2020 Year Ender Story

ഞെട്ടിച്ച് ധോണി, പിന്നാലെ റെയ്‌നയും; 2020ല്‍ വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍

കളിയില്‍ നിന്ന് വിരമിക്കുക. ഒരു കായിക താരത്തെ സംബന്ധിച്ച് ഏറ്റവും വിഷമകരമായ തീരുമാനങ്ങളില്‍ ഒന്ന്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, കപില്‍ ദേവ്, റിക്കി പോണ്ടിംഗ് എന്നിവര്‍ വിരമിക്കുന്നതില്‍ ഒരു കൃത്യമായ സമയം നിശ്ചയിക്കാന്‍ വൈകി. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡീവില്യേഴ്‌സും, ന്യൂസിലന്റിന്റെ ബ്രെണ്ടന്‍ മക്കല്ലവും കളി നേരത്തെ അവസാനിപ്പിച്ചിരുന്നു. 2020 ഒട്ടനവധി പ്രമുഖ താരങ്ങളുടെ വിടപറയല്‍ കണ്ട വര്‍ഷമായിരുന്നു. എംസ് ധോണി, സുരേഷ് റെയ്‌ന. ഇര്‍ഫാന്‍ പത്താന്‍, മൊഹമ്മദ് ആമിര്‍ തുടങ്ങിയവരാണ് അതിലെ പ്രമുഖര്‍.

ഒരു പാട്ടില്‍ ‘ഫിനിഷ്’ ചെയ്ത് ധോണി

2020 ഓഗസ്റ്റ് 15, ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ എല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം. കരിയറിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള വിഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വച്ചു താരം. ഇന്ന് 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക എന്നായിരുന്നു അടിക്കുറിപ്പ്. പ്രഥമ ട്വന്റി-20 ലോകകപ്പ്, 2011 ക്രിക്കറ്റ് ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി എന്നീ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് ധോണിയായിരുന്നു. കൂടാതെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയെ എത്തിക്കാനും മഹിക്കായി. വിരമിക്കലിന് ശേഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിച്ചു. പക്ഷെ ചെന്നൈ സീസണില്‍ തിരിച്ചടി നേരിട്ടു. ചരിത്രത്തില്‍ ആദ്യമായി ധോണിയും കൂട്ടരും ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

തലക്കൊപ്പം ചിന്നത്തലയും പടിയിറങ്ങി

ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് നിമഷങ്ങള്‍ക്ക് ശേഷമായിരുന്നു സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിപ്പിച്ചത്. ധോണിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ സഹതാരങ്ങള്‍ക്കും ഒപ്പമുള്ള ചിത്രം പങ്ക് വച്ചായിരുന്നു പ്രഖ്യാപനം. 2020 ഐപിഎല്‍ കളിക്കാതെ ടീമുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് റെയ്‌ന നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇന്ത്യക്കായി 18 ടെസ്റ്റ്, 226 ഏകദിനങ്ങള്‍, 78 ട്വന്റി-20 എന്നിവയാണ് കളിച്ചു. 7988 റണ്‍സാണ് അന്താരാഷ്ട്ര തലത്തില്‍ നേടിയത്. ഇന്ത്യക്കായി ട്വന്റി-20യില്‍ ആദ്യ സെഞ്ച്വറി നേടിയതും 33 കാരനായിരുന്നു.

ഡൊമസ്റ്റിക് ക്രിക്കറ്റിലെ ഇതിഹാസം – വസിം ജാഫര്‍

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ജാഫറിനോളം ആധിപത്യം പുലര്‍ത്തിയ താരങ്ങള്‍ ചുരുക്കമാണ് 1996-97 സീസണില്‍ കളി തുടങ്ങിയ ജാഫര്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കളിയവസാനിപ്പിച്ചത്. 42-ാം വയസ്സില്‍. രഞ്ജി ട്രോഫിയില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അടിച്ചെടുത്ത് 57 സെഞ്ച്വറികള്‍. 260 മത്സരങ്ങളില്‍ നിന്ന് 19,410 റണ്‍സും ജാഫറിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഇന്ത്യക്കായി 31 ടെസ്റ്റ് കളിച്ചിട്ടുണ്ട്.

പ്രതീക്ഷ നല്‍കിയ ഓള്‍ റൗണ്ടര്‍- ഇര്‍ഫാന്‍ പത്താന്‍

ഒരു കാലത്ത് ഇന്ത്യന്‍ യുവത്വം ഇര്‍ഫാന്‍ പത്താന്‍ എന്ന ഓള്‍ റൗണ്ടര്‍ക്ക് ഒപ്പമായിരുന്നു. എന്നാല്‍ കരിയറില്‍ ഇര്‍ഫാന്‍ ശോഭിക്കാനായില്ല എന്ന് മാത്രം. സൗരവ് ഗാംഗുലി രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്ക് നന്ദി പറഞ്ഞായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. പരുക്കും മോശം ഫോമുമായിരുന്നു താരത്തിന് വെല്ലുവിളിയായിരുന്നു. 29 ടെസ്റ്റുകളില്‍ നിന്ന് 100 വിക്കറ്റെടുത്ത ഇര്‍ഫാന്‍ ഏകദിനത്തില്‍ 173 മത്സരത്തില്‍ നിന്ന് 120 വിക്കറ്റും നേടി. ഹര്‍ഭജന്‍ സിംഗിന് ശേഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഹാട്രിക് നേടിയ ആദ്യ താരമാണ് പത്താന്‍.

