'ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി പണം വരുമെന്ന് ഉറപ്പായിരുന്നു, എംഎ, എംബിഎ'; ജോലി ചായക്കടയില്‍, വീനിയെ കൊലപ്പെടുത്തിയത് കൊടുംകുറ്റവാളി
തമിഴ്നാട് തോവാള വെള്ള മഠം സ്വദേശിയായ രാജേന്ദ്രന് കൊടുംകുറ്റവാളികള്‍ക്ക് സമാനമായി കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണവും അതിന് ശേഷമുള്ള ജീവിതവും നയിച്ചിരുന്നത്
12 Feb 2022 10:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതക കേസില്‍ പ്രതി പിടിയിലായതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പ്രതിയായ തമിഴ്നാട് സ്വദേശി രാജേന്ദ്രന് തിരുവനന്തപുരത്തെ ചായക്കടയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണെന്നാണ് പൊലീസ് ആദ്യ ഘട്ടത്തില്‍ പുറത്തുവിട്ട വിവരം. ഇയാള്‍ പിടിയിലായതിന് പിന്നാലെ നടത്തിയ സമഗ്ര അന്വേഷണത്തില്‍ ഇയാള്‍ കൂട്ടക്കൊലപാതക കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തയാളെന്ന വിവരം പൊലീസിന് ലഭിച്ചു. 2014ല്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ വിചാരണ നേരിടുന്നുണ്ട്.
മോഷണത്തിന് വേണ്ടി നടന്ന ഈ കൊടുംക്രൂരത വിചാരണ പൂര്‍ത്തിയാകാനിരിക്കെയാണ് ഇയാള്‍ കേരളത്തിലേക്ക് കടന്നത്. പ്രതിയുടെ വിദ്യഭ്യാസ യോഗ്യതകളും ഞെട്ടിക്കുന്നതാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് രാജേന്ദ്രന്, ഇതുകൂടാതെ വിദൂര വിദ്യഭ്യാസം വഴി എംബിഎയെയും സ്വന്തമാക്കി. ഓണ്‍ലൈന്‍ ട്രേഡിംഗുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ക്രാഷ് കോഴ്സുകളും ഇയാള്‍ പഠിച്ചതായി വിവരമുണ്ട്. മോഷ്ടിക്കുന്ന പണം ഓണ്‍ലൈന്‍ ട്രേഡിംഗിനായിട്ടാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ആഡംബര ജീവിതം നയിച്ചിരുന്നില്ലെന്നും വിവരമുണ്ട്.
ഇത്രയധികം വിദ്യഭ്യാസ യോഗ്യതയുണ്ടായിട്ടും എന്തിനാണ് തിരുവനന്തപുരത്തെ ചായക്കടയില്‍ ജോലിക്കെത്തിയതെന്ന് വ്യക്തമല്ല. തമിഴ്നാട് തോവാള വെള്ള മഠം സ്വദേശിയായ രാജേന്ദ്രന് കൊടുംകുറ്റവാളികള്‍ക്ക് സമാനമായി കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണവും അതിന് ശേഷമുള്ള ജീവിതവും നയിച്ചിരുന്നത്. യാതൊരു കാരണവശാലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം പക്ഷേ വിനയായി. അമ്പലമുക്ക് കൊലപാതകത്തിന് ശേഷം ഇയാള്‍ കന്യാകുമാരിയിലെത്തി അവിടെ കവര്‍ന്ന സ്വര്‍ണം പണയംവെച്ചു. ശേഷം ഇത് ഓണ്‍ലൈന്‍ ട്രേഡിംഗിനായി ഉപയോഗപ്പെടുത്തി. പൊതുവെ മറ്റുള്ളവര്‍ക്ക് തിരിച്ചറിയാനാവാത്ത വിധം പണം സമ്പാദിക്കാനുള്ള വഴികള്‍ തേടിയ രാജേന്ദ്രന് ചായക്കടയില്‍ തൊഴിലെടുക്കുന്നത് തുടര്‍ന്നു.
പൊലീസിനോട് ആദ്യഘട്ടത്തില്‍ സഹകരിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. കൊലപാതകം നടത്തിയത് താനാണെന്ന് തെളിയിക്കാന്‍ പൊലീസിന്റെ കൈകളില്‍ തെളിവില്ലെന്ന അമിത വിശ്വാസവും ഇയാള്‍ക്കുണ്ടായിരുന്നു. എന്നാല്‍ അന്വേഷണ സംഘം മാല ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തി വീണ്ടും ചോദ്യം ചെയ്തു. ഇതോടെ പണത്തിനായി താന്‍ ചെയ്തു കൂട്ടിയ ക്രൂരകൃത്യങ്ങളെല്ലാം ഇയാള്‍ തുറന്നുപറഞ്ഞു.
വീനീതയെ കൊലപ്പെടുത്തിയത് ഒരു മാലയ്ക്ക് വേണ്ടി
രണ്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും ഏക ആശ്രയമായിരുന്ന വിനിതയെ ഒരു മാലയ്ക്ക് വേണ്ടിയാണ് കൂട്ടക്കൊല കേസ് പ്രതി കൂടിയായ രാജേന്ദ്രന് കൊലപ്പെടുത്തിയത്. ചെടി നനയ്ക്കാനായി വിനീത കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ കയറുന്നത് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
അതിന് ശേഷം സ്ഥാപനത്തില്‍ ആരോ എത്തി വിനീതയുമായി തര്‍ക്കം ഉണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിച്ചുവെന്നുമാണ് പ്രാഥമികമായി ലഭിച്ച വിവരം. വിനീതയെ കാണാതായതോടെ മറ്റൊരു ജീവനക്കാരി സുനിതയാണ് അന്വേഷിക്കാനെത്തിയത്. ഇവരാണ് വിനീതയെ മരിച്ചനിലയില്‍ കണ്ടത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രാജേന്ദ്രനിലേക്ക് എത്തുന്നത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി സാമ്പത്തിക ആവശ്യത്തിനായാണ് മോഷണം നടത്തിയതെന്നും ആദ്യം പൊലീസിന് വ്യക്തമായിരുന്നു. എപ്പോഴും പ്രതി കൈയ്യില്‍ കത്തി കരുതാറുണ്ടായിരുന്നു. കൂട്ടകൊലക്കേസില്‍ വിചാരണ നടക്കവേയാണ് ഇയാള്‍ സംസ്ഥാനം വിടുന്നത്. കേരളത്തിലെത്തി ചായക്കടയില്‍ ജോലി ആരംഭിച്ചു. പ്രതിയെ കേസിലെ സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.