Top

യുവ്‌രാജ് സിങ് തിരിച്ചുവരുന്നു? ഇന്‍സ്റ്റാഗ്രാമില്‍ സൂചന നല്‍കി താരം

വിദേശ ലീഗുകളില്‍ കളിച്ചതിനാല്‍ ഇനി അഭ്യന്തര ക്രിക്കറ്റിലും, ഐ.പി.എല്ലിലും കളിക്കാന്‍ യുവിക്ക് അനുമതി ലഭിച്ചേക്കില്ല

2 Nov 2021 4:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവ്‌രാജ് സിങ് തിരിച്ചുവരുന്നു? ഇന്‍സ്റ്റാഗ്രാമില്‍ സൂചന നല്‍കി താരം
X

2021 ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് താളം കണ്ടെത്താനായി ഇന്ത്യന്‍ ടീം ബുദ്ധിമുട്ടുമ്പോള്‍ രണ്ടു ലോകകപ്പ് കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ വലിയ പങ്കുവഹിച്ച മുന്‍ സൂപ്പര്‍ താരം വിരമിക്കല്‍ പിന്‍വലിച്ച് ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുമെന്നു സൂചന.

2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് കിരീടവും 2011-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പും ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ യുവ്‌രാജ് സിങ്ങാണ് തിരിച്ചുവരവ് സംബന്ധിച്ച് സൂചന നല്‍കിയത്. ഇന്നു ഇന്‍സ്റ്റാഗ്രാമിലൂടെ യുവി തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.

ഇന്ത്യ ജയിച്ചു രണ്ടു ലോകകപ്പുകളിലും ടൂര്‍ണമെന്റിന്റെ തന്നെ താരമായിരുന്ന യുവി ഫോം നഷ്ടമായതിനേത്തുടര്‍ന്ന് 2017-ലാണ് ദേശീയ ടീമില്‍ നിന്നു പുറത്തായത്. പിന്നീട് തിരിച്ചെത്താന്‍ കഴിയാഞ്ഞതിനേത്തുടര്‍ന്ന് 2019-ല്‍ ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

2017 ല്‍ ഇംഗ്ലണ്ടിനെതിരെ കട്ടക്കില്‍ വെച്ചു നടന്ന ഏകദിന മത്സരത്തില്‍ താന്‍ 127 പന്തില്‍ 150 റണ്‍സ് നേടിയതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ച് കൊണ്ടാണ് താന്‍ അടുത്ത ഫെബ്രുവരിയില്‍ വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന സൂചനകള്‍ നല്‍കിയത്. 'ദൈവം നിങ്ങളുടെ വിധി തീരുമാനിക്കുന്നു. പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഈ ഫെബ്രുവരിയില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.'' - യുവി കുറിച്ചു.

അതേ സമയം ഏതു തരം മത്സരത്തിലാണ് താന്‍ കളിക്കാന്‍ തയാറെടുക്കുന്നതെന്ന് യുവി വ്യക്തമാക്കിയിട്ടില്ല. വിദേശ ലീഗുകളില്‍ കളിച്ചതിനാല്‍ ഇനി അഭ്യന്തര ക്രിക്കറ്റിലും, ഐ.പി.എല്ലിലും കളിക്കാന്‍ യുവിക്ക് അനുമതി ലഭിച്ചേക്കില്ല, അതിനാല്‍ അടുത്ത വര്‍ഷത്തെ റോഡ് സേഫ്റ്റി സീരീസിലാവും താരം തിരിച്ചു വരവ് എന്നാണ് സൂചന.

Next Story

Popular Stories