ഗ്രൗണ്ടിലെ കുഞ്ഞ് പ്രതിഭ – പാര്‍ഥിവ് പട്ടേല്‍

17-ാം വയസ്സില്‍ ഇന്ത്യക്കായി അരങ്ങേറിയ താരമാണ് പാര്‍ഥിവ് പട്ടേല്‍. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ തെണ്ടുല്‍കര്‍ എന്നി മഹാരഥന്മാര്‍ക്ക് ഒപ്പമായിരുന്നു പാര്‍ഥിവിന്റെ ആദ്യ ചുവട് വയ്പ്. മുന്‍ നിര ടീമുകള്‍ക്കെതിരെ കുഞ്ഞു താരത്തിന് മികവ് കാട്ടാനായില്ല. വിക്കറ്റ് കീപ്പറെന്ന നിലയിലും പാര്‍ഥിവ് തിളങ്ങിയില്ല. മഹേന്ദ്ര സിംഗ് ധോണിയുടെ വരവോട് കൂടി വരവോട് കൂടി വല്ലപ്പോഴും മാത്രമായിരുന്നു പാര്‍ഥിവ് ടീമിലെത്തിയിരുന്നത്. ഇന്ത്യക്കായി 25 ടെസ്റ്റ് കളിച്ച താരം 934 റണ്‍സ് നേടി.

ഇടം കയ്യന്‍ സ്പിന്നര്‍ – പ്രഗ്യാന്‍ ഓജ

സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിരമിക്കല്‍ മത്സരത്തില്‍ പത്ത് വിക്കറ്റുമായി തിളങ്ങിയ പ്രഗ്യാന്‍ ഓജ പിന്നീട് ഇന്ത്യയുടെ കുപ്പായത്തില്‍ ഇറങ്ങിയിട്ടില്ല. ഓജയുടെ ആക്ഷന്‍ സംശയത്തിന്റെ നിഴലില്‍ എത്തിയതാണ് തിരിച്ചടിയായത്. അതില്‍ നിന്ന് മുക്തനാകാന്‍ താരത്തിനായില്ല. 33-ാം വയസ്സിലാണ് ഓജ കളി നിര്‍ത്തിയത്. ഇന്ത്യക്കായി 24 ടെസ്റ്റ് കളിച്ച താരം 113 വിക്കറ്റ് നേടി.

ഓസിസിന്റെ ഓള്‍റൗണ്ടര്‍ – ഷെയ്ന്‍ വാട്‌സണ്‍

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവു മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ മുന്നില്‍ ജാക് കാലിസ് ഒന്നാം സ്ഥാനം വഹിക്കുമ്പോള്‍ ഷെയ്ന്‍ വാട്‌സണ്‍ ആയിരിക്കും രണ്ടാമത്. 2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിന് അവസാനം കുറിച്ച വാട്‌സണ്‍ ഈ വര്‍ഷമാണ് എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം. ഒരു ടെസ്റ്റ് മാച്ച് കണ്ട്, ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കണം എന്ന് അമ്മയോട് ആവശ്യപ്പെട്ടു. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം. എന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു, വാട്‌സണ്‍ ട്വിറ്ററില്‍ എഴുതി.

വിവദങ്ങള്‍ നിറഞ്ഞ കരിയറിന് തിരശീല വീണു – മൊഹമ്മദ് ആമിര്‍

പാക്കിസ്ഥാന്‍ ഇടം കയ്യന്‍ ഫാസ്റ്റ് ബൗളറായ ആമിര്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുന്നത് 28-ാം വയസ്സിലാണ്. പാക്കിസ്ഥാന്‍ ടീം മാനേജ്‌മെന്റ് മാനസികമായി പീഡിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ആമിര്‍ കളിയവസാനിപ്പിച്ചത്. 2010ല്‍ വാത് വെയ്പ്പ് വിവാദത്തില്‍ പെട്ട ആമിറിനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കി. 2016ലാണ് താരത്തിന്റെ മടങ്ങി വരവ്. പാക്കിസ്ഥാന് വേണ്ടി നരവധി മത്സരങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2017 ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാന്‍ നേടുമ്പോള്‍ വിജയശില്‍പ്പി ആയിരുന്നത് ആമിര്‍ ആയിരുന്നു.

Latest News