരല്ല യഥാർത്ഥത്തിൽ കൂടുതൽ പേർ കുറ്റകൃ‍ത്യത്തിൽ പങ്കാളികളാണെന്നാണ് ഭാര്യയുടെ ആരോപണം. മുഹമ്മദിന്റെ ഭാര്യയുടെ സഹോദരന്റെ ഭാര്യയാണ് പൊലീസ് കസ്റ്റഡിയിലുള്ള പെൺകുട്ടികളുടെ അമ്മ. മുഹമ്മദ് ഈ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നെന്നും, ഇതുമായി ബന്ധപ്പെട്ട് തന്റെ സഹോദരൻ കൂടിയായ പെൺകുട്ടികളുടെ പിതാവുമായി തർക്കമുണ്ടായിരുന്നു എന്നുമാണ് മുഹമ്മദിന്റെ ഭാര്യ പറയുന്നത്.

മുഹമ്മദിന്റെ വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടികളുടെ അമ്മയെ മുഹമ്മദ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയും, മൃതദേഹം ചാക്കിൽ കെട്ടി സമീപത്തെ പൊട്ട കിണറ്റിൽ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പെൺകുട്ടികൾ പൊലീസിന് നൽകിയ മൊഴി. ഈ മൊഴിയിൽ പറയുന്ന പ്രകാരമാണ് കാര്യങ്ങളെങ്കിൽ മൃതദേഹത്തിൽ നിന്ന് കാൽ വെട്ടിമാറ്റിയതെന്തിനാണ് എന്ന ചോദ്യമുയരും. പെൺകുട്ടികളുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് വിവരം.

മൃതദേഹത്തിൽ നിന്ന് മുറിച്ചെടുത്ത കാൽ അമ്പലവയലിലെ മാലിന്യപ്ലാന്റിലെത്തിയത് എങ്ങനെയെന്നും പരിശോധിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ നിലവിൽ ജുവനെെൽ ഹോമിലാണുള്ളത്. ഇവരുടെ അമ്മയെ സുൽത്താൻ ബത്തേരി കോടതിയിലെത്തിച്ച് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം മൂവരെയും വീണ്ടും ചോദ്യം ചെയ്തേക്കും. പ്രതികളിൽ നിന്ന് മറ്റാരെയെങ്കിലും കുറിച്ച് സൂചന ലഭിച്ചതായി പൊലീസും വെളിപ്പെടുത്തിയിട്ടില്ല.

Next Story