Top

രാജേന്ദ്രൻ പണം നൽകിയത് രണ്ട് സ്ത്രീ സുഹൃത്തുക്കൾക്ക്; മോഷ്ടിച്ച മാലയുടെ ലോക്കറ്റ് സമ്മാനമായി നൽകി?

രണ്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും ഏക ആശ്രയമായിരുന്ന വിനിതയെ ഒരു മാലയ്ക്ക് വേണ്ടിയാണ് കൂട്ടക്കൊല കേസ് പ്രതി കൂടിയായ രാജേന്ദ്രൻ കൊലപ്പെടുത്തിയത്.

16 Feb 2022 4:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജേന്ദ്രൻ പണം നൽകിയത് രണ്ട് സ്ത്രീ സുഹൃത്തുക്കൾക്ക്; മോഷ്ടിച്ച മാലയുടെ ലോക്കറ്റ് സമ്മാനമായി നൽകി?
X

തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതക കേസിൽ പ്രതി രാജേന്ദ്രനുമായുള്ള തെളിവെടുപ്പ് തുടരുന്നു. പ്രതി കൈക്കലാക്കിയ വിനീതയുടെ മാല വിറ്റ പണം കാവൽ കിണറിലെ രണ്ട് സ്ത്രീ സുഹൃത്തുക്കൾക്ക് കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. അതേസമയം വിനീതയുടെ മാലയുടെ ലോക്കറ്റ് സമ്മാനമായി നൽകിയെന്ന പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് കൈപ്പറ്റിയെന്ന് സംശയിക്കുന്ന സ്ത്രീ ഒളിവിലാണ്. ഇവരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

കേസിൽ പൊലീസിനെ പരമാവധി തെറ്റിദ്ധരിപ്പിച്ചാണ് പ്രതി മൊഴികൾ നൽകുന്നത്. ഉയർന്ന വിദ്യഭ്യാസ യോ​ഗത്യകൾ ഉള്ള രാജേന്ദ്രന് നിയമ വശങ്ങൾ നന്നായി അറിയാമെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. കൊലപാതകത്തിനായി രാജേന്ദ്രൻ ഉപയോ​ഗിച്ചെന്ന് കരുതുന്ന കത്തി പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കത്തി ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങളാണ് പ്രതി നൽകിയത്. മാലയുടെ ലോക്കറ്റ് തമിഴ്നാട്ടിലുണ്ടെന്നും താൻ അത് വിറ്റില്ലെന്നും ആദ്യം മൊഴി. എന്നാൽ രാജേന്ദ്രൻ പറഞ്ഞ കാവൽക്കിണറിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇതോടെയാണ് പ്രതി ലോക്കറ്റ് നൽകിയെന്ന് സംശയിക്കുന്ന സ്ത്രീയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ആദ്യഘട്ടത്തിൽ വിനീതയുടെ മാല സ്വർണം അഞ്ചുഗ്രാമത്തിലെ സ്വർണ പണയ സ്ഥാപനത്തിൽ പണയപ്പെടുത്തിയെന്ന് മൊഴി നൽകി. ലോക്കറ്റ് കൈയ്യിലുണ്ടെന്നും പറഞ്ഞു. എന്നാൽ രാജേന്ദ്രന്റെ താമസ സ്ഥലത്ത് നിന്ന് ലോക്കറ്റ് കണ്ടെത്താനായില്ല. ലോക്കറ്റ് പിന്നീട് കാവൽക്കിണറിലുണ്ടെന്ന് പറഞ്ഞു. പണം നൽകിയ രണ്ട് സ്ത്രീകളുടെ പേരും പിന്നീട് പറഞ്ഞു. ഇപ്പോൾ ഒളിവിൽ കഴിയുന്ന സ്ത്രീയെ കണ്ടെത്താൻ സാധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

കറകളഞ്ഞ ക്രിമിനൽ

രാജേന്ദ്രൻ തിരുവനന്തപുരത്തെ ചായക്കടയിൽ ജോലി ചെയ്യുന്ന വ്യക്തിയാണെന്നാണ് പൊലീസ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ട വിവരം. ഇയാൾ പിടിയിലായതിന് പിന്നാലെ നടത്തിയ സമഗ്ര അന്വേഷണത്തിൽ ഇയാൾ കൂട്ടക്കൊലപാതക കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തയാളെന്ന വിവരം പൊലീസിന് ലഭിച്ചു. 2014ൽ കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ ഇയാൾ വിചാരണ നേരിടുന്നുണ്ട്

മോഷണത്തിന് വേണ്ടി നടന്ന ഈ കൊടുംക്രൂരത വിചാരണ പൂർത്തിയാകാനിരിക്കെയാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്. പ്രതിയുടെ വിദ്യഭ്യാസ യോഗ്യതകളും ഞെട്ടിക്കുന്നതാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് രാജേന്ദ്രൻ, ഇതുകൂടാതെ വിദൂര വിദ്യഭ്യാസം വഴി എംബിഎയെയും സ്വന്തമാക്കി. ഓൺലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട ഓൺലൈൻ ക്രാഷ് കോഴ്‌സുകളും ഇയാൾ പഠിച്ചതായി വിവരമുണ്ട്. മോഷ്ടിക്കുന്ന പണം ഓൺലൈൻ ട്രേഡിംഗിനായിട്ടാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ആഡംബര ജീവിതം നയിച്ചിരുന്നില്ലെന്നും വിവരമുണ്ട്.

