Top

ഇനി ന്യൂസിലന്‍ഡ് ജയിച്ചാല്‍ എന്തു ചെയ്യും? ''പെട്ടിയും കിടക്കയുമെടുത്ത് വീട്ടില്‍പോകും'', തഗ് മറുപടിയുമായി ഇന്ത്യന്‍ താരം

നാളെ ജയം ന്യൂസിലന്‍ഡിനൊപ്പം നിന്നാല്‍...? ഈ ചോദ്യമാണ് ഇന്നലെ സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് ആയ ശേഷം വാര്‍ത്താ സമ്മേളനത്തിന് എത്തിയ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ നേരിട്ടത്.

6 Nov 2021 1:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി ന്യൂസിലന്‍ഡ് ജയിച്ചാല്‍ എന്തു ചെയ്യും? പെട്ടിയും കിടക്കയുമെടുത്ത് വീട്ടില്‍പോകും, തഗ് മറുപടിയുമായി ഇന്ത്യന്‍ താരം
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടു തോല്‍വികളെത്തുടര്‍ത്ത് പുറത്തേക്കുള്ള വാതില്‍പ്പടിയില്‍ എത്തിയ ടീം ഇന്ത്യ അവസാനം നടന്ന രണ്ടു മത്സരങ്ങളില തകര്‍പ്പന്‍ ജയം നേടി പ്രതീക്ഷയുടെ കച്ചിത്തുരുമ്പില്‍ പിടിമുറുക്കിയിരിക്കുകയാണ്. ഇന്നലെ സ്‌കോട്ട്‌ലന്‍ഡിനെതിരായ കൂറ്റന്‍ ജയത്തോടെ റണ്‍റേറ്റില്‍ ഗ്രൂപ്പിലെ മറ്റംഗങ്ങളെക്കാള്‍ മുന്നിലെത്തിയെങ്കിലും സെമി സാധ്യത ഇപ്പോഴും അകലെയാണ്.

ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണമെങ്കില്‍ അഫ്ഗാനിസ്ഥാന മനസുവയ്ക്കണമെന്ന നിലയിലാണ് സാഹചര്യങ്ങള്‍. നാളെ നടക്കുന്ന മത്സരത്തില്‍ അഫ്ഗാന്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തിയാല്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയയ്‌ക്കെതിരായ മികച്ച ജയം ഇന്ത്യക്ക് അവസാന നാലില്‍ സ്ഥാനമുറപ്പാക്കും.

എന്നാല്‍ നാളെ ജയം ന്യൂസിലന്‍ഡിനൊപ്പം നിന്നാല്‍...? ഈ ചോദ്യമാണ് ഇന്നലെ സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് ആയ ശേഷം വാര്‍ത്താ സമ്മേളനത്തിന് എത്തിയ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ നേരിട്ടത്. അതിന് താരം നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

''ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാനോട് തോറ്റാല്‍ നമ്മുക്ക് സാധ്യതയുണ്ട് എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാനെ ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയാലോ?'' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ''എങ്കില്‍ പിന്നെ ബാഗ് പാക്ക് ചെയ്ത് വീട്ടില്‍ പോകും. അല്ലതെന്തു ചെയ്യാന്‍'' എന്നായിരുന്നു ജഡേജ നല്‍കിയ മറുപടി. ഇതു വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് ഈ വീഡിയോ മാത്രം കട്ട് ചെയ്ത് രസകരമായ അടിക്കുറിപ്പോടെ ട്വിറ്ററില്‍ പങ്കുവെക്കുന്നത്.


സ്‌കോട്ട്‌ലന്‍ഡിനെതിരേ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. സ്‌കോട്ടിഷ് ടീം നല്‍കിയ 86 റണ്‍സ് വിജയലക്ഷം ഇന്ത്യ 6.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് കൂറ്റന്‍ ജയം നേടിയത്. ട്വന്റി 20 ക്രിക്കറ്റ് ബാക്കി നില്‍ക്കുന്ന പന്തുകളുടെ എണ്ണത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ ജയമാണിത്. ഇന്നലെ ഇന്ത്യ വിജയലക്ഷ്യം മറികടക്കുമ്പോള്‍ 81 പന്തുകള്‍ ബാക്കിയായിരുന്നു.




Next Story

Popular Stories