Top

'ഒരു രാജ്യം മുഴുവന്‍ 11 പേര്‍ക്കെതിരേ'; വിവാദമായി എല്‍ഗാറിന്റെ എല്‍.ബി.ഡബ്ല്യു

തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണ് ഇന്നലെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 21-ാം ഓവറില്‍ നടന്നത്.

14 Jan 2022 10:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു രാജ്യം മുഴുവന്‍ 11 പേര്‍ക്കെതിരേ; വിവാദമായി എല്‍ഗാറിന്റെ എല്‍.ബി.ഡബ്ല്യു
X

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിനായി കിണഞ്ഞുപൊരുതുന്നതിനിടെ ടീം ഇന്ത്യക്കെതിരേ 'അട്ടിമറി' നടക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്നലെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറിനെതിരേ ഇന്നലെ ഫീല്‍ഡ് അമ്പയര്‍ എടുത്ത തീരുമാനും ഡി.ആര്‍.എസിലൂടെ തിരുത്തപ്പെട്ടതാണ് ഈ ആരോപണങ്ങള്‍ക്കു പിന്നില്‍.

തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണ് ഇന്നലെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 21-ാം ഓവറില്‍ നടന്നത്. ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ പന്തില്‍ എല്‍ഗാറിനെ ഫീല്‍ഡ് അമ്പയര്‍ മരാസ് ഇരാസ്മസ് എല്‍.ബി.ഡബ്ല്യു. വിധിച്ചതാണ്. താന്‍ പ്ലമ്പ് ആയെന്നു കരുതി തിരിഞ്ഞു നടന്ന എല്‍ഗാര്‍ അവസാന നിമിഷം ഡി.ആര്‍.എസ്. എടുക്കാന്‍ തീരുമാനിച്ചതോടെയാണ് നാടകീയ സംഭവങ്ങള്‍ ആരംഭിച്ചത്.

പന്ത് പ്രതിരോധിക്കാനുള്ള എല്‍ഗാറിന്റെ ശ്രമം പാളുകയും ബാറ്റിനെ മറികടന്നു പന്ത് താരത്തിന്റെ പാഡില്‍ തട്ടുകയുമായിരുന്നു. ക്ലീന്‍ വിക്കറ്റ് എന്നു എല്ലാവരും ഉറപ്പിച്ച നിമിഷം. ഇന്ത്യന്‍ താരങ്ങള്‍ ആഘോഷം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഡി.ആര്‍.എസില്‍ അവിശ്വസനീയ ദൃശ്യങ്ങളാണ് കണ്ടത്.

പന്ത് പിച്ച് ചെയ്ത് ബാറ്റില്‍ സ്പര്‍ശിക്കാതെ എല്‍ഗാറിന്റെ പാഡില്‍ പതിക്കുന്നതുവരെ എല്ലാം കൃത്യം. എന്നാല്‍ =ോള്‍ ട്രാക്കിങ് എടുത്തപ്പോള്‍ സ്ഥിരം സ്റ്റാന്‍ഡില്‍ നിന്ന് ഏറെ കുനിഞ്ഞു പ്രതിരോധിച്ച എല്‍ഗാറിന്റെ പാഡില്‍ തട്ടിയ പന്ത് ട്രാക്കിങ്ങില്‍ സ്റ്റംപിനു മുകളിലൂടെ പോകുമെന്നായിരുന്നു കണ്ടത്. അമ്പയര്‍ ഇരാസ്മസ് ഉള്‍പ്പടെ അന്തംവിട്ടുപോയ ട്രാക്കിങ്. അദ്ദേഹത്തിനു തന്റെ തീരുമാനം തിരുത്തേണ്ടി വരുകയും ചെയ്തു.

തന്റെ തീരുമാനം തിരുത്തുമ്പോള്‍ 'ഇത് സംഭവ്യം... തികച്ചും അസംഭവ്യം' എന്ന് ഇരാസ്മസ് പറയുന്നത് സ്റ്റംപ് മൈക്കില്‍ വ്യകതമായി കേള്‍ക്കാമായിരുന്നു. കിട്ടിയെന്നു കരുതിയ വിക്കറ്റ് കൈവിട്ടുപോയതില്‍ ഇന്ത്യന്‍ താരങ്ങളും പ്രതികരിക്കാന്‍ മറന്നില്ല.

ബ്രോഡ്കാസ്റ്റര്‍മാരായ സൂപ്പര്‍ സ്‌പോര്‍ട്‌സിനെതിരേയാണ് ഇന്ത്യന്‍ താരങ്ങള്‍ പ്രതികരിച്ചത്. പരസ്യമായി സ്റ്റംപ് മൈക്കിന് അടുത്തുവന്ന് ഇന്ത്യന്‍ താരങ്ങള്‍ പ്രതിഷേധം അറിയിച്ചു. 'ഒരു രാജ്യം മുഴുവന്‍ 11 പേര്‍ക്കെതിരേ'' എന്നായിരുന്നു ഉപനായകന്‍ കെ.എല്‍. രാഹുല്‍ തുറന്നടിച്ചത്.

കളത്തില്‍ ആക്രമണോത്സുകതയുടെ പര്യായമായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തന്റെ സ്ഥിരം ശൈലിയില്‍ തന്നെ പ്രതികരിച്ചു. മൂന്നാം അമ്പയറിന്റെ 'നോട്ട് ഔട്ട്' എന്ന വിധി പ്രസ്താവം കേട്ടയുടന്‍ തന്നെ നിരാശയോടെ ഗ്രൗണ്ടില്‍ ആഞ്ഞുതൊഴിച്ച കോഹ്‌ലി നേരെ മൈക്ക് സ്റ്റംപിന് അടുത്തുചെന്ന് 'നിങ്ങളുടെ ടീമംഗങ്ങള്‍ പന്ത് മിനുക്കുമ്പോള്‍ ക്യാമറ അവര്‍ക്കു നേരെയും തിരിക്കൂ. അല്ലാതെ എതിര്‍ ടീമിനെ മാത്രം നോക്കിയാല്‍ മതിയോ? എല്ലാവരെയും ഒരുപോലെ നോക്കേണ്ടേ?' എന്നു ബ്രോഡ്കാസ്റ്റര്‍മാരോടു കുപിതനായി ചോദിക്കുന്നതും കേള്‍ക്കാമായിരുന്നു.

ബൗളര്‍ അശ്വിന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സിനെ പേരെടുത്തു പറഞ്ഞു തന്നെ വിമര്‍ശിച്ചു. 'ജയിക്കാന്‍ ഇതിലും നല്ല മാര്‍ഗങ്ങള്‍ നോക്കൂ സൂപ്പര്‍സ്‌പോര്‍ട്ട്' എന്നായിരുന്നു അശ്വിന്റെ വാക്കുകള്‍. 'പണമുണ്ടാക്കുകയാണ് ബ്രോഡ്കാസ്റ്റര്‍മാരുടെ ലക്ഷ്യ'മെന്നായിരുന്നു മറ്റൊരു താരത്തിന്റെ പ്രതികരണം. എന്തായാലും സംഭവം വിവാദമായിരിക്കുകയാണ്. ഈ ഡി.ആര്‍.എസ്. തീരുമാനത്തിനെതിരേ ഐ.സി.സിക്ക് ടീം ഇന്ത്യ ഔദ്യോഗികമായി പരാതി നല്‍കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍.

Next Story

Popular Stories