എരുമേലിയിൽ ശബരിമല തീർത്ഥാടകയായ ബാലികയ്ക്ക് നേരെ അതിക്രമം; ഹോട്ടല്‍ ജീവനക്കാരൻ പിടിയിൽ
10 Dec 2021 6:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എരുമേലിയിൽ ശബരിമല തീർഥാടനത്തിനെത്തിയ ബാലികയെ അപമാനിക്കാൻ ശ്രമം. എട്ട് വയസ്സുകാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. തീർത്ഥാടക സംഘത്തിന്റെ പരാതിയില്‍ എരുമേലി റാന്നി റോഡിൽ ദേവസ്വം ബോർഡ് ഗ്രൗണ്ടിന് സമീപമുള്ള താൽക്കാലിക ഹോട്ടലിലെ ജീവനക്കാരനായ ജയപാലനെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് രാമനാഥപുരം സ്വദേശിയാണ് ഇയാള്‍.
ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ തീർത്ഥാടക സംഘത്തിലെ കുട്ടിയെ ഹോട്ടല്‍ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് പ്രതിഷേധം ശക്തമായതോടെ പൊലീസ് ഹോട്ടൽ അടപ്പിച്ചു.
ഇതിനിടെ പെരുവന്താനം മുറിഞ്ഞ പുഴ ഭാഗത്ത് കെഎസ്ആര്‍ടിസി ബസും ശബരിമല തീർത്ഥാടകർ വന്ന മിനി ബസും കൂട്ടിയിടിച്ചു. അപകടത്തില്‍ 11 പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ വളഞ്ഞാങ്ങാനത്തിന് സമീപത്തുവെച്ചായിരുന്നു അപകടം. തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർക്കാണ് പരിക്കേറ്റത്. ബസ് യാത്രക്കാരില്‍ ചിലർക്കും നിസാര പരിക്കുണ്ട്. നേരത്തെ കഴിഞ്ഞദിവസം പെരുവന്താനം അമലഗിരിയിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാ സ്വദേശികളായ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചിരുന്നു. കർണൂൽ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്.
- TAGS:
- Abuse
- Erumeli
- Kottayam
- Minor Girl