വീണ്ടും ഫേസ് സ്വാപ്പുമായി വാര്‍ണര്‍; ഇന്ത്യന്‍ ആരാധകരെ കൈയിലെടുക്കാന്‍ മിടുക്കന് - വീഡിയോ
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി, ഓസ്ട്രേലിയന്‍ മുന്‍ താരം മിച്ചല്‍ ജോണ്സണ് എന്നിവരൊക്കെ വാര്‍ണറിന്റെ ഈ വീഡിയോയ്ക്കു കീഴില്‍ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.
12 Dec 2021 6:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആഘോഷത്തിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍. തങ്ങളുടെ കോട്ടയായ ഗാബയില്‍ വച്ചു തങ്ങളെ തകര്‍ക്കുമെന്നു പറഞ്ഞെത്തിയ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചതിന്റെ ആഘോഷം അവര്‍ പൊടിപൊടിക്കുമ്പോള്‍ അതിനിടയില്‍ ഇന്ത്യന്‍ ആരാധകരെ കൈയിലെടുക്കാനുള്ള പൊടിക്കൈകള്‍ പ്രയോഗിക്കുകയാണ് ഓസീസ് ടീമിലെ ഒരു സൂപ്പര്‍ താരം.
തന്റെ മിന്നുന്ന പ്രകടനങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ആരാധകരെ കൈയിലെടുത്ത ഓസ്ട്രേലിയയുടെയും ഐ.പി.എല്‍. ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെയും സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് താരം. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ 94 റണ്‍സ് നേടിയ വാര്‍ണര്‍ പരുക്കുമൂലം രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല.
പരുക്കിനെത്തുടര്‍ന്നു ലഭിച്ച ഇടവേളയിലാണ് വാര്‍ണറിന്റെ പൊടിക്കൈ പ്രയോഗങ്ങള്‍. സണ്‍റൈഴേ്സ് താരമായ വാര്‍ണറിന് ഹൈദരാബാദില്‍ ഒരുപാട് ആരാധകരുണ്ട്. ഇവരെ സന്തോഷിപ്പിക്കാനായി തെലുങ്ക് സൂപ്പര്‍ താരങ്ങളുടെ നൃത്തച്ചുവടുകള്‍ അനുകരിച്ചും അഭിനയിച്ചും വാര്‍ണര്‍ മുമ്പും രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ഫേസ് സ്വാപ്പ് വഴി ഒരു തെലുങ്കു ഗാനത്തില്‍ 'അഭിനയിച്ചാണ്' വാര്‍ണര്‍ ഞെട്ടിച്ചിരിക്കുന്നത്.
തെലുങ്കു സൂപ്പര്‍ താരം അല്ലു അര്ജുന് അഭിനയിച്ച ഗാനമാണ് ഇതിനായി വാര്‍ണര്‍ തെരഞ്ഞെടുത്തത്. ഇതില്‍ അല്ലു അര്‍ജുന്റെ മുഖത്തിനു പകരം തന്റെ മുഖമാണ് വാര്‍ണര്‍ ഫേസ് സ്വാപ് വഴി കൂട്ടിച്ചേര്‍ത്തത്. എഡിറ്റിങ് അത്ര ഭംഗിയായില്ലെങ്കിലും താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ട് ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി, ഓസ്ട്രേലിയന്‍ മുന്‍ താരം മിച്ചല്‍ ജോണ്സണ് എന്നിവരൊക്കെ വാര്‍ണറിന്റെ ഈ വീഡിയോയ്ക്കു കീഴില്‍ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. 'കുഴപ്പമൊന്നുമില്ലല്ലോ സുഹൃത്തെ'' എന്നായിരുന്നു കോഹ്ലിയുടെ കമന്റെങ്കില് 'ഒന്നു നിര്‍ത്തൂ... പ്ലീസ്' എന്നായിരുന്നു ജോണ്സണ് കമന്റിട്ടത്.