ഇത്രയധികം വിദ്യഭ്യാസ യോഗ്യതയുണ്ടായിട്ടും എന്തിനാണ് തിരുവനന്തപുരത്തെ ചായക്കടയിൽ ജോലിക്കെത്തിയതെന്ന് വ്യക്തമല്ല. തമിഴ്‌നാട് തോവാള വെള്ള മഠം സ്വദേശിയായ രാജേന്ദ്രൻ കൊടുംകുറ്റവാളികൾക്ക് സമാനമായി കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണവും അതിന് ശേഷമുള്ള ജീവിതവും നയിച്ചിരുന്നത്. യാതൊരു കാരണവശാലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം പക്ഷേ വിനയായി. അമ്പലമുക്ക് കൊലപാതകത്തിന് ശേഷം ഇയാൾ കന്യാകുമാരിയിലെത്തി അവിടെ കവർന്ന സ്വർണം പണയംവെച്ചു. പൊതുവെ മറ്റുള്ളവർക്ക് തിരിച്ചറിയാനാവാത്ത വിധം പണം സമ്പാദിക്കാനുള്ള വഴികൾ തേടിയ രാജേന്ദ്രൻ ചായക്കടയിൽ തൊഴിലെടുക്കുന്നത് തുടർന്നു.

പൊലീസിനോട് ആദ്യഘട്ടത്തിൽ സഹകരിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. കൊലപാതകം നടത്തിയത് താനാണെന്ന് തെളിയിക്കാൻ പൊലീസിന്റെ കൈകളിൽ തെളിവില്ലെന്ന അമിത വിശ്വാസവും ഇയാൾക്കുണ്ടായിരുന്നു. എന്നാൽ അന്വേഷണ സംഘം മാല ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തി വീണ്ടും ചോദ്യം ചെയ്തു. ഇതോടെ പണത്തിനായി താൻ ചെയ്തു കൂട്ടിയ ക്രൂരകൃത്യങ്ങളെല്ലാം ഇയാൾ തുറന്നുപറഞ്ഞു.

വീനീതയെ കൊലപ്പെടുത്തിയത് ഒരു മാലയ്ക്ക് വേണ്ടി

രണ്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും ഏക ആശ്രയമായിരുന്ന വിനിതയെ ഒരു മാലയ്ക്ക് വേണ്ടിയാണ് കൂട്ടക്കൊല കേസ് പ്രതി കൂടിയായ രാജേന്ദ്രൻ കൊലപ്പെടുത്തിയത്. ചെടി നനയ്ക്കാനായി വിനീത കെട്ടിടത്തിന്റെ മട്ടുപ്പാവിൽ കയറുന്നത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

അതിന് ശേഷം സ്ഥാപനത്തിൽ ആരോ എത്തി വിനീതയുമായി തർക്കം ഉണ്ടാവുകയും ഇത് കൊലപാതകത്തിൽ കലാശിച്ചുവെന്നുമാണ് പ്രാഥമികമായി ലഭിച്ച വിവരം. വിനീതയെ കാണാതായതോടെ മറ്റൊരു ജീവനക്കാരി സുനിതയാണ് അന്വേഷിക്കാനെത്തിയത്. ഇവരാണ് വിനീതയെ മരിച്ചനിലയിൽ കണ്ടത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രാജേന്ദ്രനിലേക്ക് എത്തുന്നത്.

ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി സാമ്പത്തിക ആവശ്യത്തിനായാണ് മോഷണം നടത്തിയതെന്നും ആദ്യം പൊലീസിന് വ്യക്തമായിരുന്നു. എപ്പോഴും പ്രതി കൈയ്യിൽ കത്തി കരുതാറുണ്ടായിരുന്നു. കൂട്ടകൊലക്കേസിൽ വിചാരണ നടക്കവേയാണ് ഇയാൾ സംസ്ഥാനം വിടുന്നത്. കേരളത്തിലെത്തി ചായക്കടയിൽ ജോലി ആരംഭിച്ചു. പ്രതിയെ കേസിലെ സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

STORY HIGHLIGHTS: ambalamukku murder accused rajendran

Next Story