Top

മുന്നില്‍ നിന്നു നയിച്ചു വില്യംസണ്‍; ഓസീസിന് 173 റണ്‍സ് വിജയലക്ഷ്യം നല്‍കി കിവീസ്

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ടോപ്‌സ്‌കോററായ നായകന്‍ കെയ്ന്‍ വില്യംസണാണ് അവരുടെ ഹീറോയായത്. 48 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 85 റണ്‍സാണ് വില്യംസണ്‍ നേടിയത്.

14 Nov 2021 3:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുന്നില്‍ നിന്നു നയിച്ചു വില്യംസണ്‍; ഓസീസിന് 173 റണ്‍സ് വിജയലക്ഷ്യം നല്‍കി കിവീസ്
X

ടീമിന് ആവശ്യമായ സമയത്ത് നായകന്റെ ഇന്നിങ്‌സുമായി കെയ്ന്‍ വില്യംസണ്‍ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ന്യൂസിലന്‍ഡിനു മികച്ച സ്‌കോര്‍. ദുബായി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട അവര്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ടോപ്‌സ്‌കോററായ നായകന്‍ കെയ്ന്‍ വില്യംസണാണ് അവരുടെ ഹീറോയായത്. 48 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 85 റണ്‍സാണ് വില്യംസണ്‍ നേടിയത്. നായകനു പുറമേ 28 റണ്‍സ് നേടിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 18 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

ടോസ് നിര്‍ണായകമായ ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നാണയഭാഗ്യം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെയാണ് തുണച്ചത്. ടോസ് നേടിയ ഫിഞ്ച് രണ്ടാമതൊന്ന് ആലോചിക്കാതെ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

ആദ്യം ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഓസീസ് ബൗളര്‍മാര്‍ മികച്ച ലൈനിലും ലെങ്തിലും പന്തെറിയുക കൂടി ചെയ്തതോടെ പതിഞ്ഞ തുടക്കമാണ് കിവീസിന് ലഭിച്ചത്. ഒട്ടും പവറില്ലാത്ത പവര്‍പ്ലേ ആയിരുന്നു കിവീസിന്റേത്. ആദ്യ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് എന്ന നിലയിലായിരുന്നു അവര്‍.

ഓപ്പണര്‍ ഡാരില്‍ മിച്ചലിനെ(11)യാണ് അവര്‍ക്കു തുടക്കത്തിലേ നഷ്ടമായത്. പിന്നീട് ഒത്തുചേര്‍ന്ന വില്യംസണും ഗുപ്റ്റിലും ചേര്‍ന്ന് ടീമിനെ കരകയറ്റാനുള്ള ശ്രമത്തിലായിരുന്നു. 11 ഓവറില്‍ ടീം സ്‌കോര്‍ 76-ല്‍ എത്തിച്ച ഈ കൂട്ടുകെട്ട് 12-ാം ഓവറിന്റെ ആദ്യ പന്തില്‍ പിരിഞ്ഞു. ഗുപ്റ്റിലിനെ വീഴ്ത്തി ആദം സാംപയാണ് പ്രഹരിച്ചത്.

എന്നാല്‍ നാലാമനായി എത്തിയ ഗ്ലെന്‍ ഫിലിപ്‌സിനെ കൂട്ടുനിര്‍ത്തി വില്യംസണ്‍ പട ഓസീസ് പാളയത്തിലേക്കു നയിക്കുകയായിരുന്നു പിന്നീട്. ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച കിവീസ് നായകന്‍ ഫിലിപ്‌സിനൊപ്പം അടുത്ത ആറോവറില്‍ 68 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 18-ാം ഓവറിന്റെ രണ്ടാം പന്തില്‍ ഫിലിപ്‌സ്(17 പന്തില്‍ 18) പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 144-ല്‍ എത്തിയിരുന്നു.

അതേ ഓവറിന്റെ അഞ്ചാം പന്തില്‍ വില്യംസണ്‍ വീണതോടെ 190-ന് മേല്‍ സ്‌കോര്‍ എന്ന കിവീസ് ലക്ഷ്യം തകര്‍ന്നു. പിന്നീട് എത്തിയ ജയിംസ് നീഷാം(ഏഴു പന്തില്‍ 13), ടിം സീഫെര്‍ട്ട്(ആറു പന്തില്‍ എട്ട്) എന്നിവര്‍ക്ക് പ്രതീക്ഷിച്ച വെടിക്കെട്ട് നടത്താനാകാതെ വന്നപ്പോള്‍ കിവീസ് 172 -ല്‍ ഒതുങ്ങുകയായിരുന്നു.

നേരത്തെ സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് കിവീസ് ഇറങ്ങിയത്. പരുക്കേറ്റ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡെവണ്‍ കോണ്‍വെ പുറത്തായപ്പോള്‍ പകരം ടിം സെയ്ഫര്‍ട്ട് ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ഓസ്‌ട്രേലിയയാകട്ടെ പാകിസ്താനെ തോല്‍പിച്ച ടീമിനെ അതേപടി നിലനിര്‍ത്തി.




Next Story

Popular Stories