Top

ലോ സ്‌കോര്‍ ത്രില്ലറില്‍ 'വിന്‍'ഡീസ്; ബംഗ്ലാക്കടുവകള്‍ക്കും ആരാധകര്‍ക്കും കണ്ണീര്‍

വിന്‍ഡീസിനായി ബൗള്‍ ചെയ്തവരെല്ലാം വിക്കറ്റ് നേടി മികച്ച പ്രകനം കാഴ്ചവച്ചു. നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വിട്ടുനല്‍കിയ ജേസണ്‍ ഹോള്‍ഡറാണ് ഏറെ തിളങ്ങിയതെങ്കില്‍ 36 റണ്‍സ് വഴങ്ങിയെ ഡ്വെയ്ന്‍ ബ്രാവോയാണ് അല്‍പമെങ്കിലും റണ്‍സ് വിട്ടുനല്‍കിയത്.

29 Oct 2021 2:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോ സ്‌കോര്‍ ത്രില്ലറില്‍ വിന്‍ഡീസ്; ബംഗ്ലാക്കടുവകള്‍ക്കും ആരാധകര്‍ക്കും കണ്ണീര്‍
X

ഓസ്‌ട്രേലിയയെയും ന്യൂസിലന്‍ഡിനെയും തോല്‍പിച്ചതിന്റെ ആത്മവിശ്വാസവുമായി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനെത്തിയ ബംഗ്ലാദേശ് പ്രതീക്ഷകള്‍ ഒരാഴ്ച കൊണ്ട് കരിഞ്ഞുണങ്ങി. സൂപ്പര്‍ 12-ല്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ തോറ്റതോടെ അവരുടെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചു. ഗ്രൂപ്പില്‍ ശേഷിക്കുന്ന രണ്ടു മത്സരങ്ങളും 100-ലേറെ മാര്‍ജിനില്‍ ജയിച്ചാല്‍ പോലും 99.99 ശതമാനം സാധ്യത പോലും അവര്‍ക്കില്ല.

ഇന്നു ഷാര്‍ജയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനോട് മൂന്നു റണ്‍സിനാണ് അവര്‍ തോല്‍വി വഴങ്ങിയത്. രണ്ട് ഇന്നിങ്‌സുകളിലും കുറഞ്ഞ സ്‌കോര്‍ മാത്രം മത്സരത്തില്‍ അവസാന മത്സരം വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലായിരുന്നു വിന്‍ഡീസിന്റെ ജയം. അവസാന ആറു പന്തില്‍ ജയിക്കാന്‍ 13 റണ്‍സ് മാത്രം മതിയെന്നിരിക്കെ പേസര്‍ ആന്ദ്രെ റസല്‍ എറിഞ്ഞ ഓവറില്‍ ബംഗ്ലാദേശിന് ഒമ്പതു റണ്‍സ് മാത്രമേ നേടാനായുള്ളു.

റണ്‍സ് കണ്ടെത്താന്‍ ദുഷ്‌കരമായ പിച്ചില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 143 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനെ വരിഞ്ഞുകെട്ടുന്ന ബൗളിങ് പ്രകടനമാണ് വിന്‍ഡീസ് കാഴ്ചവച്ചത്. ബംഗ്ലാദേശ് നിരയില്‍ 43 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 44 റണ്‍സ് നേടിയ ലിറ്റണ്‍ ദാസിനും 24 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 31 റണ്‍സുമായി പുറത്താകാതെ നിന്ന് നായകന്‍ മഹ്മദുള്ളയുമാണ് തിളങ്ങിയത്.

വിന്‍ഡീസിനായി ബൗള്‍ ചെയ്തവരെല്ലാം വിക്കറ്റ് നേടി മികച്ച പ്രകനം കാഴ്ചവച്ചു. നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വിട്ടുനല്‍കിയ ജേസണ്‍ ഹോള്‍ഡറാണ് ഏറെ തിളങ്ങിയതെങ്കില്‍ 36 റണ്‍സ് വഴങ്ങിയെ ഡ്വെയ്ന്‍ ബ്രാവോയാണ് അല്‍പമെങ്കിലും റണ്‍സ് വിട്ടുനല്‍കിയത്.

നേരത്തെ മോശം തുടക്കത്തില്‍ നിന്നു കരകയറി വെസ്റ്റിന്‍ഡീസ് മാന്യമായ സ്‌കോറില്‍ എത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്.

പവര്‍പ്ലേയിലും പിന്നീട് മധ്യഓവറുകളിലും റണ്‍സ് കണ്ടെത്താന്‍ കഴിയാതെ പോയ അവര്‍ക്ക് അവസാന ഏഴോവറിലെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് തുണയായത്. അവസാന 44 പന്തുകളില്‍ നിന്ന് 80 റണ്‍സാണ് അവര്‍ അടിച്ചു കൂട്ടിയത്. ഇതിന്റെ പകുതിയും നേടിയ നിക്കോളാസ് പൂരനാണ് അവരെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്.

22 പന്തുകളില്‍ നിന്ന് ഒരു ഫോറും നാലു സിക്‌സറുകളും സഹിതം 40 റണ്‍സാണ് പൂരന്‍ നേടിയത്. ഇതിനു പുറമേ 46 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 39 റണ്‍സ് നേടിയ മധ്യനിര താരം റോഷ്ടണ്‍ ചേസ്, അഞ്ചു പന്തില്‍ നിന്ന് രണ്ടു സിക്‌സറുകളോടെ 15 റണ്‍സ് നേടി ജേസണ്‍ ഹോള്‍ഡര്‍, 14 റണ്‍സ് നേടിയ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് രണ്ടക്കം കടന്ന മറ്റു വിന്‍ഡ് ബാറ്റര്‍മാര്‍. പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വെറും 28 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്.

നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ഷൊറിഫുള്‍ ഹസനും 27 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ മെഹ്ദി ഹസനുമാണ് വിന്‍ഡീസിനെ തകര്‍ത്തത്. മുസ്തഫിസുര്‍ റഹ്മാനും രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറില്‍ 43 റണ്‍സ് വഴങ്ങി.
Next Story

Popular Stories