'ഏഷ്യ കപ്പില്‍ കോഹ്ലി ഫോമിലേക്കെത്തും'; പിന്തുണയുമായി സൗരവ് ഗാംഗുലി
കഴിഞ്ഞ ഒരുമാസമായി ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുന്ന കോഹ്ലി ഏഷ്യാ കപ്പിലൂടെയാണ് ഇന്ത്യക്കായി വീണ്ടും കളിക്കുക.
16 Aug 2022 7:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദീര്‍ഘകാലമായി ഫോമിലേക്ക് മടങ്ങിയെത്താന്‍ വിഷമിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. 2019 നവംബറിലാണ് വിരാട് തന്റെ അവസാന സെഞ്ചുറി കണ്ടെത്തിയത്. അര്‍ദ്ധസെഞ്ചുറി കണ്ടെത്താന്‍ പോലും കോഹ്ലി പതറുന്നതിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. എന്നാല്‍ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബിസിസി പ്രസിഡന്റ് സൗരവ് ഗാംഗുലി. കോഹ്ലി ഫോം കണ്ടെത്തി ശക്തമായി തിരിച്ചുവരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ഗാംഗുലി പറഞ്ഞു. മുമ്പും കോഹ്ലിക്ക് പിന്തുണ നല്കി ദാദ രംഗതെത്തിയിട്ടുണ്ട്.
'അദ്ദേഹം പ്രാക്ടീസ് ചെയ്യട്ടെ, മത്സരങ്ങള്‍ കളിക്കട്ടെ. അദ്ദേഹം ഒരുപാട് റണ്‍സ് നേടിയ വലിയ ഒരു താരമാണ്. ശക്തമായി തിരിച്ച് വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. സെഞ്ചുറി കണ്ടെത്താന്‍ ഇപ്പോള്‍ സാധിക്കുന്നില്ല. എന്നാല്‍ ഏഷ്യ കപ്പില്‍ മികച്ച ഫോമിലൂടെ ശക്തമായി തിരിച്ചുവരുമെന്ന് താന്‍ വിശ്വസിക്കുന്നു'. ഗാംഗുലി പറഞ്ഞു. ഏഷ്യാ കപ്പ് 27ന് ദുബായില്‍ ആരംഭിക്കാനിരിക്കെയാണ് ദാദയുടെ പ്രതികരണം.
എന്നാല്‍ ഏഷ്യല്‍ കപ്പില്‍ ഫോം കണ്ടെത്തിയാല്‍ മാത്രമേ വരുന്ന ടി20 ലോകകപ്പില്‍ സ്ഥാനം കണ്ടെത്താന്‍ കോഹ്ലിക്ക് സാധിക്കുകയെന്നും മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും പൂര്‍ണ പിന്തുണ അദ്ദേഹത്തിന് ഉണ്ട്. അതുകൊണ്ട് തന്നെ മാനേജ്‌മെന്റ് നല്‍കുന്ന പിന്തുണയ്ക്കും വിശ്വാസത്തോടും താരം തിരിച്ചും നീതി പുലര്‍ത്തണമെന്നും കനേരിയ പറഞ്ഞു.
കഴിഞ്ഞ ഒരുമാസമായി ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുന്ന കോഹ്ലി ഏഷ്യാ കപ്പിലൂടെയാണ് ഇന്ത്യക്കായി വീണ്ടും കളിക്കുക. താരത്തിന് ഒരു മാസത്തെ വിശ്രമം ബിസിസിഐ അനുവദിച്ചിരുന്നു. ഇംഗ്ലണ്ടിനേതിരെ ജൂലൈയില്‍ നടന്ന പരമ്പരയിലാണ് കോഹ്ലി ഇന്ത്യക്കായി അവസാനം കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന പരമ്പരയില്‍ കോഹ്ലി കളിച്ചിരുന്നില്ല. 18ന് സിംബാബ്‌വെക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും താരം കളിക്കില്ല. ഏഷ്യ കപ്പിലൂടെയാണ് കോഹ്ലി വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക.
STORYHIGHLIGHTS : "Will Find His Form In Asia Cup": Sourav Ganguly On Virat Kohli