Top

കേപ്ടൗണ്‍ തോല്‍വി ഇന്ത്യക്ക് വലിയ തിരിച്ചടി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ താഴേക്ക്

പരമ്പര ആരംഭിക്കുന്നതിനു മുമ്പ് നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്നത്തെ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കു വീണു. പരമ്പര നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പിന്തള്ളി നാലാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

14 Jan 2022 1:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേപ്ടൗണ്‍ തോല്‍വി ഇന്ത്യക്ക് വലിയ തിരിച്ചടി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ താഴേക്ക്
X

കേപ്ടൗണ്‍ ടെസ്റ്റിലെ തോല്‍വിയോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര കൈവിട്ടതിനു പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്ക് കനത്ത തിരിച്ചടി.

പരമ്പര ആരംഭിക്കുന്നതിനു മുമ്പ് നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്നത്തെ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കു വീണു. പരമ്പര നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പിന്തള്ളി നാലാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

66.67 പോയിന്റ് ശതമാനവുമായിട്ടാണ് ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയില്‍ മുന്നേറിയത്. ലോക ചാംപ്യന്‍ഷിപ്പിന്റെ പുതിയ സീസണില്‍ സൗത്താഫ്രിക്ക കളിച്ച കന്നി പരമ്പര കൂടിയായിരുന്നു ഇത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയോടു തോറ്റെങ്കിലും അടുത്ത രണ്ടു ടെസ്റ്റുകളും നാലു ദിനം കൊണ്ട് ജയിച്ച് സൗത്താഫ്രിക്ക പരമ്പര കൈക്കലാക്കുകയായിരുന്നു. മൂന്നു ടെസ്റ്റുകളില്‍ നിന്നും രണ്ടു ജയവും ഒരു തോല്‍വിയുമടക്കം 23 പോയിന്റാണ് അവര്‍ക്കുള്ളത്.

അതേസമയം 49.07 മാത്രം പോയിന്റ് ശതമാനമാണ് ഇന്ത്യക്കുള്ളത്. ഇതാണ് നിലവിലെ റണ്ണറപ്പുകള്‍ കൂടിയായ ഇന്ത്യക്കു ഒരു സ്ഥാനം നഷ്ടമാക്കിയത്. ഒമ്പതു ടെസ്റ്റുകളില്‍ നിന്നും 52 പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. നാലു ടെസ്റ്റുകളില്‍ ജയിച്ച ഇന്ത്യ മൂന്നെണ്ണത്തില്‍ തോല്‍ക്കുകയും രണ്ടെണ്ണത്തില്‍ സമനില വഴങ്ങുകയും ചെയ്തു. പുതിയ സീസണില്‍ ഇന്ത്യ കളിച്ച മൂന്നാമത്തെ പരമ്പരയായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ളത്.

ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയായിരുന്നു മറ്റു പരമ്പരകള്‍. ഇതില്‍ ഇംഗ്ലണ്ടുമായുള്ള പരമ്പര ഇനിയും പൂര്‍ത്തിയായിട്ടില്ല. കോവിഡ് കാരണം മാറ്റി വച്ച അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ജൂലൈയില്‍ നടക്കും. ന്യൂസിലാന്‍ഡിനെതിരായ പരമ്പര ഇന്ത്യ 1-0നു നേടിയിരുന്നു. ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാര്‍ ശ്രീലങ്കയാണ്. 100 ശതമാനം പോയിന്റുമായാണ് അവര്‍ തലപ്പത്തെത്തിയത്. കളിച്ച രണ്ടു ടെസറ്റുകളിലും വിജയിച്ചതാണ് അവര്‍ക്കു 100 ശതമാനം പോയിന്റ് നേടിക്കൊടുത്തത്.

83.33 ശതമാനം പോയിന്റോടെ ഓസ്ട്രേലിയയാണ് രണ്ടാംസ്ഥാനത്ത്. 75 ശതമാനം പോയിന്റോടെ പാകിസ്താന്‍ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. ഓസ്ട്രേലിയ മൂന്നു ടെസ്റ്റുകളില്‍ ജയിച്ചപ്പോള്‍ ഒന്നില്‍ സമനില വഴങ്ങി. പാകിസ്താനാവട്ടെ മൂന്നു ടെസ്റ്റുകള്‍ ജയിക്കുകയും ഒന്നില്‍ പരാജയപ്പെടുകയുമായിരുന്നു.


Next Story

Popular Stories